- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങളുടെ എംഎൽഎയായ പി.വി.അൻവറിനെ വിട്ടുതരണം; ഘാന പ്രസിഡന്റിന്റെ ഫേസ്‌ബുക്ക് പേജിൽ കോൺഗ്രസ് പ്രവർത്തകരുടെ പൊങ്കാല; ഘാനയുടെ പ്രസിഡന്റ് നാന അഡോ ഡാൻങ്ക്വേ അകുഫോ അഡ്ഡോയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലെ വെട്ടുകിളി ആക്രമണം താൻ ആഫ്രിക്കയിൽ ഉണ്ടെന്ന അൻവറിന്റെ പോസ്റ്റിന് പിന്നാലെ
മലപ്പുറം: ഞങ്ങളുടെ എംഎൽഎയായ പി.വി.അൻവറിനെ വിട്ടുതരണമെന്നാവശ്യപ്പെട്ട് ഘാന പ്രസിഡന്റിന്റെ ഫേസ്‌ബുക്ക് പേജിൽ കോൺഗ്രസ് പ്രവർത്തകരുടെ പൊങ്കാല. ഘാനയുടെ പ്രസിഡന്റ് നാന അഡോ ഡാൻങ്ക്വേ അകുഫോ അഡ്ഡോയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലാണ് സംഭവം. അൻവർ എംഎൽഎയെ വിട്ടുതരണമെന്ന ആദ്യ കമന്റുമായി ഒരു കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയതിന് പിന്നാലെ പിന്നീട് കമന്റുകളുടെ പൂരമായിരുന്നു. രണ്ടു ദിവസം മുമ്പിട്ട ഒരു പോസ്റ്റിലാണു കോൺഗ്രസുകാർ കൂട്ടത്തോടെ കമന്റുമായി എത്തിയത്.
അൻവറിനെ എംഎൽഎയെ കാണാനില്ലെന്ന് കാണിച്ച് ദിവസങ്ങൾക്കു മുമ്പ് കോൺഗ്രസ് ഭാരവാഹി നിലമ്പൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് താൻ ആഫ്രിക്കയിലുണ്ടെന്ന പറഞ്ഞ് അൻവർ എംഎൽഎ ഫേസ്‌ബുക്കിലൂടെ രംഗത്തുവരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഘാനയുടെ പ്രസിഡന്റിന്റെ പേജിലും പൊങ്കാല നടക്കുന്നത്. സേവ് പി.വി.അൻവർ, അംബുട്ടിനെ തിരിച്ചു താ, ഞങ്ങളുടെ സഖാവ് അമ്പർ എംഎൽഎ തട്ടിപ്പ് കാരനാണ്, പക്ഷെ അദ്ദേഹത്തെ ഞങ്ങൾക്ക് വിട്ടുതരൂ, ജപ്പാൻ ടെക്നോളജി പറഞ്ഞുകൊടുക്കാൻ പോയ അംബുക്കയെ ബെറുതെ വിടാത്ത ബ്ലഡി മല്ലൂസ് എന്നൊക്കെ വിവിധ രീതികളിൽ ട്രോളിക്കൊണ്ടുള്ള കമന്റുകളാണ് ഘാനയുടെ പ്രസിഡന്റ് നാന അഡോ ഡാൻങ്ക്വേ അകുഫോ അഡ്ഡോയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ മലയാളത്തിൽ തന്നെ എഴുതി ഇട്ടിട്ടുള്ളത്.
