- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി.സതീദേവി വനിതാ കമ്മീഷൻ അധ്യക്ഷയാവും; 'രണ്ട് മാസത്തിന് ശേഷം' ജോസഫൈന് പകരക്കാരിയെ കണ്ടെത്തി സിപിഎം; സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണ; മുൻ വടകര എം പി സ്ഥാനമേൽക്കുന്നത് സ്ത്രീധന പീഡനക്കേസുകളും ആത്മഹത്യകളും വർദ്ധിക്കുന്നതിനിടെ
തിരുവനന്തപുരം: സിപിഎം നേതാവും മുൻ എംപിയുമായ പി.സതീദേവി വനിതാ കമ്മീഷൻ അധ്യക്ഷയാവും. സതീദേവിയെ വനിതാ കമ്മീഷനിൽ നിയമിക്കുന്ന കാര്യത്തിൽ സിപിഎമ്മിൽ ധാരണയായി. ചൊവ്വാഴ്ച ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് സതീദേവിയെ വനിതാ കമ്മീഷൻ അധ്യക്ഷയായി നിയമിക്കാൻ തീരുമാനിച്ചത്. സംസ്ഥാനകമ്മറ്റി അന്തിമതീരുമാനമെടുക്കും.
2004-ൽ വടകര ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഒരു ലക്ഷത്തിലേറെ വോട്ടുകൾക്ക് ജയിച്ചിരുന്നു. എന്നാൽ 2009-ൽ അവർ മുല്ലപ്പള്ളി രാമചന്ദ്രനോട് പരാജയപ്പെട്ടു. നിലവിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയാണ് പി.സതീദേവി. സിപിഎം സംസ്ഥാന സമിതി അംഗമായ പി ജയരാജന്റെ സഹോദരിയും അന്തരിച്ച സിപിഎം നേതാവ് എം ദാസന്റെ ഭാര്യയുമാണ്.
അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന കാര്യം അനൗദ്യോഗികമായി സതീദേവിയെ പാർട്ടി അറിയിച്ചിട്ടുണ്ട്. എന്നാൽ നിയമപരമായ നടപടികൾ പൂർത്തിയാക്കി ഗവർണറുടെ അനുമതിയോടെ മാത്രമേ പുതിയ ആളെ പ്രഖ്യാപിക്കൂ എന്നാണ് വിവരം.
ജോസഫൈൻ രാജിവച്ച സാഹചര്യത്തിലാണ് പുതിയ അധ്യക്ഷയെ തെരഞ്ഞെടുക്കേണ്ടിവന്നത്. ജോസഫൈൻ ഒഴിഞ്ഞ ശേഷം രണ്ട് മാസമായി വനിതാ കമ്മീഷന് അധ്യക്ഷയില്ലാത്ത അവസ്ഥയായിരുന്നു. ചാനൽപരിപാക്കിടെ ഫോൺ വിളിച്ച് സഹായം തേടിയ യുവതിയോട് മോശമായി പെരുമാറിയതിന്റെ പേരിലാണ് ജോസഫൈന് രാജിവെക്കേണ്ടി വന്നത്.
വനിതകൾക്കെതിരെയുള്ള അക്രമത്തിനെതിരെ സംസ്ഥാന സർക്കാർ വിപുലമായ പ്രചാരണ പരിപാടികൾ നടത്താൻ ആലോചന നടത്തുന്നതിനിടെയാണ് വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനത്തേക്ക് സതീദേവിയെ നിയോഗിക്കുന്നത്.
സ്ത്രീധനപീഡനക്കേസുകളും ആത്മഹത്യകളും തുടർച്ചയായി നടക്കുന്ന സാഹചര്യത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുന്നത് നിയമസഭയിൽ അടക്കം പലവട്ടം ചോദ്യം ഉയർന്നിരുന്നു. നടപടികൾ സ്വീകരിച്ചുവരികയാണെന്ന മറുപടിയാണു സർക്കാരിൽനിന്നു ലഭിച്ചത്.
ഷിജി ശിവജി, എം.എസ്.താര, ഇ.എം.രാധ, ഷാഹിദ കമാൽ എന്നീ നാല് അംഗങ്ങളാണു നിലവിൽ കമ്മിഷനിലുള്ളത്. സ്ഥിരം അധ്യക്ഷയുടെ അഭാവത്തിൽ ഓരോ യോഗത്തിലും ഇവർ ഓരോരുത്തരുമാണ് അധ്യക്ഷ സ്ഥാനം വഹിച്ചുവരുന്നത്. ഇക്കൂട്ടത്തിൽ ഷാഹിദ കമാൽ പിഎച്ച്ഡി വിവാദത്തിലും സെൽഫി വിവാദത്തിലും ചെന്നു പെട്ടിരുന്നു.
'അനുഭവിച്ചോ' വിവാദത്തിന്റെ പേരിൽ രാജി വയ്ക്കേണ്ടിവന്ന കേന്ദ്ര കമ്മിറ്റിയംഗം എം.സി.ജോസഫൈനു പകരം ആരെ നിയമിക്കുമെന്നതിൽ ആശയക്കുഴപ്പത്തിലായിരുന്നു സിപിഎം നേതൃത്വം. മുഴുവൻസമയ പാർട്ടി പ്രവർത്തക വേണോ, പാർട്ടിക്കു പുറത്തുനിന്നു നിയമപരിജ്ഞാനമുള്ളയാൾ വേണോ എന്ന സംശയത്തിലായിരുന്നു പാർട്ടി. വിമർശനങ്ങൾ ഉയർന്നതോടെയാണ് സതീദേവിയെ നിയമിക്കാൻ തീരുമാനമായത്.
