- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഫ്രിക്കയിൽ കുഴിച്ചെടുക്കുന്ന സ്വർണം അൻവറിന് കടം വീട്ടാൻ തികയില്ലേ? 1.14 കോടിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതോടെ എംഎൽഎക്ക് ജപ്തി നോട്ടീസ് നൽകി ബാങ്ക്; ജപ്തി നടപടി ചൂണ്ടിക്കാട്ടി പത്രപ്പരസ്യം നൽകിയത് ആക്സിസ് ബാങ്ക്; റോപ്പ് വേ പൊളിച്ചത് രോമം പോകും പോലെയെന്ന് വീമ്പിളക്കിയ ഇടത് എംഎൽഎക്ക് വീണ്ടും തിരിച്ചടി
മലപ്പുറം: ആഫ്രിക്കയിൽ സ്വർണം കുഴിച്ചെടുക്കാൻ പോയ നിലമ്പൂർ എംഎൽഎ പി വി അൻവറിന് നാട്ടിൽ തുടർച്ചയായി തിരിച്ചടികൾ. അൻവറിന്റെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള റോപ്പ് വേ പൊളിക്കുന്നത് തുടരുമ്പോൾ തന്നെ മറ്റൊരു തിരിച്ചടി കൂടി എംഎൽഎക്ക് നേരിടേണ്ടി വന്നു. പി വി അൻവർ എം എൽ എയുടെ ഒരേക്കറിലേറെ ഭൂമി ജപ്തി ചെയ്യുമെന്ന് ബാങ്ക് വ്യക്തമാക്കിയതാണ് ഈ പ്രഹരം. ഒരു കോടി പതിനാല് ലക്ഷം രൂപയുടെ വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയതിനാണ് നടപടി. ഒരേക്കർ നാൽപത് സെന്റ് ഭൂമി ജപ്തി ചെയ്യുമെന്ന് കാണിച്ച് ബാങ്ക് നോട്ടീസ് നൽകി. ജപ്തി നടപടിയെക്കുറിച്ച് ആക്സിസ് ബാങ്ക് പത്രപ്പരസ്യം നൽകിയിട്ടുണ്ട്.
അതേസമയം അൻവറിന്റെ ഭാര്യാപിതാവ് അബ്ദുൾ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണിപ്പാലയിലെ തടയണയ്ക്ക് കുറുകെ അനധികൃതമായി നിർമ്മിച്ച റോപ്വേയും ബോട്ട് ജെട്ടിയും പൊളിക്കുന്നത് തുടരുകയാണ്. നടപടിയെ വെല്ലുവിളിച്ചുകൊണ്ട് അൻവറും അനുയായികളും രംഗത്തെത്തി. വിഷയം എംഎൽഎ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയിട്ടുണ്ട്.
എംഎൽഎയുടെ കക്കാടംപൊയിലിലെ വിവാദമായ വാട്ടർതീം പാർക്കിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് ചീങ്കണ്ണിപ്പാലിയിലെ തടയണ. ഇതിന് കുറുകെയാണ് മലകളെ ബന്ധിപ്പിച്ച് നിർമ്മിച്ച റോപ്വേ. നിലമ്പൂർ സ്വദേശി എംപി. വിനോദ് 2017ൽ നൽകിയ പരാതിയിലാണ് അനധികൃത നിർമ്മാണങ്ങൾ പൊളിക്കാൻ ഉത്തരവിട്ടത്.
ഒരു റോപ്പ് വേ പോയാൽ ആരും ഇവിടെ പൊട്ടിക്കരയാൻ പോകുന്നില്ലെന്ന് പൊളിച്ചുനീക്കൽ നടപടികൾക്ക് പിന്നാലെ അൻവർ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ചീങ്കണ്ണിപ്പാറയിലെ വിവാദ തടയണ പൊളിച്ചുനീക്കിയതിന് പിറകെയാണ് നേരത്തെ എംഎൽഎയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലത്തെ തടയണയ്ക്ക് കുറകേയുള്ള റോപ്പ് വേയും പൊളിക്കുന്നത്. റോപ്പ് വേ ടവറുകളാണ് ആദ്യഘട്ടത്തിൽ പൊളിച്ചുനീക്കുന്നത്. ഈ ജോലികൾ പൂർത്തിയാക്കാൻ 10 ദിവസമെടുക്കുമെന്ന് തൊഴിലാളികൾ പറയുന്നു.
കേവലം റസ്റ്റോറന്റിനുള്ള ലൈസൻസിന്റെ മറവിൽ കക്കാടംപൊയിൽ ചീങ്കണ്ണിപാറയിൽ വനഭൂമിയോട് ചേർന്ന് മൂന്ന് മലകളെ ബന്ധിപ്പിച്ച് നിർമ്മിച്ച റോപ്പ് വേയാണ് പൊളിച്ചുനീക്കുന്നത്. തദ്ദേശ സ്വയംഭരണം ഓംബുഡ്സ്മാന്റെ ഉത്തരവിലാണ് ഊർങ്ങാട്ടിരി പഞ്ചായത്തിന്റെ നടപടി. 1.47 ലക്ഷം രൂപയ്ക്കാണ് കരാർ.
ഒരു റോപ്പ് വേ പോയാൽ ഒരു രോമം പോകുന്നത് പോലെയെ തനിക്കുള്ളുവെന്ന് പരാതിക്കാരനേയും മാധ്യമങ്ങളെയും അപഹസിച്ച് അൻവർ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഇത്ര ആഘോഷിക്കാൻ മാത്രം ആരും ഇവിടെ പൊട്ടിക്കരഞ്ഞ് തളർന്നുകിടക്കാൻ പോകുന്നില്ലെന്നും പോസ്റ്റിൽ പറയുന്നു.
ആര്യാടൻ കുടുംബത്തിന്റെ അനുയായിയാണ് രാഷ്ട്രീയ പ്രേരിതമായ കേസിന് പിന്നിലെന്നാണ് അൻവറിന്റെ ആരോപണം. അതേസമയം അധികാരത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിലായിരുന്നു നിലമ്പൂർ എംഎൽഎയുടെ നിയമലംഘനമെന്നും സത്യം ജയിച്ചെന്നും പരാതിക്കാരൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