- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഇൻശ അള്ള, ഈ മഗ്രിബിന്റെ സമയത്ത് റബ്ബിനെ സാക്ഷി നിർത്തി ഞാൻ നിങ്ങളോട് പറയുന്നു; ഇഹ ലോകവും പരലോകവും ഇല്ലാത്തവർക്ക് വോട്ടു ചെയ്ത് വിട്ടിട്ട് എന്താണ് കാര്യം; പടച്ചോനെ പേടിയുള്ളവനേ പടപ്പിനെയും പേടിക്കൂ; പടച്ചോനെ പേടിക്കാത്തവർക്ക് എന്തിന് പടപ്പിനെ പേടിക്കണം; പി വി അൻവർ എംഎൽഎ മതം പറഞ്ഞ് വോട്ടുപിടിക്കുന്നതായി ആക്ഷേപം; ഓഡിയോ പുറത്ത്
മലപ്പുറം: മതം പറഞ്ഞും സാമുദായിക വികാരം ഇളക്കിവിട്ടും നിലമ്പൂരിലെ ഇടത് എംഎൽഎ പി.വി അൻവർ എംഎൽഎയുടെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ പ്രസംഗം വിവാദത്തിൽ. ഇതിന്റെ ഓഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ പരാതി നൽകാൻ ഒരുങ്ങുകയാണ് യുഡിഎഫ് കേന്ദ്രങ്ങൾ.
'റബ്ബിനെ സാക്ഷി നിർത്തി ഞാൻ പറയുന്നു. ഇഹലോകവും പരലോകവുമില്ലാത്തവർക്ക് വോട്ടു ചെയ്ത് വിട്ടിട്ട് എന്ത് കാര്യം' എന്ന് ചോദിച്ചുകൊണ്ടാണ് അൻവർ എംഎൽഎയുടെ പ്രസംഗം. നിലമ്പൂർ നഗരസഭയിലെ വൃന്ദാവനംകുന്നിലെ യോഗത്തിലാണ് അൻവർ വോട്ടു ചോദിക്കുന്ന പ്രസംഗത്തിന്റെ ഓഡിയോ പുറത്തുവന്നത്. നഗരസഭയിലെ ചന്തക്കുന്ന് ഡിവിഷനിലെലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി അബിദക്ക് വേട്ടുതേടിയായിരുന്നു എംഎൽഎയുടെ പ്രസംഗം.
''ഇൻശ അള്ള, ഈ മഗ്രിബിന്റെ സമയത്ത് റബ്ബിനെ സാക്ഷി നിർത്തി ഞാൻ നിങ്ങളോട് പറയുന്നു. ഇത് രാഷ്ട്രീയമൊന്നുമല്ല. എനിക്ക് വോട്ടു ചെയ്ത ഈ മനുഷ്യന്മാരെ സഹായിക്കൽ എന്റെ അനാമത്താണ്. ഈ ചെയ്യുന്ന പ്രവൃത്തിയൊക്കെ ഇബാദത്താണ്. ഇഹലോകവും പരലോകവുമില്ലാത്തവർക്ക് വോട്ടു ചെയ്ത് വിട്ടിട്ട് എന്താണ് കാര്യം. ബാക്കിയൊന്നും ഞാൻ പറയേണ്ട കാര്യമില്ലല്ലോ. മനസിലാക്കാനുള്ള ശേഷി നിങ്ങൾക്കുണ്ടാകും. പടച്ചോനെ പേടിയുള്ളവനേ പടപ്പിനെയും പേടിക്കൂ. പടച്ചോനെ പേടിക്കാത്തവർക്ക് എന്തിന് പടപ്പിനെ പേടിക്കണം. അതു മനസിലാക്കി കൊള്ളീ. '' ആബിദയെ നിങ്ങൾ തോൽപ്പിച്ചാലും മുനിസിപ്പാലിറ്റി പടച്ചോൻ തന്നാൽ കുടിവെള്ളം തരുമെന്നും പ്രസംഗത്തിൽ അൻവർ പറയുന്നുണ്ട്.
ഏഴു മിനിറ്റും ഏഴു സെക്കന്റും ദൈർഘ്യമുള്ളതാണ് അൻവറിന്റെ പ്രസംഗം. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ വൃന്ദാവൻകുന്ന് ഉൾക്കൊള്ളുന്ന ചന്തക്കുന്ന് 9-ാംഡിവിഷനിൽ ആബിദ താത്തൂക്കാരൻ ഇടതു പക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയും കോൺഗ്രസ് സ്ഥാനാർത്ഥി ശ്രീജ വെട്ടത്തേഴത്തുമാണ്. നേരത്തെ നിലമ്പൂരിലെ കുടുംബയോഗത്തിൽ ''ഡൽഹിയിൽ നിന്നും കുറെ ഹമുക്കുകളെ വിട്ടിട്ടുണ്ട്. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ ഈ ഏജൻസികൾ കടന്നുവരുമെന്നും അൻവർ പ്രസംഗിച്ചിരുന്നു.''
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കവേ രാഹുൽഗാന്ധിയുടെ കരങ്ങൾക്ക് കരുത്ത്പകരാൻ തന്നെ വിജയിപ്പിക്കണമന്ന് അൻവർ പ്രസംഗിച്ചതും വിവാദമായിരുന്നു. പൊന്നാനിയിൽ പരാജയപ്പെട്ടാൽ എംഎൽഎ സ്ഥാനം രാജിവെക്കുമെന്നും രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്നും പ്രഖ്യാപനവുമുണ്ടായിരുന്നു. പൊന്നാനിയിൽ ഇ.ടി മുഹമ്മദ്ബഷീറിനോട് 1,93,273 വോട്ടുകൾക്ക് പരാജയപ്പെട്ടപ്പോൾ പ്രഖ്യാപനത്തെ തള്ളിപ്പറയുകയായിരുന്നു അൻവർ. മലപ്പുറത്ത് ലീഗ് മതംപറഞ്ഞ് വോട്ടുപിടക്കുന്നുവെന്ന് വിമർശിക്കുന്ന സിപിഎം നേതൃത്വത്തിന് സ്വന്തം എംഎൽഎയുടെ വർഗീയ പ്രസംഗം തിരിച്ചടിയാവുകയാണ്.