- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തടയണ പൊളിക്കാനുള്ള ഉത്തരവ് മറികടക്കാൻ സ്ഥലം വിൽപ്പന; തടയണ പൊളിച്ചാൽ തന്റെ വസ്തുവിലേക്കുള്ള വഴി നഷ്ടമാകുമെന്ന് വാദിച്ച് സ്റ്റേയും വാങ്ങി; കക്കാടംപൊയിൽ റിസോർട്ടിലെ നാല് തടയണകൾ പൊളിക്കാതിരിക്കാൻ പി.വി.അൻവർ എംഎൽഎ പയറ്റുന്ന തന്ത്രങ്ങൾ
മലപ്പുറം: കക്കാടംപൊയിലിലെ പി.വി ആർ നാച്വറോ റിസോർട്ടിൽ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് നിർമ്മിച്ച നാലു തടയണകളും പൊളിച്ചുനീക്കാനുള്ള കോഴിക്കോട് ജില്ലാ കളക്ടറുടെ ഉത്തരവ് മറികടക്കാൻ സ്ഥലം വിൽപ്പന നടത്തി പി.വി അൻവറിന്റെ തന്ത്രം. എംഎൽഎയിൽ നിന്നും സ്ഥലം വാങ്ങിയ മലപ്പുറം ജില്ലയിലെ കോൺട്രാക്ടർ ഷെഫീഖ് ആലുങ്ങൽ തടയണ പൊളിച്ചാൽ തന്റെ വസ്തുവിലേക്കുള്ള വഴി നഷ്ടമാകുമെന്ന് പറഞ്ഞ് ഹൈക്കോടതിയെ സമീപിച്ച് തടയണപൊളിക്കലിന് താൽക്കാലിക സ്റ്റേ നേടിയിരിക്കുകയാണിപ്പോൾ.
തടയണക്ക് മുകളിലൂടെ നിർമ്മിച്ച റോഡും വഴിയും അടക്കം പരിശോധിക്കുന്നതിന് ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ ഇന്ന് രാവിലെ സ്ഥലപരിശോധന നടത്തി. രേഖകൾ സമർപ്പിക്കാനെത്തിയ പരിസ്ഥിതി പ്രവർത്തകരെ റിസോർട്ടിൽ പ്രവേശിപ്പിക്കാതെ തടഞ്ഞു.
പരിസ്ഥിതി പ്രവർത്തകരിൽ തടയണകൾക്കെതിരെ ഹൈക്കോടതിയെ സമീപിച്ച കേരള നദീസംരക്ഷണ സമിതി ജനറൽ സെക്രട്ടറി ടി.വി രാജനെ മാത്രമാണ് കമ്മീഷന് മുമ്പാകെ ഹാജരായി തെളിവുകൾ സമർപ്പിക്കാൻ കഴിഞ്ഞത്.
തടയണക്കെതിരായ പരാതിക്കാരൻ കക്കാടംപൊയിൽ സ്വദേശി കെ.വി ജിജു, നദീസംരക്ഷണ സമിതി ജില്ലാ സെക്രട്ടറി ശബരരി മുണ്ടക്കൽ, കെ.ടി വീരജ് അടക്കമുള്ളവരെയാണ് ഗേറ്റിന് മുന്നിൽ തടഞ്ഞത്. തടയണക്ക് അനുകൂല നിലപാടുള്ളവരെ മാത്രമാണ് റിസോർട്ടിലേക്ക് കടത്തിവിട്ടത്. മുമ്പ് കക്കാടംപൊയിലിലെ തടയണ അടക്കമുള്ള പി.വി അൻവർ എംഎൽഎയുടെ അധികൃത നിർമ്മാണങ്ങൾ സന്ദർശിക്കാനെത്തിയ ഡോ. എം.എൻ കാരശേരിയുടെ നേതൃത്വത്തിലുള്ള സാംസ്കാരിക, പരിസ്ഥിതി പ്രവർത്തകർക്കുനേരെ കക്കാടംപൊയിലിൽ ആക്രമണമുണ്ടായിരുന്നു.
