- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിടി ഉഷയ്ക്ക് ജന്മനാടിന്റെ ഉജ്ജ്വല സ്വീകരണം; സ്വീകരണം നൽകിയത് നാട്ടുകാരും ബിജെപി പ്രവർത്തകരും ചേർന്ന്; കേരളത്തിന് പുറത്തായിരുന്നു സ്‌കൂൾ തുടങ്ങിയതെങ്കിൽ കൂടുതൽ പരിഗണന ലഭിക്കുമായിരുന്നെന്ന് പി ടി ഉഷ
കോഴിക്കോട്: നിയുക്ത രാജ്യസഭാ എംപി ഒളിമ്പ്യൻ പിടി ഉഷയ്ക്ക് ജന്മനാടായ പയ്യോളിയിൽ നാട്ടുകാരും ബിജെപി പ്രവർത്തകരും ഉജ്ജ്വല സ്വീകരണം നൽകി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ നേതൃത്വത്തിലാണ് പയ്യോളി എക്സ്‌പ്രസിന് സ്വീകരണം നൽകിയത്.
ഇന്ത്യൻ കായികരംഗത്തിന് പ്രത്യേകിച്ച് അത്‌ലറ്റിക്‌സിന് ലഭിച്ച അംഗീകാരമാണ് തനിക്ക് കിട്ടിയ സ്ഥാനമെന്ന് പിടി ഉഷ പറഞ്ഞു. എളമരം കരീം പറഞ്ഞതിന് മറുപടിയില്ല. ഉഷ ഇന്ത്യക്കാർക്ക് പ്രചോദനമാണെന്ന് പ്രധാനമന്ത്രിയുടെ ട്വീറ്റ് കണ്ടപ്പോൾ അഭിമാനം തോന്നിയെന്നും പിടി ഉഷ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഇടപെടൽ രാജ്യത്തിന് ഗുണകരമാണ്. കായികമേഖലയ്ക്ക് വേണ്ടി നിരവധി സ്‌കീമുകളാണ് കേന്ദ്രസർക്കാർ കൊണ്ടുവന്നത്. കേരളത്തിന് പുറത്ത് മറ്റെവിടെയെങ്കിലുമായിരുന്നു സ്‌കൂൾ തുടങ്ങിയതെങ്കിൽ കൂടുതൽ പരിഗണന ലഭിക്കുമായിരുന്നു. ഇവിടെ കായിക മേഖലയിൽ പ്രവർത്തിക്കാൻ ധാരാളം ബുദ്ധിമുട്ടുകളുണ്ട്. നമ്മുടെ രാജ്യത്ത് കായിക മേഖല നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും അവർ പറഞ്ഞു.
നാടിന്റെ അഭിമാനമായ കായികതാരത്തെ രാജ്യസഭാഗം ആക്കിയ പ്രധാനമന്ത്രിക്ക് നന്ദിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. രാഷ്ട്രീയത്തിനപ്പുറം രണ്ട് കൈയും നീട്ടിയാണ് കേരളം ഈ അംഗീകാരത്തെ സ്വാഗതം ചെയ്തത്. അവരെ എതിർക്കുന്നത് സങ്കുചിത താത്പര്യമുള്ളവർ മാത്രമാണ്. പിടി ഉഷയെ കേരളത്തിന്റെ പൊതുസ്വത്തായാണ് ബിജെപി കാണുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
കോരിച്ചൊരിയുന്ന മഴയത്തും നൂറുകണക്കിനാളുകളാണ് പിടി ഉഷയെ സ്വീകരിക്കാനെത്തിയത്. ബിജെപി ജില്ലാ അധ്യക്ഷൻ വികെ സജീവൻ, യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി.ആർ പ്രഫുൽകൃഷ്ണൻ, ജില്ലാ ട്രെഷറർ വികെ ജയൻ, പയ്യോളി മണ്ഡലം പ്രസിഡന്റ് എകെ ബൈജു എന്നിവർ പങ്കെടുത്തു. പിടി ഉഷയെ പേരെടുത്തു പറയാതെ എളമരം കരീം കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു.
അതേ സമയം കിനാലൂരിൽ ഉഷ സ്‌കൂൾ തുടങ്ങാൻ എല്ലാ സഹായവും നൽകിയത് സംസ്ഥാന സർക്കാരാണെന്നും സി പി എം നേതാക്കൾ മുൻകൈ എടുത്താണ് കിനാലൂരിൽ ഉഷാ സ്‌കൂൾ തുടങ്ങിയതെന്നും സി പി എം നേതാക്കൾ വ്യക്തമാക്കുന്നു. സ്‌കൂൾ സമാനതകളില്ലാത്ത വളർച്ചയാണ് ഉണ്ടാക്കിയത്. എന്നാൽ അതെല്ലാം തള്ളിപ്പറയുകയാണ് പിടി ഉഷ ചെയ്തതെന്നും സി പി എം നേതാക്കൾ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. കേരളത്തിൽ ലഭിച്ച പരിഗണന മറച്ചു വച്ചാണ് ഉഷ സംസാരിച്ചതെന്നും വിമർശനം ഉയരുന്നുണ്ട്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.