മലപ്പുറം: പി.വി അൻവർ എംഎ‍ൽഎയുടെ ഭാര്യാപിതാവിന്റെ അനധികൃത റോപ് വെ പൊളിക്കാനുള്ള ഓംബുഡ്‌സ്മാൻ ഉത്തരവ് നടപ്പാക്കാതെ ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി. റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവിൽ ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണക്ക് കുറുകെ പി.വി അൻവർ എംഎ‍ൽഎയുടെ ഭാര്യാപിതാവ് നിയമവിരുദ്ധമായി കെട്ടിയ റോപ് വെ പൊളിച്ചുനീക്കാനുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്‌സ്്മാൻ ജസ്റ്റിസ് പി.എസ് ഗോപിനാഥന്റെ ഉത്തരവാണ് ഇതുവരെ നടപ്പാക്കാത്തത്.

തടയണയടക്കമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കി നടപടിക്രമങ്ങൾ നവംബർ 30തിന് റിപ്പോർട്ട് ചെയ്യാണ് ഊർങ്ങാട്ടീരി പഞ്ചായത്ത് സെക്രട്ടറിക്ക് സെപ്റ്റംബർ 22ന് ഉത്തരവ് നൽകിയത്. നിലമ്പൂർ സ്വദേശി എംപി വിനോദിന്റെ പരാതിയിലായിരുന്നു നടപടി.
അനുമതിയില്ലാതെയാണ് നിർമ്മാണമെന്ന് കണ്ടെത്തി നാലു വർഷം കഴിഞ്ഞിട്ടും പഞ്ചായത്ത്് നടപടിയെടുക്കാത്തത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് അനധികൃത നിർമ്മാണങ്ങൾ പൊളിക്കാൻ ഓംബുഡ്‌സ്മാൻ ഉത്തരവിട്ടത്.

ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയിൽ വനത്തിലേക്കൊഴുകുന്ന കാട്ടരുവിക്ക് കുറുകെ പി.വി അൻവർ കെട്ടിയ തടയണ പൊളിച്ചുനീക്കാൻ മലപ്പുറം കളക്ടർ ഉത്തരവിട്ടിരുന്നു. ഇതോടെയാണ് ഭാര്യാപിതാവ് സി.കെ അബ്ദുൽലത്തീഫ് ഊർങ്ങാട്ടിരി പഞ്ചായത്തിൽ നിന്നും റസ്റ്ററന്റ് കം ലോഡ്ജിങ് കെട്ടിടം പണിയാൻ പെർമിറ്റ് നേടിയ ശേഷം തടയണക്ക് കുറുകെ നിയമവിരുദ്ധമായി റോപ് വേ നിർമ്മിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി 2017 മെയ് 18ന് ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് വിനോദ് പരാതി നൽകിയെങ്കിലും നിയമവിരുദ്ധമായി കെട്ടിയ റോപ് വേ പൊളിച്ചുനീക്കാൻ നടപടിയുണ്ടായില്ല.

റോപ് വെ പണിയാൻ നിയമവിരുദ്ധമായി സൗകര്യം ചെയ്തുകൊടുത്ത പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയാവശ്യപ്പെട്ട് മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇക്കാര്യങ്ങൾ വ്യക്തമാക്കി അന്നത്തെ തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീലിന് നൽകിയ പരാതിയിലും നടപടിയുണ്ടായില്ല. ഇതോടെയാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്‌സ്മാനെ സമീപിച്ചത്.

ഉരുൾപൊട്ടലിനെ തുടർന്ന് കോഴിക്കോട് കളക്ടർ അടച്ചുപൂട്ടിയ പി.വി അൻവർ എംഎ‍ൽഎയുടെ കക്കാടംപൊയിലിലെ വിവാദ വാട്ടർതീം പാർക്കിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് ചീങ്കണ്ണിപ്പാലിയിലെ തടയണയും തടയണക്ക് കുറുകെ മൂന്നു മലകളെ ബന്ധിപ്പിച്ച് പണിത റോപ് വെയും. അതേസമയം എംഎ‍ൽഎയുടെ ഭാര്യാപിതാവിന്റെ വിലാസത്തിൽ രണ്ടു തവണ നോട്ടീസ് അയച്ചിട്ടും താമസക്കാരനെ അറിയില്ലെന്നു കാണിച്ച്് മടങ്ങിയെന്നാണ് പഞ്ചായത്ത് സെക്രട്ടറി ഇ.ആർ ഓമന അമ്മാളുവിന്റെ വിശദീകരണം. ഒടുവിൽ പോസ്റ്റ് ഓഫീസ് വഴി അന്വേഷിച്ച് അയച്ച മൂന്നാമത്തെ കത്ത് രണ്ട് ദിവസം മുമ്പാണ് കൈപ്പറ്റിയതെന്നും 15 ദിവസത്തെ സമയപരിധി കഴിഞ്ഞിട്ടില്ലെന്നും സെക്രട്ടറി വ്യക്തമാക്കുന്നു. കേസ് നാളെ ഓംബുഡ്‌സ്മാൻ പരിഗണിക്കുന്നുണ്ട്.