കണ്ണൂർ: സംസ്ഥാനം ആതിഥ്യം അരുളുന്ന ദേശീയ ഗെയിംസിൽ വിജയം കൊയ്യാൻ കേരളത്തിന് ആകുമോ എന്ന ചോദ്യം വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ക്രമക്കേടുകളുടെ മേളയായി ദേശീയ ഗെയിംസ് മാറുന്നു എന്ന വിമർശനം ഉയരുന്നതിനിടെ സെലക്ഷൻ ട്രെയൽസിനെ വിമർശിച്ച് ഒളിമ്പ്യൻ പി ടി ഉഷയും രംഗത്തെത്തി. ദേശീയ ഗെയിംസിനായുള്ള കേരളത്തിന്റെ അത്‌ലറ്റിക്‌സ് ടീമിന്റെ തെരഞ്ഞെടുപ്പ് വെറും പ്രഹസനമാണെന്ന് ഉഷ വിമർശിച്ചു.

ദേശീയ ഗെയിംസിനുള്ള ടീമിൽ നിന്നും അർഹരായ പലരെയും ഒഴിവാക്കി. ടീം സെലക്ഷൻ പ്രഹസനമായിരുന്നുവെന്നും പി.ടി ഉഷ ആരോപിച്ചു. മുൻകൂട്ടി തയാറാക്കിയ പട്ടികയാണ് പ്രഖ്യാപിച്ചത്. ട്രയൽസിനത്തെിയ പലരെയും ട്രാക്കിൽ പോലും ഇറക്കിയിട്ടില്ല. കഴിഞ്ഞ ഓപ്പൺ നാഷണൽ അത് ലറ്റിക്‌സിൽ യോഗ്യത തെളിയിക്കാനാവാത്തവരെ പോലും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന നിലവിലെ ടീമിൽ പ്രതീക്ഷയില്ലെന്നും പി.ടി ഉഷ പറഞ്ഞു.

ദേശീയ ഗെയിംസ് ഫണ്ടിൽ നിന്നുള്ള പണം മറ്റ് കാര്യങ്ങൾക്ക് വകയിരുത്തുമ്പോൾ കായികതാരങ്ങൾക്ക് സൗകര്യം ഒരുക്കുന്നതിൽ വീഴ്‌ച്ച വന്നു എന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നിരുന്നു. ഇക്കാര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഗെയിംസ് സംഘാടക സമിതിയിൽ നിന്നും കെ ബി ഗണേശ് കുമാർ രാജിവച്ചത്. കേരളത്തിന്റെ പ്രകടനം മോശമാകുമെന്ന ആക്ഷേപം മറ്റ് കായികതാരങ്ങളും രേഖപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് പി ടി ഉഷയും കേരളാ അത്‌ലറ്റിക്‌സ് ടീം തിരഞ്ഞെടുപ്പിനെ എതിർത്തുകൊണ്ട് രംഗത്തെത്തിയത്.