അതേ സമയം ഫ്രിക്കയിൽ എന്താണ് പി.വി അൻവർ എംഎൽഎയുടെ ബിസിനസെന്ന് സിപിഎം ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് രംഗത്തുവന്നിരുന്നു. എംഎൽഎയെ കാണാനില്ലെന്ന പരാതി പൊലീസ് സ്റ്റേഷനിൽ കൊടുത്തതിന്റെ തൊട്ടുപിന്നാലെ അൻവർ തന്നെയാണ് താൻ ആഫ്രിക്കയിലാണെന്ന് പറഞ്ഞ് സ്വന്തംഫേസ്‌ബുക്ക് പേജിലൂടെ രംഗത്തുവന്നതെന്നും നിലമ്പൂർ, വഴിക്കടവ്, അമരമ്പലം മണ്ഡലം ഭാരവാഹികൾ മലപ്പുറത്ത് പത്രസമ്മേളനത്തിൽ പറഞ്ഞത്. അൻവർ അടുത്ത തെരഞ്ഞെടുപ്പ് പ്രചരണത്തിനു പണം പിരിക്കാനും കള്ളപ്പണ ഇടപാടുകൾക്കും പോയതാണ്. എംഎൽഎയുടെ ആഫ്രിക്കയിലെ ബിസിനസ്സ് എന്താണെന്ന് സ്വന്തംപാർട്ടിക്കുപോലും അറിയില്ല.
എംഎൽഎയുടെ വിദേശയാത്രകളും കള്ളപ്പണ ഇടപാടും അന്വേഷിക്കണമെന്നും സിപിഎം നിലപാട് വ്യക്തമാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. സുപ്രധാനമായ നിയമസഭാ ബജറ്റ് സമ്മേളനത്തിൽ പോലും പങ്കെടുക്കാതെയാണ് എംഎൽഎ മുങ്ങിയത്. നിലമ്പൂരിലെ ജനകീയ പ്രശ്നങ്ങളിൽ ഒന്നിൽപോലും ഇടപെടാതെ കഴിഞ്ഞ 42 ദിവസത്തിലധികമായി പി.വി അൻവർ എംഎൽഎ എവിടെയുണ്ടെന്ന് ആർക്കുമറിയാത്ത അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിലാണ് എംഎൽഎയെ കാണാനില്ലെന്ന് യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകിയത്. ഇതോടെ താൻ ബിസിനസ് ആവശ്യത്തിന് ആഫ്രിക്കയിലാണെന്നാണ് പി.വി അൻവർ ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചത്. രാഷ്ട്രീയ പ്രവർത്തനമല്ല തന്റെ വരുമാനമാർഗമെന്നും നിയമസഭാ അംഗം എന്ന നിലയിൽ ലഭിക്കുന്ന അലവൻസിനേക്കാൾ എത്രയോ അധികം തുക ഓരോ മാസങ്ങളിലും ചിലവഴിക്കുന്നുണ്ടെന്നുമാണ് എംഎൽഎ വ്യക്തമാക്കിയത്.
എന്നാൽ ഈ വിശദീകരണം ദുരൂഹത പടർത്തുകയാണ്. പി.വി അൻവർ പൊന്നാനിയിൽ മത്സരിക്കുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച് ആദായനികുതി കണക്കിൽ 2017-18 സാമ്പത്തിക വർഷം 40,59,083 രൂപയുടെ വരുമാന നഷ്ടമാണ് കാണിച്ചിരിക്കുന്നത്. ഇത്തരത്തിൽ വലിയ കടബാധ്യതയുള്ള പി.വി അൻവർ എംഎൽഎ എങ്ങിനെയാണ് ആഫ്രിക്കയിൽ ബിസിനസ് നടത്തുകയും വലിയ തുക ചെലവഴിക്കുകയും ചെയ്യുക എന്നത് വ്യക്തമാക്കണം.59 പേരുടെ മരണത്തിനിടയാക്കിയ കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പേരിൽപോലും ഭൂമികച്ചവടം നടത്തിയ മനുഷ്യത്വമില്ലാത്ത ക്രൂരനായ കച്ചവടക്കാരനാണ് പി.വി അൻവർ.
