മലപ്പുറം: കൊടുവള്ളിയിലെ ആഡംബര കാർ യാത്രാ വിവാദത്തിൽ പെട്ട സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന ജനജാഗ്രത യാത്രയിൽ കൂടുതൽ ജാഗ്രതയുമായി സി.പി.എം. നിലമ്പൂരിലെ ആരോപണ വിധേയനായ സി.പി.എം സ്വതന്ത്ര എംഎൽഎ പി വി അൻവറിനെ കോടിയേരിയുടെ ജനജാഗ്രതായാത്രയിൽ നിന്നും മാറ്റി നിർത്തി.

നിലമ്പൂരിലെ സ്വീകരണ യോഗത്തിൽ നിന്നുമാണ് പി വി അൻവർ എംഎൽഎയെ പങ്കെടുപ്പിക്കാതിരുന്നത്. നടപടി വാട്ടർ തീം പാർക്കുമായി ബന്ധപ്പെട്ട വിവാദത്തിൽ പെട്ടതിനെ തുടർന്നാണ്. എന്നാൽ, ഇക്കാര്യത്തിൽ വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് സി.പി.എം ജില്ലാ നേതൃത്വം വ്യക്തമാക്കി. എംഎൽഎയെ സ്വീകരണ യോഗത്തിൽ നിന്നും മാറ്റി നിർത്തിയിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി പി പി വാസുദേവൻ വ്യക്തമാക്കി. എംഎൽഎ മാറി നിന്നത് ജില്ലാ നേതൃത്വത്തിന് അറിയില്ലെന്നും പ്രദേശിക നേതൃത്വത്തിന്റെ കാര്യം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കൊടുവള്ളിയിൽ പ്രാദേശിക നേതൃത്വം ജാഗ്രത കുറവ് കാട്ടിയെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ കൂടിയാണ് പി വി അൻവറിനെ മാറ്റി നിർത്തിയത് എന്നാണ് അറിയുന്നത്.

നേരത്തെ പി വി അൻവർ എംഎൽഎക്കെതിരെ കടുത്ത ആരോപണങ്ങളാണ് പുറത്തുവന്നത്. അദ്ദേഹത്തിന്റെ വാട്ടർ തീം പാർക്ക് പ്രവർത്തിക്കുന്നത് ചട്ടങ്ങൾ കാറ്റിൽപ്പറത്തിയാണെന്നും മാത്രമല്ല, ഭൂപരിഷ്‌ക്കരണ നിയമങ്ങൾ കാറ്റിൽപ്പറത്തി ഭൂമി കൈവശംവെച്ചുവെന്നുമാണ് ആരോപണം. ഇടത് പി.വി. അൻവർ എംഎ‍ൽഎ ഭൂപരിധിനിയമം ലംഘിച്ച് ഭൂമി കൈവശം വച്ചിരിക്കുന്നതിന്റെ രേഖകൾ നേരത്തെ പുറത്തുവന്നിരുന്നു.

ഒരാൾക്ക് പരമാവധി 15 ഏക്കർ കാർഷികേതര ഭൂമി മാത്രമേ കൈവശം വെക്കാവു എന്നിരിക്കെ അൻവറിന്റെ കൈവശം 203 ഏക്കർ ഭൂമിയുണ്ടെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ഒരു വ്യക്തിക്ക് പരമാവധി 15 ഏക്കർ കാർഷികേതരഭൂമി മാത്രമേ കൈവശം വെക്കാവു എന്നിരിക്കെ നിലമ്പൂർ എം എൽ എയുടെ കൈവശം 203 ഏക്കർ കാർഷികേതര ഭൂമിയുണ്ടെന്ന് അദ്ദേഹം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച രേഖകൾ വ്യക്തമാക്കുന്നു

നിയമം ലംഘിച്ച് വാട്ടർ തീം പാർക്ക് നടത്തി കുരുക്കിൽ പെട്ട പി.വി. അൻവറിനെതിരെ കൂടുതൽ ഗൗരവമുള്ള തെളിവുകളാണ് പുറത്ത് വരുന്നത്. ചതുരശ്ര അടി കണക്കിലാണ് എംഎൽഎ ഭൂമിയുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചത്. ഇത് സെന്റിലേക്കും ഏക്കറിലേക്കും മാറ്റി കണക്കാക്കുമ്പോൾ പെരകമണ്ണയിൽ 10 സെനെറ്, തൃക്കലങ്ങോട് 30.43 സെന്റെ, പെരകമണ്ണയിൽ തന്നെ മറ്റൊരു 17 സെന്റ്, തൃക്കലങ്ങോട് 227/2 സർവ്വെ നമ്പറിൽ 62 സെന്റ്, തൃക്കലങ്ങോട്ട് തന്നെ 62യ141 എന്ന സർവ്വേയിൽ 201 ഏക്കർ ഭൂമി എന്നിങ്ങനെ 7 ഇടത്തായി ഭൂമിയുണ്ടെന്ന് വിശദമാക്കുന്നു.

ഈ കണക്കുകൾ കൂട്ടിയാൽ അൻവറിന്റെ പേരിലുള്ളത് 203.43 ഏക്കർ ഭൂമിയാണ്. സംസ്ഥാനത്ത് നിലവിലുള്ള നിയമമനുസരിച്ച് 188 ഏക്കർ ഭൂമി അധികം കൈവശം വെച്ചിരിക്കുന്നു. പ്ലാന്റഷനല്ല ഭൂമി എന്നിരിക്കെ എംഎൽഎയുടേത് കടുത്ത നിയമലംഘനം ആണ്. ജില്ലാ കളക്ടർമാർ റവന്യൂ ഉദ്യോഗസ്ഥരെ നിയോഗിച്ച് ഇത്തരം ഭൂമി പിടിച്ചെടുക്കണമെന്നാണ് ലാന്റ് റിഫോസ് ആക്ടിലെ വ്യവസ്ഥ. ഇത്രയും ഭുമിയില്ല എന്ന് പറഞ്ഞൊഴിയാൻ എംഎൽഎയ്ക്കാകില്ല. 2014ലും ഇതേ കണക്കുകളാണ് അൻവർ തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ചത്.