- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ്ണക്കള്ളക്കടത്തുകാരെ താലോലിക്കുന്ന മുഖ്യമന്ത്രീ, നിങ്ങളൊരു കമ്യൂണിസ്റ്റാണോ? ലാവ്ലിനിൽ ഫയലുകൾ ചോർത്തി തുടങ്ങിയതാണ് ശിവശങ്കറുമായുള്ള ബന്ധം; മകളുടെ കല്യാണത്തിന് ക്ലിഫ്ഹൗസിൽ സ്വപ്ന എത്തിയില്ലേ; പുത്രീ വാത്സല്യത്തിൽ മുഖ്യമന്ത്രി കേരളത്തെ നശിപ്പിക്കുന്നു: പിണറായിക്കെതിരെ പി ടി തോമസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമസഭയിൽ ആഞ്ഞടിച്ചു പ്രതിപക്ഷം. സ്വർണ്ണക്കടത്ത് കേസിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ വേളയിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ എംഎൽഎ പി ടി തോമസ് രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റിലായതും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സംശയത്തിന്റെ നിഴലിൽ നിൽക്കുന്നതും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് ആവശ്യം ഉന്നയിച്ചാണ് പി ടി തോമസ് രംഗത്തെത്തിയത്.
സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു വിവാദപരമായ കേസ് വരുന്നതെന്ന് നോട്ടീസിൽ പ്രതിപക്ഷം പറയുന്നു. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റിലാണ്. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സംശയത്തിന്റെ നിഴലിലാണ്. ഈ ഗുരുതര സാഹചര്യത്തിൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.
സ്വർണ്ണക്കള്ളക്കടത്തുകാരെ താലോലിക്കുന്ന മുഖ്യമന്ത്രീ നിങ്ങളൊരു കമ്യൂണിസ്റ്റാണോ എന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് പി.ടി. തോമസ് ചോദിച്ചു. എം.ശിവശങ്കർ വെറുതേ വന്നതല്ലെന്നും അദ്ദേഹത്തിന് മുഖ്യമന്ത്രിയുമായുള്ള ബന്ധം ലാവ്ലിൻ കാലത്ത് തുടങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു. ലാവ്ലിനിൽ അന്വേഷണം നടക്കുന്ന കാലത്ത് ഫയലുകൾ ചോർത്തി നൽകിയതാണ് ശിവശങ്കറും മുഖ്യമന്ത്രിയും തമ്മിലുള്ള അടുപ്പത്തിന് കാരണമെന്നും പി.ടി തോമസ് ആരോപിച്ചു.
മുഖ്യമന്ത്രിയുടെ വീട്ടിലെ വിവാഹ തലേന്ന് സ്വപ്ന അവിടെ എത്തിയിരുന്നോ ഇല്ലയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞാൽ മതി. മുഖ്യമന്ത്രി പറയുന്നത് തങ്ങൾ വിശ്വസിച്ചുകൊള്ളാം. ഇ.എം.എസാണ് ആദ്യ മുഖ്യമന്ത്രിയെങ്കിൽ ജയിലിൽ കിടന്ന ആദ്യ മുഖ്യമന്ത്രി എന്ന വിശേഷണമാകും പിണറായിക്ക് ഉണ്ടാകുക എന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ സ്വപ്നയ്ക്ക് പരിചയപ്പെടുത്തിയതാരെന്നും മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവരിൽ നിന്ന് കേന്ദ്ര ഏജൻസികൾ വിവരങ്ങൾ തേടിയിട്ടുണ്ടോ എന്നും പി.ടി. തോമസ് ചോദിച്ചു. ധൃതരാഷ്ട്രരെപ്പോലെ പുത്രീ വാത്സല്യത്തിൽ മുഖ്യമന്ത്രി കേരളത്തെ നശിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം നവോത്ഥാന നായകനായ മുഖ്യമന്ത്രി അധോലോക നായകനായി മാറരുതെന്നുകൂടി അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
എന്നാൽ ശിവശങ്കറിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി സമ്മതിച്ച മുഖ്യമന്ത്രി സി.എം. രവീന്ദ്രനെ സംരക്ഷിക്കുന്ന നിലപാടാണ് കൈക്കൊണ്ടത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടല്ല ചോദ്യം ചെയ്യാൻ വിളിച്ചത്. ചില പരാതികളുടെ അടിസ്ഥാനത്തിൽ ചില കാര്യങ്ങളിൽ വ്യക്തത വരുത്താൻ മാത്രമാണ്. അദ്ദേഹത്തെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെടുത്തുന്നത് വികല മനസുള്ളവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വർണ്ണക്കടത്തും അതുമായി ബന്ധപ്പെട്ട മറ്റ് കേസുകളുമന്വേഷിക്കുന്ന കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയുടെ കുടുംബാംഗത്തെ ചോദ്യം ചെയ്‌തോയെന്ന് വ്യക്തമാക്കണമെന്ന് പി ടി തോമസ് എന്നലെ നിയമസഭയിൽ അവശ്യപ്പെട്ടിരുന്നു. ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിലാണ് അദ്ദേഹം ഇതുന്നയിച്ചത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നയാളേയും അഡി.പ്രൈവറ്റ് സെക്രട്ടറിയേയും ചോദ്യം ചെയ്തു. എന്നിട്ടും ഒന്നും അറിഞ്ഞില്ലെന്നാണ് വാദം.
കേന്ദ്ര ഏജൻസികൾ വികസനം തടയുന്നുവെന്ന് പറയുമ്പോഴും മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയെ ഭയമാണ്. മോദിക്കെതിരെ അദ്ദേഹം ഒന്നും പറയുന്നില്ല. എവിടെ നോക്കിയാലും സിപിഎം എന്ന പഴയ പാർട്ടി മുദ്രാവാക്യം സർക്കാരിനെ സംബന്ധിച്ച് താഴോട്ട് നോക്കിയാൽ സിബിഐ, ഇടത്തോട്ട് നോക്കിയാൽ എൻ.ഐ.എ, വലത്തോട്ട് നോക്കിയാൽ കസ്റ്റംസ്, മേലോട്ട് നോക്കിയാൽ ഇ.ഡി എന്ന നിലയിലായെന്നും തോമസ് പരിഹസിച്ചു.
മറുനാടന് മലയാളി ബ്യൂറോ