കൊച്ചി: പി ടി തോമസിന്റെ ആഗ്രഹപ്രകാരം അന്ത്യകർമ്മങ്ങൾ എല്ലാം പൂർത്തിയാക്കിയെങ്കിലും തന്റെ അമ്മയുടെ കല്ലറയിൽ ചിതാഭസ്മം അടക്കണമെന്ന ആഗ്രഹം ബാക്കിയായിരുന്നു.എന്നാ്‌ലിപ്പോൾ ആ ആഗ്രഹവും സഫലമാവുകയാണ്.അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസിന്റെ ചിതാഭസ്മം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ജന്മനാട്ടിലെത്തിച്ച് അമ്മയുടെ കല്ലറയിൽ അടക്കം ചെയ്യും. ചിതാഭസ്മത്തിന്റെ ഒരു ഭാഗം തിരുനെല്ലിയിലും ഗംഗയിലും ഒഴുക്കാനുമാണ് കുടുംബത്തിന്റെ തീരുമാനം. ചിതാഭസ്മം രവിപുരം ശ്മശാനത്തിലെത്തി പി ടിയുടെ മക്കളും സഹോദരനും ഏറ്റുവാങ്ങി.

ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരുടെ അന്ത്യാഭിവാദനം ഏറ്റുവാങ്ങിയാണ് പി ടി തോമസ് മടങ്ങിയത്. പൊതുദർശനവും സംസ്‌കാരചടങ്ങുകളും പി ടിയുടെ ആഗ്രഹം പോലെ തന്നെ നടന്നു. കുടുംബാംഗങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ ചിതാഭസ്മത്തിന്റെ ഒരു ഭാഗം അമ്മയുടെ കല്ലറയ്ക്കുള്ളിൽ അടക്കം ചെയ്യണമെന്ന് പി ടി പറഞ്ഞ് വെച്ചിരുന്നു. പി ടിയുടെ ജന്മനാടായ ഉപ്പുതോടിലെ സെന്റ് ജോസഫ്‌സ് പള്ളിയിലുള്ള അമ്മ അന്നമ്മയുടെ കല്ലറയിൽ വരും ദിവസം തന്നെ ചിതാഭസ്മം അടക്കം ചെയ്യും. ഇതിനൊപ്പം തിരുനെല്ലിയിലും ഗംഗയിലും ചിതാഭസ്മം നിമജ്ജനം ചെയ്യും.

പി ടിയുടെ സഹോദരൻ പി ടി ജോർജ്ജും, മക്കളായ വിഷ്ണുവും വിവേകും ഭാര്യ ഉമയുടെ സഹോദരൻ ഗിരിയുമാണ് ശ്മശാനത്തിൽ നിന്നും ചിതാഭസ്മം ഏറ്റുവാങ്ങിയത്. കൊച്ചിയിലെ വീട്ടിൽ പി ടിക്കായി ഒരു സ്മാരം വേണമെന്ന ആഗ്രഹവും കുടുംബത്തിനുണ്ട്. ഇതിനായി കണ്ട് ചിതാഭസ്മത്തിന്റെ ഒരു ഭാഗം കൂടി വീട്ടിൽ തന്നെ സൂക്ഷിക്കും. മതപരമായ ചടങ്ങുകൾ ഒന്നും ഇല്ലാതെയായിരുന്നു രവിപുരം ശ്മശാനത്തിൽ പി ടിയുടെ സംസ്‌കാരം.