- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ഒളിമ്പ്യൻ പി ടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു; ഹിന്ദിയിൽ സത്യവാചകം ചൊല്ലി രാജ്യത്തിന്റെ അഭിമാനമായ അത്ലറ്റ്; കൂടുതൽ പേർ സംസാരിക്കുന്ന ഭാഷ ഹിന്ദി ആയതു കൊണ്ട് ഹിന്ദിയിൽ സത്യപ്രതിജ്ഞയെന്ന് ഉഷ
ന്യൂഡൽഹി: രാജ്യസഭാംഗമായി ഒളിമ്പ്യൻ പി ടി ഉഷ സത്യപ്രതിജ്ഞ ചെയ്തു. 11 മണിക്ക് രാജ്യസഭാ സമ്മേളിച്ചപ്പോൾ ആദ്യ ചടങ്ങായാണ് സത്യപ്രതിജ്ഞ നടന്നത്. ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്ക് ഹിന്ദി തിരഞ്ഞെടുക്കാനുള്ള കാരണം എന്താണെന്നുള്ള ചോദ്യത്തിന് കൂടുതൽ പേർ സംസാരിക്കുന്ന ഭാഷ ഹിന്ദി ആണല്ലോ എന്നായിരുന്നു പിടി ഉഷയുടെ മറുപടി. കായികമേഖലയ്ക്കായി ഏറെ കാര്യങ്ങൾ ചെയ്യാനാകുമെന്നും സത്യപ്രതിജ്ഞയ്ക്ക് മുമ്പായി പിടി ഉഷ പറഞ്ഞിരുന്നു.
പി ടി ഉഷയ്ക്ക് പുറമെ സംഗീതസംവിധായകൻ ഇളയരാജ, തെലുങ്ക് സംവിധായകനും തിരക്കഥാകൃത്തുമായ വി വിജയേന്ദ്രപ്രസാദ്, ജീവകാരുണ്യപ്രവർത്തകനായ വീരേന്ദ്രഹെഗ്ഡെ എന്നിവരെയാണ് കേന്ദ്രസർക്കാർ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തിരിക്കുന്നത്.
ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കുമെന്ന ബിജെപി ദേശീയഎക്സിക്യൂട്ടീവിലെ പ്രഖ്യാപനത്തിന് പിന്നാലെയാണ് കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കർണാടകം എന്നിവിടങ്ങളിൽനിന്നുള്ള പ്രമുഖരെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്. ബാഹുബലി സിനിമയുടെ രചയിതാവായ വിജയേന്ദ്രപ്രസാദ് പ്രമുഖ സംവിധായകൻ രാജമൗലിയുടെ അച്ഛനാണ്. ധർമസ്ഥലാക്ഷേത്രത്തിന്റെ ഭരണനിർവഹണം കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് വീരേന്ദ്രഹെഗ്ഡെ.
വിവിധ മേഖലകളിൽ പ്രശസ്തരായ പിടി ഉഷ ഉൾപ്പെടെ നാലുപേരെയാണ് ദക്ഷിണേന്ത്യയിൽനിന്ന് കഴിഞ്ഞയാഴ്ച രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്. സുരേഷ് ഗോപിക്ക് പിന്നാലെ കേരളത്തിൽനിന്ന് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട എംപിയാണ് പിടി ഉഷ. ചൊവ്വാഴ്ച ഉഷ പാർലമെന്റ് മന്ദിരത്തിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. ഭർത്താവ് വി. ശ്രീനിവാസനും ഒപ്പമുണ്ടായിരുന്നു.
മറുനാടന് ഡെസ്ക്