പ്രളയദുരിതബാധിതർക്ക് സുമനസുകൾ സൗജന്യമായി നൽകിയ സ്ഥലം സർക്കാരിനെകൊണ്ട് ഏറ്റെടുപ്പിക്കാൻ എംഎൽഎ സമ്മർദ്ദം ചെലുത്തിയെന്ന് തുറന്നു പറഞ്ഞത് മലപ്പുറം കളക്ടറാണ്. പ്രളയ പുനരധിവാസത്തിനു വേണ്ടി റീബിൽഡ് നിലമ്പൂരെന്ന പേരിൽ സ്വന്തം അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ പിരിച്ചെടുത്തിട്ടും നയാപൈസപോലും ചെലവഴിക്കാത്ത തട്ടിപ്പുകാരനാണ് അൻവർ. വയനാടിനും ഇടുക്കിക്കും പ്രളയ പുനരധിവാസത്തിന് സർക്കാർ പ്രത്യേക പാക്കേജ് അവതരിപ്പിച്ചിട്ടും രണ്ടു പ്രളയങ്ങൾ ഏറ്റുവാങ്ങിയ നിലമ്പൂരിന് ഒരു സ്‌പെഷൽ പാക്കേജ് പോലും കൊണ്ടുവരാൻ കഴിയാത്ത കഴിവുകെട്ട പൂർണപരാജയമായ ജനപ്രതിനിധിയാണ് പി.വി അൻവർ.
അഞ്ച് വർഷം കൊണ്ട് വികസനമില്ലാതെ നിലമ്പൂർ തകർന്നടിഞ്ഞപ്പോൾ പി.വി അൻവർ എംഎൽഎയാണ് വികസിച്ച് വളർന്നത്. 2016ൽ നിലമ്പൂരിൽ എംഎൽഎയായി മത്സരിക്കുമ്പോൾ 14.38 കോടി രൂപയായിരുന്നു പി.വി അൻവറിന്റെ ആസ്തി. 2019തിൽ പൊന്നാനിയിൽ മത്സരിക്കുമ്പോൾ ആസ്തി 49.95 കോടിയായി കുത്തനെ വർധിച്ചു.
ആദായനികുതി അടയ്ക്കാത്ത പി.വി അൻവർ 49.95 കോടിയുടെ സ്വത്തുക്കൾ ആർജ്ജിച്ചതെങ്ങനെ എന്ന് വ്യക്തമാക്കണം.സ്വർണക്കടത്തും മയക്കുമരുന്ന് ഇടപാടും ഖനനവുമാണ് പല ആഫ്രിക്കൻ രാജ്യങ്ങളിലേയും മാഫിയാ ബിസിനസ്. ഇത്തരം ബിസിനസിനാണോ എംഎൽഎ ആഫ്രിക്കയിൽ പോയതെന്ന ആശങ്കയുണ്ട്. പി.വി അൻവർ എംഎൽഎയുടെ വിദേശയാത്രകളും ബിസിനസുകളും കള്ളപ്പണ ഇടപാടുകളെയുംകുറിച്ച് സർക്കാർ സമഗ്ര അന്വേഷണം നടത്തണം.
നിലമ്പൂരിൽ എംഎൽഎയായ ഉടൻ പൂക്കോട്ടുംപാടത്തെ റീഗൾ എസ്റ്റേറ്റ് ഗുണ്ടാസംഘത്തെ ഉപയോഗിച്ച് പിടിച്ചെടുക്കാൻ ശ്രമിച്ച കേസിൽ പ്രതിയാവുകയായിരുന്നു എംഎൽഎ. മംഗലാപുരത്ത് ക്രഷറിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് സിപിഎം സഹയാത്രികനായ മലപ്പുറം നടുത്തൊടി സലീമിൽ നിന്നും 50 ലക്ഷം തട്ടിയെടുത്ത വഞ്ചനാകേസിലെ പ്രതിയാണ് പി.വി അൻവർ. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പി.വി അൻവറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുകയാണ്. നാടിന്റെ വികസനമല്ല തട്ടിപ്പും വെട്ടിപ്പും ഭൂമിപിടുത്തവും നടത്തി സ്വന്തം സമ്പത്ത് വികസിപ്പിക്കുകയാണ് പി.വി അൻവർ എന്നുമാണ് യൂത്ത്കോൺഗ്രസ് ആരോപിച്ചത്.
ഘാനയുടെ പ്രസിഡന്റ് നാന അഡോ ഡാൻങ്ക്വേ അകുഫോ അഡ്ഡോയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിന്റെ ലിങ്ക താഴെ...