ടി.വി രാജനാണ് അനധികൃത തടയണകൾക്കെതിരെ നടപടിയാവശ്യപ്പെട്ട് ആദ്യം ഹൈക്കോടതിയെ സമീപിച്ചത്. പരാതിയിൽ രണ്ടു മാസത്തിനകം കളക്ടർ തീരുമാനമെടുക്കണമെന്ന് 2020 ഡിസംബർ 22ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് അനുമതിയില്ലാതെയാണ് തടയണ കെട്ടിയതെന്ന കൂടരഞ്ഞി വില്ലേജ് ഓഫീസറുടെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും റിപ്പോർട്ട് പരിഗണിച്ചുവേണം കളക്്ടർ നടപടിയെടുക്കണ്ടതെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതി ഉത്തരവ് വന്ന് 5 മാസം കഴിഞ്ഞിട്ടും നടപടിയെടുക്കാഞ്ഞതോടെ കളക്ടർക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടിയാവശ്യപ്പെട്ട് രാജൻ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ തടയണകൾ ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്നും അല്ലാത്തപക്ഷം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സ്വന്തം ചെലവിൽ പൊളിച്ചുനീക്കി ഇതിനു ചെലവായ തുക തടയണകെട്ടിയവരിൽ നിന്നും ഈടാക്കണമെന്ന് കോഴിക്കോട് കളക്ടർ ഡോ. നരസിംഹുഗാരി ടി.എൽ റെഡി 2021 ഓഗസ്റ്റ് 30ന് ഉത്തരവിട്ടു. സമയപരിധികഴിഞ്ഞിട്ടും തടയണ പൊളിക്കാൻ പഞ്ചായത്ത് നടപടിയെടുക്കാഞ്ഞതോടെ കേരള നദീസംരക്ഷണ സമിതി ജനറൽ സെക്രട്ടറി ടി.വി രാജൻ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തടയണ പൊളിക്കാനുള്ള കോഴിക്കോട് കളക്ടറുടെ ഉത്തരവിറങ്ങി രണ്ട് മാസം കഴിഞ്ഞ് 2021 നവംബർ 29തിനാണ് പി.വി അൻവർ എംഎൽഎ തടയണ ഉൾപ്പെടുന്ന 36.5293 ആർ സ്ഥലം(90.30 സെന്റ്) വിൽപ്പന നടത്തിയത്. ഇതിനു ശേഷമാണ് സ്ഥലം വാങ്ങിയ കോൺട്രാക്ടർ തടയണപൊളിച്ചാൽ തന്റെ സ്ഥലത്തേക്ക് വഴിയുണ്ടാവില്ലെന്നു കാണിച്ച് ഹൈക്കോടതിയെ സമീപിച്ചത്. രണ്ടും കേസും ഒന്നിച്ചാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
നേരത്തെ ചീങ്കണ്ണിപ്പാലിയിലെ വിവാദ തടയണപൊളിക്കാൻ മലപ്പുറം കളക്ടർ ഉത്തരവിട്ടപ്പോൾ തടയണ ഉൾപ്പെടുന്ന സ്ഥലം ഭാര്യാ പിതാവിന്റെ പേരിലേക്ക് പി.വി അൻവർ മാറ്റിയിരുന്നു. തടയണ പൊളിക്കുന്നതിനെതിരെ അൻവറിന്റെ ഭാര്യാ പിതാവ് ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ നിന്നും താൽക്കാലിക സ്റ്റേ നേടിയെങ്കിലും പിന്നീട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അൻവറിന്റെ ഭാര്യാ പിതാവിന്റെ ഹരജി തള്ളി തടയണ പൊളിക്കാനുള്ള മലപ്പുറം കളക്ടറുടെ ഉത്തരവ് ശരിവെക്കുകയായിരുന്നു. ഇതോടെ തടയണ ഭാഗികമായി പൊളിക്കുകയും ചെയ്തു. ചീങ്കണ്ണിപ്പാലിയിലെ തന്ത്രം തന്നെയാണിപ്പോൾ അൻവർ കക്കാടംപൊയിലിലും പയറ്റുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്