- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മുഖ്യമന്ത്രി റിപ്പോർട്ട് തേടിയതോടെ വിരണ്ടു; കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തം കഴിഞ്ഞ് മൂന്നു വർഷം കഴിഞ്ഞിട്ടും വിതരണം ചെയ്യാതിരുന്ന റീബിൽഡ് നിലമ്പൂർ ഫണ്ട് മിന്നൽവേഗത്തിൽ കൈമാറി പി.വി അൻവർ എംഎൽഎ; ഫണ്ട് വിതരണത്തിലും വിവാദം
മലപ്പുറം: 59 പേരുടെ ജീവൻ കവർന്ന കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തം കഴിഞ്ഞ് മൂന്നു വർഷം കഴിഞ്ഞിട്ടും വിതരണം ചെയ്യാതിരുന്ന റീബിൽഡ് നിലമ്പൂരിന്റെ ഫണ്ട് മുഖ്യമന്ത്രി റിപ്പോർട്ട് തേടിയതോടെ മിന്നൽ വേഗത്തിൽ വിതരണം ചെയ്ത് പി.വി അൻവർ എംഎൽഎ.
ദുരന്തബാധിതരായ ഞെട്ടിക്കുളത്തെ നവകവളപ്പാറ പുനരധിവാസ ഗ്രാമത്തിലെ സിപിഎം പ്രവർത്തകരുടെ 24 കുടുംബങ്ങളിലെ കുട്ടികളാണ് സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പി.വി അൻവറിന് കെട്ടിവെക്കാൻ പണം നൽകിയ കുടുംബത്തിലെ കുട്ടികളാണ് കുടിവെള്ളവും റോഡും ചുറ്റുമതിലുമടക്കമില്ലാത്തതിന്റെ ദുരിതം വിവരിച്ച് മുഖ്യമന്ത്രിക്ക് പരാതി അയച്ചത്. മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും പരാതി നൽകിയിരുന്നു. കുട്ടികളുടെ പരാതിയിൽ മുഖ്യമന്ത്രി പോത്തുകൽ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും വിശദീകരണം തേടിയതോടെയാണ് ഞൊടിയിടയിൽ റീബിൽഡ് നിലമ്പൂർ ഫണ്ടിൽ നിന്നും പണം നൽകിയത്.
ഞെട്ടിക്കുളത്തെ നവകവളപ്പാറ പുനരധിവാസ ഗ്രാമത്തിൽ കിണറിനും ചുറ്റുമതിലിനും 10 ലക്ഷം രൂപയുടെ ചെക്കാണ് കൈമാറിയത്. പ്രളയ ബാധിതർക്ക് സർക്കാർ സഹായമെത്തും മുമ്പെ സഹായിക്കാനെന്ന പേരിലാണ് റീബിൽഡ് നിലമ്പൂരെന്ന പേരിൽ എംഎൽഎയുടെയും പോത്തുകൽ പഞ്ചായത്ത് പ്രസിഡന്റിന്റെയും ജോയിന്റ് അക്കൗണ്ടിലേക്ക് പണം സ്വീകരിച്ചത്.
പ്രളയത്തിൽ 4000 കോടിയുടെ നഷ്ടമുണ്ടായെന്നു പറഞ്ഞായിരുന്നു പിരിവ്. പി.വി അൻവർ എംഎൽഎ റീബിൽഡ് നിലമ്പൂർ യോഗത്തിൽ സ്വന്തം നിലക്ക് 10 ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ 23,89,000 രൂപയാണ് ലഭിച്ചതെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. എംഎൽഎയുടെ 10 ലക്ഷത്തിലും മൗനം പാലിക്കുകയാണ്.
