- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദീപുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തം എന്റെ തലയിൽ കെട്ടിവെക്കുന്നു; പ്രതി ചേർക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നു; തനിക്ക് ഇതിൽ പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമില്ല; പൊലീസ് അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെ; പ്രതികരണവുമായി പി വി ശ്രീനിജൻ എംഎൽഎ
കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ മരണത്തിന്റെ പി വി ശ്രീനിജൻ എംഎൽഎ തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ചു കൊണ്ട് രംഗത്തുവന്നു. ഉത്തരവാദിത്തം തന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമം നടക്കുന്നതായി എംഎൽഎ പി വി ശ്രീനിജൻ ആരോപിച്ചു. തനിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയേപ്രരിതമാണ്. കേസിൽ തന്നെ പ്രതി ചേർക്കാനാണ് ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത്. പൊലീസ് അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെ എന്നും പി വി ശ്രീനിജൻ പറഞ്ഞു.
ദീപുവിന്റെ മരണം ദൗർഭാഗ്യകരമാണ്. തനിക്ക് ഇതിൽ പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമില്ലെന്നും പി വി ശ്രീനിജൻ അഭിപ്രായപ്പെട്ടു. ഗൂഢാലോചനയിൽ പങ്കെടുത്തു എന്നത് രാഷ്ട്രീയപ്രേരിതമായ ആരോപണമാണ്. നൂറുശതമാനം താൻ നിരപരാധിയാണെന്നും ശ്രീനിജൻ പറഞ്ഞു. അതേസമയം ദീപുവിന്റെ മരണത്തിന് പിന്നിൽ പി വി ശ്രീനിജനാണെന്ന് ട്വന്റി ട്വന്റി ആരോപിച്ചു. സംഭവസ്ഥലത്ത് ശ്രീനിജൻ എംഎൽഎയുടെ സാന്നിധ്യം ഉണ്ടായിരുന്നതായും ആരോപണമുണ്ട്. ദീപുവിനെ സിപിഎം പ്രവർത്തകർ തല്ലിക്കൊന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. സിപിഎം നേതാക്കളുടെ മുന്നിൽ വച്ചാണ് ദീപുവിനെ ക്രൂരമായി മർദ്ദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം പ്രവർത്തകരുടെ മർദനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ട്വന്റി ട്വന്റി പ്രവർത്തകൻ കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിൽ ചായാട്ടുഞാലിൽ സി കെ ദീപു (38) ആണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്.
ഈ മാസം 12ന് കിഴക്കമ്പലത്തു നടന്ന ലൈറ്റ് അണയ്ക്കൽ പ്രതിഷേധത്തിനിടെയാണ് ദീപുവിനെ സിപിഎം പ്രവർത്തകർ മർദിച്ചത്. ട്വന്റി20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വികസന പ്രവർത്തനങ്ങളെ പൊലീസിനെയും ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് എംഎൽഎ തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് ലൈറ്റ് അണയ്ക്കൽ പ്രതിഷേധം നടത്തിയത്. ഇതിന്റെ ഭാഗമായി ദീപുവും വീട്ടിൽ പ്രതിഷേധസമരത്തിൽ പങ്കാളിയായി.
ഇതേത്തുടർന്ന് സിപിഎം പ്രവർത്തകരായ ഒരുസംഘമാളുകൾ ദീപുവിനെ കയ്യേറ്റം ചെയ്യുകയും മർദിക്കുകയുമായിരുന്നു എന്നാണ് പരാതി. ദീപുവിന്റെ വീടിനു മുന്നിലെത്തിയ അക്രമികൾ, ദീപുവിന് ചികിത്സ നൽകുകയോ പൊലീസിൽ അറിയിക്കുകയോ ചെയ്താൽ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.
സംഭവത്തിൽ നാല് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പറാട്ടുവീട് സൈനുദീൻ സലാം, പറാട്ടു ബിയാട്ടു വീട്ടിൽ അബ്ദുൽ റഹ്മാൻ, നെടുങ്ങാടൻ വീട്ടിൽ ബഷീർ, അസീസ് വലിയപറമ്പിൽ എന്നിവരാണ് അറസ്റ്റിലായത്. കോലഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