ചാനലിന്റെ ഫോൺ പരിപാടിയിൽ ഗാർഹിക പീഡനത്തെക്കുറിച്ചു പരാതി പറയാൻ വിളിച്ച സ്ത്രീയോടു മോശമായി പെരുമാറിയതാണ് എം.സി. ജോസഫൈന്റെ രാജിയിലേക്കു നയിച്ചത്. ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും ഉപദ്രവത്തെക്കുറിച്ചു പൊലീസിനെ അറിയിച്ചില്ലെന്നു പരാതിക്കാരി പറഞ്ഞപ്പോൾ, 'എന്നാൽ പിന്നെ അനുഭവിച്ചോ കേട്ടോ' എന്നായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷയുടെ പ്രതികരണം. ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. സിപിഎം നേതൃത്വത്തിനും അതൃപ്തിയുണ്ടായതോടെ തിടുക്കപ്പെട്ട് പാർട്ടി രാജി വയ്പിക്കുകയായിരുന്നു. വനിതാ കമ്മിഷന്റെ ചരിത്രത്തിൽ ഇങ്ങനെയൊരു പുറത്തുപോക്ക് ആദ്യമായിരുന്നു.
അഞ്ചു മുൻ വനിതാ കമ്മിഷൻ അധ്യക്ഷരിൽ പാർട്ടിയിൽ ഉയർന്ന പദവിയുള്ളയാൾ എം.സി.ജോസഫൈനായിരുന്നു. പാർട്ടിയിലെ വിഭാഗീയ ബലാബലത്തിൽ വി എസ്.അച്യുതാനന്ദനൊപ്പം നിലയുറപ്പിച്ച നേതാവാണ് എം.സി.ജോസഫൈൻ. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ വി എസ്. പാർട്ടിയിലും സർക്കാരിലും അപ്രസക്തനായി മാറിയിരുന്നു. വി എസ് വിഭാഗത്തെ തൃപ്തിപ്പെടുത്തുക എന്ന ഉദ്ദേശ്യവും വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനത്ത് ജോസഫൈന്റെ നിയമനത്തിനു പിന്നിലുണ്ടായിരുന്നു. മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തക അധ്യക്ഷ സ്ഥാനത്തുവന്നാൽ സ്ത്രീകളുടെ പ്രശ്നങ്ങളിൽ കൂടുതലായി ഇടപെടാൻ കഴിയുമെന്നതായിരുന്നു പാർട്ടി പുറത്തുപറഞ്ഞ ന്യായീകരണം. എന്നാൽ അധ്യക്ഷ സ്ഥാനത്തിരുന്നു തുടർച്ചയായി ജോസഫൈൻ വിവാദങ്ങളുണ്ടാക്കിയതോടെ, രാഷ്ട്രീയ നേതാവിനെ വച്ചുള്ള വനിതാ കമ്മിഷൻ അധ്യക്ഷ പരീക്ഷണം പാളിയെന്നു നേതൃത്വം തിരിച്ചറിഞ്ഞു.
1996ൽ കവയത്രി സുഗതകുമാരി അധ്യക്ഷയായി തുടങ്ങിയതാണു സംസ്ഥാനത്തെ വനിതാ കമ്മിഷൻ. ജസ്റ്റിസ് ഡി.ശ്രീദേവി, എം.കമലം, കെ.സി.റോസക്കുട്ടി എന്നിവർ ജോസഫൈനു മുൻപ് അധ്യക്ഷ സ്ഥാനം വഹിച്ചു. ഇതിൽ ഡി. ശ്രീദേവി രണ്ടു തവണയായി ആറു വർഷം അധ്യക്ഷ സ്ഥാനത്തിരുന്നിട്ടുണ്ട്. 2017ൽ നിയമിക്കപ്പെട്ട എം.സി.ജോസഫൈൻ കാലാവധി തീരാൻ ഒരു വർഷം ബാക്കി നിൽക്കേയാണു രാജിവച്ചത്. ഏറ്റവുമധികം കാലം കമ്മിഷൻ അംഗമായിരുന്ന റെക്കോർഡ് നൂർബിന റഷീദിനാണ്. ആദ്യത്തെ വനിതാ കമ്മിഷനിലും അംഗമായിരുന്ന നൂർബിന, മൂന്നു കമ്മിഷനുകളുടെ കാലത്ത് അംഗമായിരുന്നിട്ടുണ്ട്.
സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അക്രമങ്ങൾക്കെതിരെ സർക്കാർ വലിയ പ്രചാരണ പരിപാടി തുടങ്ങിവച്ചിട്ടുണ്ട്. ഇത്തരം കേസുകളിൽ അതിവേഗ വിചാരണ നടത്താൻ പ്രത്യേക കോടതി സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകളും നടക്കുന്നുണ്ട്. സ്ത്രീധനത്തിനെതിരെ ഗവർണർ നടത്തിയ ഉപവാസം വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആഡംബര വിവാഹങ്ങൾക്കെതിരെയുള്ള ബിൽ വനിതാശിശുവികസന വകുപ്പിന്റെ പരിഗണനയിലാണ്. ഈ സാഹചര്യത്തിൽ എത്രയും വേഗം അധ്യക്ഷയെ കണ്ടെത്താൻ സിപിഎം നിർബന്ധിതമായിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