- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
''ഇൻശ അള്ള, ഈ മഗ്രിബിന്റെ സമയത്ത് റബ്ബിനെ സാക്ഷി നിർത്തി ഞാൻ നിങ്ങളോട് പറയുന്നു... ഇഹലോകവും പരലോകവുമില്ലാത്തവർക്ക് വേട്ടു ചെയ്ത് വിട്ടിട്ട് എന്താണ് കാര്യം... ബാക്കിയൊന്നും ഞാൻ പറയേണ്ട കാര്യമില്ലല്ലോ'; പി വി അൻവർ എംഎൽഎ വർഗീയത പറഞ്ഞ് വോട്ടുപിടിച്ചെന്ന പരാതിയിൽ പെരിന്തൽമണ്ണ സബ് കളക്ടർ അന്വേഷണമാരംഭിച്ചു
മലപ്പുറം: പി.വി അൻവർ എംഎൽഎ മതവും വർഗീയതയും പറഞ്ഞ് വോട്ടുപിടിച്ചെന്ന പരാതിയിൽ പെരിന്തൽമണ്ണ സബ് കളക്ടർ അന്വേഷണമാരംഭിച്ചു. മലപ്പുറം ജില്ലാ വരണാധികാരികൂടിയായ കളക്ടർ കെ. ഗോപാലകൃഷ്ണന്റെ നിർദ്ദേശപ്രകാരമാണ് പെരിന്തൽമണ്ണ സബ് കളക്ടർ അന്വേഷണം ആരംഭിച്ചത്. ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് സബ് കളക്ടർ കെ.എസ് അഞ്ജു പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും പരാതിയിൽ കളക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. പി.വി അൻവർ എംഎൽഎ വർഗീയത പറഞ്ഞ് വോട്ട്പിടിച്ച വാർത്ത ശബ്ദരേഖകളുടെ തെളിവുകളോടെ മറുനാടൻ മലയാളിയാണ് ആദ്യം പുറത്തുവിട്ടത്.
തുടർന്നാണ് നിലമ്പൂർ നഗരസഭയിലെ വോട്ടറും നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായ ഷാജഹാൻ പായിമ്പാടമാണ് അൻവറിന്റെ പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ്പ് സഹിതം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും മലപ്പുറം കളക്ടർക്കും പരാതി നൽകിയത്. നിലമ്പൂർ നഗരസഭയിലെ വൃന്ദാവനംകുന്നിലെ യോഗത്തിൽ മതവും വർഗീയതയും പറഞ്ഞ് അൻവർ വോട്ടു ചോദിക്കുന്ന പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ്പാണ് പരാതിക്കൊപ്പം സമർപ്പിച്ചിട്ടുള്ളത്. നഗരസഭയിലെ 9-ാം ഡിവിഷൻ ചന്തക്കുന്നിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി ആബിദക്ക് വേട്ടുതേടിയായിരുന്നു എംഎൽഎയുടെ വിവാദ പ്രസംഗം.
''ഇൻശ അള്ള, ഈ മഗ്രിബിന്റെ സമയത്ത് റബ്ബിനെ സാക്ഷി നിർത്തി ഞാൻ നിങ്ങളോട് പറയുന്നു. ഇത് രാഷ്ട്രീയമൊന്നുമല്ല. എനിക്ക് വോട്ടു ചെയ്ത ഈ മനുഷ്യന്മാരെ സഹായിക്കൽ എന്റെ അനാമത്താണ്. ഈ ചെയ്യുന്ന പ്രവൃത്തിയൊക്കെ ഇബാദത്താണ്. ഇഹലോകവും പരലോകവുമില്ലാത്തവർക്ക് വേട്ടു ചെയ്ത് വിട്ടിട്ട് എന്താണ് കാര്യം. ബാക്കിയൊന്നും ഞാൻ പറയേണ്ട കാര്യമില്ലല്ലോ. മനസിലാക്കാനുള്ള ശേഷി നിങ്ങൾക്കുണ്ടാകും. പടച്ചോനെ പേടിയുള്ളവനേ പടപ്പിനെയും പേടിക്കൂ. പടച്ചോനെ പേടിക്കാത്തവർക്ക് എന്തിന് പടപ്പിനെ പേടിക്കണം. അതു മനസിലാക്കി കൊള്ളീ. '' ആബിദയെ നിങ്ങൾ തോൽപ്പിച്ചാലും മുനിസിപ്പാലിറ്റി പടച്ചോൻ തന്നാൽ കുടിവെള്ളം തരുമെന്നും പ്രസംഗത്തിൽ അൻവർ പറയുന്നുണ്ട്.
ഏഴു മിനിറ്റും ഏഴു സെക്കന്റും ദൈർഘ്യമുള്ളതാണ് അൻവറിന്റെ പ്രസംഗം. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ വൃന്ദാവൻകുന്ന് ഉൾക്കൊള്ളുന്ന ചന്തക്കുന്ന് 9-ാംഡിവിഷനിൽ ആബിദ താത്തൂക്കാരൻ ഇടതു പക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയും കോൺഗ്രസ് സ്ഥാനാർത്ഥി ശ്രീജ വെട്ടത്തേഴത്തുമാണ്.
ഇടതുസ്ഥാനാർത്ഥിയുടെ വിജയത്തിനായി മുസ്ലിം ഭൂരിപക്ഷ ഡിവിഷനിൽ മതവികാരം ഇളക്കിവിടുന്നതിനായി ബോധപൂർവം എംഎൽഎ നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനവും ജനപ്രാതിനിത്യ നിയമം 123 (3)വകുപ്പു പ്രകാരവും ഐ.പി.സി 171 (എഫ്) പ്രകാരവും കുറ്റകരമാണെന്നു ചൂണ്ടികാട്ടിയാണ് ഷാജഹാൻ പരാതി നൽകിയത്.