തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൺ മാവുങ്കലിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം സഭയിൽ ഉന്നയിച്ചു പ്രതിപക്ഷം. ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചു. പി.ടി. തോമസ് ആണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്.

മോൻസൺ മാവുങ്കലിന് മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുമായി അടുത്ത ബന്ധമെന്ന് പി.ടി. തോമസ് ആരോപിച്ചു. മോൻസൺ പുരാവസ്തു എന്ന പേരിൽ വ്യാജ സാധനങ്ങൾ കൈമാറി കോടികളുടെ തട്ടിപ്പും തിരിമറിയുമാണ് നടത്തിയത്. നിരവധി പേരെ വഞ്ചിച്ച വ്യക്തിക്ക് സംസ്ഥാനത്തെ മുൻ പൊലീസ് മേധാവി അടക്കം ഉന്നത ഉദ്യോഗസ്ഥരുടെ സംരക്ഷണം ലഭിച്ചിട്ടുണ്ട്.

മോൻസണിന്റെ പ്രവർത്തനങ്ങൾ സംശയകരമെന്ന് രഹസ്യാന്വേഷണ വിഭാഗം നേരത്തെ തന്നെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. ഇത് കണ്ടില്ലെന്ന് പൊലീസ് നടിച്ചു. ഇന്റജിലൻസ് അന്വേഷണം ആവശ്യപ്പെട്ടതിന് മാസങ്ങൾക്ക് മുമ്പേ ബെഹ്‌റ അടക്കം ഉന്നത ഉദ്യോഗസ്ഥർ മോൻസണിന്റെ വീട് സന്ദർശിച്ചു. ആ സമയത്ത് എടുത്ത ഫോട്ടോ മോൻസൺ ദുരുപയോഗം ചെയ്തു. ഇതിന് പിന്നാലെയാണ് മോൻസണിനെതിരെ രഹസ്യവിവരം ലഭിക്കുകയും ഇന്റജിലൻസ് അന്വേഷണം ആവശ്യപ്പെട്ടതും. ബീറ്റ് ബോക്‌സ് അടക്കം മോൻസണിന്റെ വീട്ടിൽ പൊലീസ് സ്ഥാപിക്കുകയും സംരക്ഷണം ഒരുക്കുകയും ചെയ്‌തെന്നും പി.ടി. തോമസ് ചൂണ്ടിക്കാട്ടി.

അതേസമയം വിദേശത്തു നിന്ന് മോൻസണുമായി നിരന്തരം ബന്ധപ്പെട്ടിരുന്നവരെക്കുറിച്ച് അന്വേഷണം നടത്തും. മോൻസൺന്റെ ഇടപാടുകളിൽ കള്ളപ്പണത്തിന്റെ സാന്നിധ്യം സംശയിക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം മോൻസണിലൂടെ വെളിപ്പിച്ചെടുത്തിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.ബിനാമി ഏർപ്പാട് കൂടാതെ, നയതന്ത്ര ബാഗേജുവഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ഒളിച്ചുതാമസിക്കാൻ മോൻസൺ സഹായം നൽകി തുടങ്ങിയ സംശയങ്ങളും നിലനിൽക്കുന്നുണ്ട്.

കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പ്രാഥമിക അന്വേഷണം കൂടി നടത്തിയ സാഹചര്യത്തിൽ മോൻസൺ ബന്ധപ്പെട്ടിരുന്ന വിദേശത്തുള്ളവരെ കേന്ദ്രീകരിച്ച് കൂടി അന്വേഷണം നടത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.മോൻസണ് ഡൽഹിയിലടക്കം ബന്ധമുണ്ടെന്ന വിവരം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. വിദേശ ബന്ധങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങളോട് ഇയാൾ ചോദ്യംചെയ്യലിൽ പ്രതികരിച്ചില്ല. മോൻസണിന്റെ കമ്പനിക്ക് യു.എസ്.എ, കാനഡ, യു.കെ. യൂറോപ്യൻ യൂണിയൻ, യു.എ.ഇ, മലേഷ്യ, ഘാന, തുർക്കി, സൗത്തുകൊറിയ എന്നിവിടങ്ങളിൽ ശാഖയുണ്ടെന്നാണ് വെബ്സൈറ്റിൽ പറയുന്നത്.

ഇതിൽ എന്തെങ്കിലും വാസ്തവമുണ്ടോയെന്നും അന്വേഷിക്കും. വിദേശയാത്ര ചെയ്യാത്ത മോൻസൺ വിദേശങ്ങളിൽ സ്ഥാപനങ്ങൾ തുടങ്ങാനുള്ള സാധ്യത കുറവാണ്. എന്നാൽ, വിദേശത്തുള്ളവർ ആരെങ്കിലും മോൻസണെ സഹായിച്ചിരുന്നോ എന്ന് പരിശോധിക്കേണ്ടതുണ്ട്.