മലപ്പുറം: ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് സ്വന്തമാക്കിയ അധികഭൂമി തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി കൈവശമുള്ള ഭൂമി സംബന്ധിച്ച രേഖകളുമായി നാളെ താമരശേരി ലാന്റ് ബോർഡ് ചെയർമാൻ മുമ്പാകെ ഹാജരാകാൻ പി.വി അൻവർ എംഎ‍ൽഎക്ക് നോട്ടീസ്. തന്റെയും കുടുംബത്തിന്റെയും പേരിലുള്ള മുഴുവൻ ഭൂമിയുടെയും രേഖകൾ സഹിതം രാവിലെ 11ന് കോഴിക്കോട് കളക്ടറേറ്റിൽ താമരശേരി ലാന്റ് ബോർഡ് ചെയർമാനായ എൽ.എ ഡെപ്യൂട്ടി കളക്ടർ മുമ്പാകെ ഹാജരാകാനാണ് നോട്ടീസ്.

ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് പി.വി അൻവർ എംഎ‍ൽഎയും കുടുംബവും കൈവശം വെക്കുന്ന പരിധിയിൽ കവിഞ്ഞ ഭൂമി ആറുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന കഴിഞ്ഞ മാർച്ച് 24ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ താമരശേരി താലൂക്ക് ലാന്റ് ബോർഡ് ചെയർമാൻ കോഴിക്കോട് എൽ.എ ഡെപ്യൂട്ടി കളക്ടർ പി. അൻവർ സാദത്ത്, താമരശേരി താലൂക്ക് അഡീഷണൽ തഹസിൽദാർ (എൽ.ആർ) കെ. ബലരാജൻ എന്നിവർക്കെതിരെ നടപടിയെടുക്കാൻ കോടതി അലക്ഷ്യഹർജി വന്നപ്പോഴാണ് എംഎ‍ൽഎക്ക് നോട്ടീസ് അയക്കാനെങ്കിലും ലാന്റ് ബോർഡ് തയ്യാറായത്. പരാതിക്കാരനോടും രാവിലെ 12ന് രേഖകൾ സഹിതം ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

മലപ്പുറം ജില്ലാ വിവരാവാകാശ കൂട്ടായ്മ കോ ഓർഡിനേറ്റർ കെ.വി ഷാജിയാണ് ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് പി.വി അൻവർ എംഎ‍ൽഎയും കുടുംബവും സ്വന്തമാക്കിയ അധികഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കൂടുതൽ സാവകാശം തേടിയുള്ള താമരശേരി ലാന്റ് ബോർഡ് ചെയർമാന്റെ സത്യവാങ്മൂലം തള്ളി നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല ഉത്തരവ് നൽകിയിരുന്നു.

മലപ്പുറം, കോഴിക്കോട് കളക്ടർമാർ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടുകളിൽ പി.വി അൻവറും കുടുംബവും പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വെക്കുന്നതായി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരള ഭൂപരിഷ്‌ക്കരണ നിയമം 1963 സെക്ഷൻ 87 (1) പ്രകാരം അൻവറിനെതിരെ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യാൻ 2017 ജൂലൈ 19ന് സംസ്ഥാന ലാന്റ് ബോർഡ്, താമരശേരി താലൂക്ക് ലാന്റ് ബോർഡ് ചെയർമാന് ഉത്തരവും നൽകി. എന്നാൽ ഉത്തരവിറങ്ങി നാല് വർഷം കഴിഞ്ഞിട്ടും എംഎ‍ൽഎക്കെതിരെ കേസെടുത്തില്ല. നിയമസഭ പാസാക്കിയ ഭൂപരിഷ്‌ക്കരണ നിയമം അനുസരിച്ച് ഒരു വ്യക്തിക്കോ കുടുംബത്തിനോ പരമാവധി കൈവശംവെക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കറാണ്.

എന്നാൽ 2011ൽ ഏറനാട് മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് മത്സരിക്കുമ്പോൾ 228.45 ഏക്കർ ഭൂമി കൈവശം വെക്കുന്നതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയത്. 2014ൽ വയനാട്ടിൽ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കുമ്പോൾ ഇത് 206.96 ഏക്കറും 2016ൽ സിപിഎം സ്വതന്ത്രനായി നിലമ്പൂരിൽ നിന്നും മത്സരിച്ചപ്പോൾ 207.84 ഏക്കർഭൂമിയുമായി മാറി. അൻവർ എംഎ‍ൽഎയുടെ അധികഭൂമി തിരിച്ചുപിടിക്കാത്തതിന് ലാന്റ് ബോർഡ് ചെയർമാനെതിരായ കോടതി അലക്ഷ്യക്കേസ് ജനുവരി നാലിന് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് എംഎ‍ൽഎയോട് ഭൂമി രേഖകളുമായി ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.