കോഴിക്കോട്: പ്രണയം പോലും പുരുഷ മേധാവിത്വത്തിന്റെ അക്രമണോൽസുകതയുടെ പ്രതീകമായി മാറിയെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. പെൺകുട്ടി തനിക്ക് അധീനതയിലാകണം എന്ന ചിന്തയാണ് പലർക്കും. പാലാ കോളേജിലെ സംഭവം ഞെട്ടിപ്പിച്ചു. സ്ത്രീകളുടെ വിഷയങ്ങൾ ഗൗരവമായി തന്നെ ഏറ്റെടുക്കുമെന്നും സതീദേവി പറഞ്ഞു.

കമ്മീഷനെ ശക്തമാക്കാൻ നിയമ ഭേദഗതി അനിവാര്യമാണ്. മാധ്യമങ്ങളിലെ സ്ത്രീ സമത്വം സംബന്ധിച്ച് മാർഗ്ഗരേഖയുടെ കരട് തയാറാക്കി സോഷ്യൽ മീഡിയകളെ നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്താനും സർക്കാരിന് ശുപാർശ ചെയ്യും. വനിതാ മാധ്യമപ്രവർത്തകർക്ക് സുരക്ഷിതത്വവും നിയമ പരിരക്ഷയും ഉറപ്പാക്കുന്നതിനായി ശ്രമിക്കും.

ഒക്ടോബർ 25 നു ഏകദിന ശില്പശാലയോടെ റിപ്പോർട്ട് പൂർത്തിയാക്കും. വനിതാ കമ്മീഷന് എറണാകുളത്തും റീജിയണൽ ഓഫീസ് തുടങ്ങും.ആരോഗ്യകരമായ കുടുംബബന്ധത്തിനായി വിവാഹ പൂർവ കൗൺസിലിങ് എല്ലാ ജില്ലയിലും നടപ്പിലാക്കും. കംമീഷന്റെ ഉത്തരവ് നടപ്പാക്കാൻ പലപ്പോഴും പൊലീസ് സഹകരിക്കുന്നില്ലെന്നും ഇത് മാറ്റാൻ നടപടി എടുക്കുമെന്നും സതീദേവി കൂട്ടിച്ചേർത്തു.

ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് പറയുന്നത് എന്താണെന്ന് പോലും മനസിലാക്കാൻ പലർക്കും കഴിയുന്നില്ല. ആരോഗ്യകരമായ ലൈംഗിക അറിവ് പകർന്നു നൽകേണ്ടതുണ്ട്. കൃത്യമായ സ്ത്രീ പക്ഷ നിലപാടുമായി മുന്നോട്ട് പോകും. രാഷ്ട്രീയം എല്ലാവർക്കുമുണ്ട്. അരാഷ്ട്രീയവാദം അപകടമാണെന്നും അവർ പറഞ്ഞു.

എംഎസ്എഫ് നേതാവിനെതിരെ ലൈംഗിക അധിക്ഷേപ പരാതി നൽകിയ ഹരിത ഭാരവാഹികളുമായി വരുന്ന തിങ്കളാഴ്ച സിറ്റിങ് നടത്തും. പരാതിക്കാരെ കേട്ടതിനുശേഷം മാത്രമേ തുടർ നടപടികളെടുക്കൂ എന്നും കാലിക്കറ്റ് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സതീദേവി പറഞ്ഞു.