നവകവളപ്പാറ ഗ്രാമത്തിന് നൽകിയ 10 ലക്ഷത്തിന് പുറമെ 10 വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്ന മുതുകുളത്ത് കുഴൽകിണർ നിർമ്മിക്കാൻ 2.30 ലക്ഷം, പനങ്കയത്ത് 6 എസ്.ടി കുടുംബങ്ങൾക്ക് കുഴൽകിണറിനായി 2.25 ലക്ഷം, ഭൂദാനം സ്നേഹതീരം ഭവനനിർമ്മാണ കമ്മിറ്റിക്ക് കുഴൽകിണറിനായി 1.25 ലക്ഷം എന്നിവയാണ് വിതരണം ചെയ്തത്. ബാക്കിവരുന്ന തുക കവളപ്പാറക്കാരുടെ അടിസ്ഥാന വികസനകാര്യങ്ങൾക്ക് ചെലവഴിക്കുമെന്നാണ് എംഎൽഎ അറിയിച്ചത്.
അതേസമയം റീബിൽഡ് നിലമ്പൂരിന്റെ ഫണ്ട് വിതരണത്തിലും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിലും യാതൊരുകൂടിയാലോചനയോ ഉണ്ടായില്ലെന്ന ആക്ഷേപമാണ് പ്രതിപക്ഷവും കവളപ്പാറ കോളനികൂട്ടായ്മയും ഉയർത്തുന്നത്.എം.എ യൂസഫലി വീട് നിർമ്മിച്ചു നൽകിയ 33 കുടുംബങ്ങൾക്കും ആനക്കല്ലിലെ 22 ആദിവാസി കുടുംബങ്ങൾക്കും ഒരു സഹായവും നൽകിയിട്ടില്ല. റീബിൽഡ് നിലമ്പൂരിനായി പിരിക്കുന്ന പണം വെബ്സൈറ്റുണ്ടാക്കി പ്രസിദ്ധപ്പെടുത്തുമെന്ന് എംഎൽഎ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നുമുണ്ടായില്ല.
റീബിൽഡിനായി പല സ്വകാര്യ വ്യക്തികളും സ്ഥലം സൗജന്യമായി നൽകിയിരുന്നെങ്കിലും അതിന്റെ വിവരങ്ങളുമില്ല. പി.വി അബ്ദുൽവഹാബ് എംപി രക്ഷാധികാരിയും ജനപ്രതിനിധികളടക്കം അംഗങ്ങളുമായാണ് റീബിൽഡ് നിലമ്പൂർ കമ്മിറ്റി രൂപീകരിച്ചത്. എന്നാൽ പണത്തിന്റെ കണക്ക് അവതരിപ്പിക്കുകയോ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് കമ്മിറ്റി കൂടുകപോലും ചെയ്തിട്ടില്ല. കവളപ്പാറയിൽ 20 കുടുംബങ്ങളിലെ നൂറോളം പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണ്. വീട് നഷ്ടപ്പെട്ട പലരും വാടകവീടുകളിലാണ് താമസിക്കുന്നത്.
കവളപ്പാറയിലെ പുനരധിവാസം മൂന്ന് വർഷം കഴിഞ്ഞിട്ടും പൂർത്തിയായിട്ടില്ല. പ്രളയബാധിതരുടെ പേരിൽ സുമനസുകളിൽ നിന്നും സമാഹരിച്ച പണം പ്രതിപക്ഷ പഞ്ചായത്തംഗങ്ങളെപ്പോലും അറിയിക്കാതെയാണ് വിതരണം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് സ്രാമ്പിക്കൽ നാസർ പറഞ്ഞു.
രാഷ്ട്രീയത്തിനതീതമായി അർഹതയുള്ള ഗുണഭോക്താക്കൾക്ക് സുതാര്യമായാണ് ഫണ്ട് വിതരണം ചെയ്യേണ്ടതെന്ന് കവളപ്പാറ കോളനി കൂട്ടായ്മ കൺവീനറും പഞ്ചായത്തംഗവുമായ എം.എസ് ദിലീപ് പറഞ്ഞു. റീബിൽഡ് ഫണ്ട് വിതരണത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജൻ, സിപിഎം ഏരിയാ സെക്രട്ടറിയും ലോക്കൽ സെക്രട്ടറിയും പഞ്ചായത്തിലെ ഭരണപക്ഷ അംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. മറ്റ് പഞ്ചായത്തംഗങ്ങളെയോ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയോ അറിയിക്കാതെയായിരുന്നു ചടങ്ങ്