കുടുംബത്തിനകത്ത് ലവ് മണ്ണാങ്കട്ടയാണ്. പലപ്പോഴും സൗഹൃദത്തിനകത്തും. അവനവൻ ഇച്ഛിക്കുന്നതു പോലെ അപരൻ പെരുമാറുന്നുവെങ്കിൽ മാത്രം നിലനിൽക്കുന്ന ഒരു കരിയില. ദാമ്പത്യത്തിന്റെ ആദ്യ നാളുകളിലോ, വിവാഹത്തിന്റെ ഒന്നാം വാർഷികത്തിലോ എടുത്ത ആ ഫോട്ടോയിലെ ചിരി, ജീവിതത്തിൽ നിന്ന് എന്നോ മാഞ്ഞു പോയിരിക്കും. പിന്നീട്, ചുമരിൽ തൂങ്ങി നിൽക്കുന്ന ആ ചിത്രത്തിലെ ചിരിയോളം വളിച്ചു പോയ ഒരു ചിരി വേറെയുണ്ടാകില്ല. സെക്സിന്റെ ലൈസൻസാണ് വിവാഹമെന്ന്, വിവാഹത്തിന് നിർവചനം നൽകിയവനാണ് മഹാൻ. സെക്സ് തീരുന്നതോടെ വിവാഹം തീരുന്നു. പിന്നെ സെക്സാണ് സകല കാലുഷ്യങ്ങളുടെയും കേന്ദ്രം.

ഖാലിദ് റഹ്മാൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ലവ് എന്ന സിനിമ കുടുംബങ്ങളിലെ ലവ് എന്ന വലിയ നുണയെ തുറന്നുകാട്ടുന്നു. ഇത്രയും സത്യസന്ധമായ ഒരു കുടുംബ ചിത്രം അടുത്തൊന്നും മലയാളത്തിൽ വന്നിട്ടില്ല. കാമുകിയോട് സാറ്റിസ്ഫൈഡ് ആയോ എന്ന് ചോദിക്കുന്ന പുരുഷൻ ഭാര്യയോട് അത് ചോദിക്കുന്നില്ല'. അവൾ പൂർണതൃപ്തയാണെന്ന് അവൻ വിശ്വസിക്കുന്നു. അതു കൊണ്ടാണ് സാറ്റിസ്ഫൈ ആയോ എന്ന് എപ്പോഴെങ്കിലും നീ എന്നോട് ചോദിച്ചിട്ടുണ്ടോ എന്ന് ദീപ്തി കയർക്കുമ്പോൾ അനൂപ് പതറുന്നത്. (അനൂപായി ഷൈൻ ടോം ചാക്കോയും ദീപ്തിയായി രജിഷ വിജയനും നന്നായി ചെയ്തു ).

സ്ത്രീകളെ ഉപദ്രവിക്കുന്നത് നിയമപരമായി കുറ്റമാണെന്നാണ് ആദ്യം എഴുതിക്കാണിക്കുന്നത്. തൊട്ടുപിന്നാലെ പുരുഷന്മാരെ ദേഹോപദ്രവം ഏൽപിക്കുന്നതും കറ്റകരമാണെന്ന് കണ്ടപ്പോൾ ഒരു പുതുമ തോന്നി. ഒരിക്കലെങ്കിലും ഭാര്യയെ കൊല്ലാൻ ആഗ്രഹിക്കാത്ത പുരുഷന്മാരുണ്ടോ എന്ന്, ഭാര്യയുടെ ചതിയും പീഡനവും സഹിക്കാത്ത ഒരു ഭർത്താവ് ചോദിക്കുന്നതു കേട്ടപ്പോൾ എന്നിലെ കാപട്യക്കാരനായ പുരുഷൻ ഉണർന്നു. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ പെണ്ണുണ്ടാക്കിയ നാണക്കേടിൽ നിന്ന് ഇതാ മോചനമായി.

സഹികെട്ട് ഭാര്യയെ കൊന്നു പോയ ഒരു പുരുഷന്റെയും ഭാര്യയെ കൊല്ലാൻ ആഗ്രഹിക്കുന്ന മറ്റ് രണ്ട് പുരുഷന്മാരുടെയും കഥയാണ് ലവ്. ഒരു പുരുഷന്റെ ഉള്ളിൽ മൂന്ന് പേരുണ്ട്. കുടുംബസ്ഥൻ, ജാരൻ, ഭീരു. എല്ലാ ജാരന്മാരും അതീവ ഭീരുക്കളാണ്. ഈ മൂന്ന് ഭാവങ്ങളെ ഒറ്റ ശരീരത്തിൽ നിന്ന് അടർത്തിയെടുത്തു മൂന്നായി അവതരിപ്പിക്കുന്നതിൽ ഖാലിദ് റഹ്മാൻ വിജയിച്ചിട്ടുണ്ട്. ഇന്നത്തെ കുടുംബം ഒരു ഫ്ലാറ്റാണല്ലോ. ഈ ഫ്ലാറ്റിനകത്തുനിന്ന് തുടക്കത്തിലും ഒട്ടക്കത്തിലും മാത്രമേ ജിംഷി ഖാലിദിന്റെ കാമറ പുറത്തുകടക്കുന്നുള്ളു. തുടക്കം മുതൽ ഒടുക്കം വരെ കഥയുടെ പിരിമുറുക്കം ചോർന്നു പോകാതിരിക്കാൻ നേഹ ഒരുക്കിയ ബാക്ക് ഗ്രൗണ്ട് സ്‌കോറിനും വലിയ പങ്കുണ്ട്.

ഇതിലെ പുരുഷൻ ഞാൻ തന്നെ ആയതു കൊണ്ട് എനിക്ക് ഒരു പാട് ഇഷ്ടായി. നിങ്ങളൊക്കെ നല്ല ഭർത്താക്കന്മാരായതുകൊണ്ട് പടം ഇഷ്ടമാകാൻ വഴിയില്ല. എന്നെ പോലുള്ളവർ ഭാര്യമാരെ കൂട്ടാതെ പോയി കാണുക. സ്ത്രീക്കും പുരുഷനും അവനവന്റെ ഇടം നഷ്ടമാകുന്ന കുടുംബങ്ങളിൽ ഒരാൾ കൊലപാതകി ആകാതെ തരമില്ല. അസസാനം കൊലക്കത്തി ആരുടെ കയ്യിലാണെന്നതാണ് പ്രശ്നം!അന്താരാഷ്ട്ര നിലവാരമുണ്ട് ഈ സിനിമയ്ക്ക്. കഥാകഥനത്തിലും ക്ലൈമാക്സിലുമൊക്കെ ശരിക്കും പുതുമയുണ്ട്.

# A must watch movie #