കോഴിക്കോട്: മുഖ്യമന്ത്രിയുടെയും പ്രൈവറ്റ് സെക്രട്ടറിയുടെയും പേരുപറഞ്ഞ് സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി. ശശിയുടെ സഹോദരൻ കണ്ണൂർ മാവിലായി ശ്രേയസ് തലാശേരി വീട്ടിൽ പി. സതീശൻ പണം തട്ടിയെന്ന കേസിൽ എഫ്‌ഐആറിൽ തിരിമറി നടന്നതായി ആക്ഷേപം. മുഖ്യമന്ത്രി പിണറായി വിജയന്റെയും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്റെയും പേരു പറഞ്ഞാണു സതീശൻ ജോലി വാഗ്ദാനം ചെയ്തതെന്നായിരുന്നു പരാതിക്കാരുടെ ആരോപണം. എന്നാൽ ഇക്കാര്യം മാധ്യമങ്ങളിലുൾപ്പെടെ ചർച്ചയായിട്ടും മുഖ്യമന്ത്രിയെ പറ്റിയോ ഓഫീസിനെ പറ്റിയോ പരാമർശങ്ങൾ ഒഴിവാക്കിയാണ് എഫ്‌ഐആർ തയ്യാറാക്കിയിട്ടുള്ളത്.

ഇക്കാര്യം പൊലീസിനോടും മാധ്യമങ്ങളോടും പരാതിക്കാർ ആവർത്തിച്ചിരുന്നു. മുഖ്യമന്ത്രിയെപ്പറ്റിയോ പ്രൈവറ്റ് സെക്രട്ടറിയെക്കുറിച്ചോ പ്രഥമ വിവര റിപ്പോർട്ടിൽ പരാമർശമില്ല എന്നത് കേസ് അട്ടിമറിക്കാനും കുറ്റകൃത്യം ലഘൂകരിക്കാനുമുള്ള നീക്കമാണെന്നാണ് വിലയിരുത്തൽ വരുന്നത്. എട്ടു മാസം മുൻപു പരാതിക്കാരിയുടെ ബന്ധുവിൽനിന്നു ജോലി ശരിയാക്കാമെന്നു പറഞ്ഞ് സതീശൻ രണ്ടു ലക്ഷം രൂപ കൈപ്പറ്റിയെന്നും പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്‌ഐആറിലുള്ളത്.

എന്നാൽ, പരാതിക്കാർ തന്ന മൊഴിയനുസരിച്ചാണ് എഫ്‌ഐആർ തയാറാക്കിയതെന്നും അവരെ വായിച്ചു കേൾപ്പിച്ച് ഒപ്പിടീപ്പിച്ചിട്ടുണ്ടെന്നും ആണ് എസ്‌ഐ വി. സിജിത്ത് പറയുന്നത്. അതേസമയം, മുഖ്യമന്ത്രിയുടെ പേരിൽ തട്ടിപ്പ് നടത്തുകയും അത് ചെയ്തതുതന്നെ സിപിഎം മുൻ ജില്ലാ സെക്രട്ടറിയുടെ സഹോദരനാണെന്ന് വരികയും ചെയ്തിട്ടും അത് കൂടുതൽ വകുപ്പുകൾ ചുമത്താവുന്ന കുറ്റകൃത്യമാണ്. എന്നാൽ വെറും റിക്രൂട്ട്‌മെന്റ് തട്ടിപ്പെന്ന നിലയിൽ മാത്രം കുറ്റകൃത്യം ചുമത്താനാണ് നീക്കമെന്നാണ് ആക്ഷേപം.

പരാതി ലഭിച്ചതോടെ ഇക്കഴിഞ്ഞ മെയ് ആദ്യവാരമാണ് സതീശനെ പൊലീസ് അറസ്റ്റുചെയ്യുന്നത്. മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും പേരിൽ സാമ്പത്തിക തട്ടിപ്പു നടത്തിയെന്നായിരുന്നു ആരോപണം. ഇത്തരത്തിൽ പല നേതാക്കളുടേയും പേരുപറഞ്ഞ് തട്ടിപ്പുകൾ നടത്തിവന്നിരുന്നതായും പിന്നീട് വിവരം പുറത്തുവന്നു. എന്നാൽ രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിവാദം ഈ അറസ്റ്റിന് പിന്നിൽ ഇല്ലെന്ന് വ്യക്തമായിരുന്നു. വർഷങ്ങൾക്ക് മുമ്പ് തന്നെ സഹോദരൻ പി ശശിയുമായുള്ള ബന്ധം അവസാനിപ്പിച്ച വ്യക്തിയാണ് സതീശൻ. എന്നാൽ, തട്ടിപ്പുകൾ നടത്താൻ വേണ്ടി സഹോദരന്റെ പേര് ശരിക്കും ഉപയോഗിക്കുകയായിരുന്നു സതീശൻ.

പി ശശി കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലേക്ക് മത്സരിക്കുന്ന വേളയിൽ തന്നെ സഹോദരൻ പി സതീശനെതിരെ തട്ടിപ്പ് ആരോപണങ്ങൾ ഉയർന്നിരുന്നു. അന്ന് ഗൾഫിലേക്ക് ആളെ റിക്രൂട്ട് ചെയ്യാനെന്ന പേരിൽ സാമ്പത്തിക തട്ടിപ്പു നടത്തുകയായിരുന്നു. ഇതിൽ പാർട്ടി സഖാക്കൾ അടക്കം നിരവധി പേർ വീഴുകയും ചെയ്തു. അന്ന് മുതൽ പി ശശി സഹോദരനെ പുറംതള്ളിയിരുന്നു.

മൊറാഴയിലെ കുടുംബത്തിലും സതീശൻ പുകഞ്ഞ കൊള്ളിയാണ്. എന്തിലും തല തരികിട പരിപാടികളുമായി സജീവമായി വിലസുകയായിരുന്നു ഇയാൾ. എന്നാൽ മുഖ്യമന്ത്രിയുടെ പേര് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്ന വിവരം ഉൾക്കൊള്ളിക്കാതെ ഇപ്പോൾ എഫ്‌ഐആർ രജിസ്റ്റർ ചെയയത് ഇയാളുടെ ശിക്ഷ ലഘൂകരിക്കുംവിധം വകുപ്പുകൾ ചേർക്കാനാണോ എന്ന ചോദ്യമാണ് ഉയരുന്നത്.