- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലസ് വൺ പ്രവേശനത്തിൽ സർക്കാർ വിദ്യാഭ്യാസ കച്ചവടത്തിന് കൂട്ടുനിൽക്കുന്നുവെന്ന് പി സുധീർ; സർക്കാർ മേഖലയിൽ അധിക സീറ്റുകളും പുതിയ ബാച്ചുകളും അനുവദിക്കണമെന്ന് ബിജെപി
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ കച്ചവടമാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീർ. സ്വകാര്യ മാനേജ്‌മെന്റുകൾ പറയുന്ന പണത്തിന് പഠിക്കേണ്ട സാഹചര്യത്തിലാണ് പാവപ്പെട്ട കുട്ടികൾ.
1998ലെതിന് സമാനമായ പ്ലസ് വൺ അഴിമതിയാണ് കേരളം ഇപ്പോൾ നേരിടുന്നത്. മെറിറ്റിനെ അട്ടിമറിച്ചുകൊണ്ടുള്ള പ്ലസ് വൺ പ്രവേശനമാണ് കേരളത്തിൽ നടക്കുന്നതെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഒരുലക്ഷത്തോളം വിദ്യാർത്ഥികൾക്കാണ് ഇത്തവണ സീറ്റില്ലാത്ത സാഹചര്യമാണുള്ളത്. ഈ വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച മുഴുവൻ വിഷയത്തിനും എ-പ്ലസ് കിട്ടിയ കുട്ടികളുടെ എണ്ണം മൂന്നിരട്ടി വർദ്ധിച്ചു.
ഗ്രേഡ് നിർണയത്തിലെ അശാസ്ത്രീയതയാണ് ഇതിന് കാരണം. കേരളത്തിൽ സയൻസ് ഗ്രൂപ്പുകൾക്കായി അപേക്ഷിച്ചവരുടെ എണ്ണം രണ്ടരലക്ഷത്തോളമാണ്. സർക്കാർ സീറ്റുകൾ വളരെ പരിമിതമാണ്. മിടുക്കന്മാരായ വിദ്യാർത്ഥികൾ എങ്ങനെ പഠിക്കും എവിടെ പഠിക്കുമെന്ന്‌ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയണം. ഇഷ്ടവിഷയം കിട്ടാത്ത സാഹചര്യത്തിൽ കടുത്ത മാനസിക സമ്മർദ്ദത്തിലാണ് സംസ്ഥാനത്തെ പ്രതിഭാധനരായ കുട്ടികൾ. ഇത് കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ ഗുരുതരമായി ബാധിക്കും.
ഗവേഷണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. എന്നാൽ സ്വകാര്യ മാനേജ്‌മെന്റുകൾക്ക് നേട്ടമുണ്ടാക്കലാണ് സർക്കാരിന്റെ ലക്ഷ്യം. സ്വതവേ പ്ലസ് വൺ സീറ്റുകൾ കുറവായതിനാൽ മലബാർ മേഖലയിൽ ഈ വർഷത്തോടെ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സീറ്റുകൾ 1, 16,000 മാത്രമാണ്. അപേക്ഷകരുടെ എണ്ണം പരിശോധിച്ച് അധിക സീറ്റുകളും പുതിയ ബാച്ചുകളും അനുവദിക്കണം. സർക്കാർ തന്നെ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ സർക്കാർ മേഖലയിൽ കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്ന് സുധീർ ആവശ്യപ്പെട്ടു.
നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട് ഉൾപ്പെടെ മറ്റു പല സംസ്ഥാനങ്ങളും എസ്.എസ്.എൽ.സി.പരീക്ഷ കോവിഡ് കാലത്ത് ഒഴിവാക്കിയിരിക്കുകയാണ്. പ്ലസ് വൺ പ്രവേശനത്തിന് നിരന്തര മൂല്ല്യ നിർണ്ണയത്തിന്റെ അടിസ്ഥാനത്തിൽ പ്രവേശനം അനുവദിക്കുകയാണ് അവർ ചെയ്തത്. തങ്ങളുടെ ഭരണകാലത്ത് വലിയ വിജയശതമാനവും കൂടുതൽ എ പ്ലസ് വിജയവുമുണ്ടായി എന്ന് വരുത്താൻ സ്വീകരിക്കുന്ന അപക്വമായ നടപടികൾ കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ തകർക്കുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസമന്ത്രി വെറും ഡമ്മിയാണെന്നും മുഖ്യമന്ത്രിയാണ് കാര്യങ്ങൾ എല്ലാ ചെയ്യുന്നതെന്നും സുധീർ ആരോപിച്ചു.