സുദീർഘവും സംശുദ്ധവുമായ പൊതുജീവിതത്തിലെ ഏറ്റവും വലിയ അഗ്‌നിപരീക്ഷയും പിന്നിട്ട് ഉമ്മൻ ചാണ്ടി. അതിവേഗക്കാരന് ഇനി തിരിഞ്ഞുനോക്കേണ്ടതില്ല. അഞ്ചുവർഷമെടുത്തു അദ്ദേഹത്തിന് ആരോപണ ശരങ്ങളുടെ കെട്ടുപൊട്ടിച്ച് അതിൽ നിന്നു പുറത്തുകടക്കാൻ. എഴുപതാം വയസിൽ എന്തൊക്കെയാണു കേട്ടത്? എന്തൊക്കെയാണ് എഴുതിപ്പിടിപ്പിച്ചത്? എന്തൊക്കെയാണ് ചർച്ച ചെയ്തത്? അപ്പോഴും അടിപതറിയില്ല. ആരോടും പൊട്ടിത്തെറിച്ചില്ല. ആരെയും കുറ്റപ്പെടുത്തിയില്ല. കാർമേഘങ്ങളിൽ നിന്ന് സത്യത്തിന്റെ സൂര്യൻ എന്നെങ്കിലും ഉദിച്ചുയരും എന്നതു മാത്രമായിരുന്നു പ്രതീക്ഷ.

ഹൈക്കോടതി ചീന്തിയെറിഞ്ഞ ആ കത്ത്.അതുണ്ടാക്കിയ സ്ഫോടനം എത്ര വലുതായിരുന്നു. ഉമ്മൻ ചാണ്ടിയെ ബഹിഷ്‌കരിക്കൽ, സെക്രട്ടേറിയറ്റിനു മുന്നിൽ രാപ്പകൽ സമരം, ക്ലിഫ് ഹൗസ് ഉപരോധം, നിയമസഭ സ്തംഭിപ്പിക്കൽ, സിഡി പിടിക്കാൻ കോയമ്പത്തൂരിലേക്ക് ആഘോഷമായ യാത്ര, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കാർന്നോരടെ വക ഹർജി. ഇതൊന്നും പോരാഞ്ഞിട്ടാണല്ലോ കണ്ണൂരിൽ വച്ച് കല്ലെറിഞ്ഞ് നെഞ്ചുങ്കൂട് കലക്കിയത്. സോളാർ കമ്മീഷനു മുന്നിൽ മുഖ്യമന്ത്രി ഒരു ദിവസം ഇരുന്നുകൊടുത്തത് 14 മണിക്കൂർ. അങ്ങനെ എത്രയെത്ര സിറ്റിംഗുകൾ. കേരളത്തിലെന്നല്ല ഇന്ത്യയിൽപോലും ഒരു പൊതുപ്രവർത്തകന് ഇത്രയുമധികം പീഡനങ്ങൾ സഹിക്കേണ്ടി വന്നിട്ടില്ലെന്ന് ഉറപ്പ്.

ഐക്യരാഷ്ട്രസംഘടനയുടെ ആദരവ് നേടിയെടുത്ത രാജ്യത്തെ ഒരേയൊരു മുഖ്യമന്ത്രി. ഊണും ഉറക്കവും ഉപേക്ഷിച്ച് ലക്ഷക്കണക്കിന് ആളുകൾക്ക് സാന്ത്വനവും സഹായവും എത്തിച്ച കാരുണ്യക്കടൽ. ആർക്കും എപ്പോൾ വേണമെങ്കിലും കടന്നുവരാവുന്ന തുറന്നിട്ട വാതിൽ. കേരളത്തിന്റെ സ്വപ്നപദ്ധതികൾക്ക് ജീവൻ പകർന്നുകൊടുത്ത വികസന നായകൻ. എന്നിട്ടും ഒരു വ്യാജക്കത്ത് മതിയായിരുന്നു കല്ലെറിയാൻ. ഒരു കുടുംബനാഥനാണെന്നുപോലും പരിഗണിച്ചില്ലല്ലോ. ദൈവമേ, ശത്രുക്കൾക്കുപോലും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