തിരുവനന്തപുരം: കേരളം മുഴുവൻ ഒരുപോലെ ആഘോഷിച്ചതാണ് തിരുവനനന്തപുരത്തു നിന്നും മൂന്ന് മണിക്കൂർ കൊണ്ട് ഹൃദയം കൊച്ചിയിൽ എത്തിച്ച് ശസ്ത്രക്രിയ നടത്തി വിജയിച്ച സംഭവം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇടപെടലും ഡോക്ടർമാരുടെയും പൊലീസിന്റെയും എല്ലാം ഏകോപനവും ഹൃദയം മാറ്റിവെയ്ക്കൽ രംഗത്തെ പുതിയ കാൽവെയ്‌പ്പായ ഈ സംഭവത്തിൽ ഉണ്ടായിട്ടുണ്ട്. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും മാദ്ധ്യമങ്ങൾ വാനോളം പുകഴ്‌ത്തുകയും ചെയ്തു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പുകഴ്‌ത്തിയായിരുന്നു മനോരമ ദിനപത്രം അടക്കമുള്ളവർ മുന്നിൽ നിന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ എന്തുകൊണ്ടും അഭിനന്ദനം അർഹിക്കുന്നത് തന്നെയാണ്. ഇങ്ങനെ അഭിനന്ദനം അർഹിക്കുന്നവരുടെ കൂട്ടത്തിൽ ആരെയെങ്കിലും വിട്ടുപോയോ? പൊലീസുകാരുടെ കാര്യത്തിൽ ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നാണ് ചില കോണുകളുടെ ഭാഗത്തു നിന്നും ഉയരുന്ന പരിഭവം.

നേവൽ ബേസിൽ നിന്നും ആംബുലൻസിൽ ലിസി ആശുപത്രിയിൽ ഹൃദയം എത്തിച്ചത് 5 മിനിട്ടിൽ താഴെ സമയം കൊണ്ടായിരുന്നു. ഇങ്ങനെ എത്തിച്ച ആംബുസൻസ് ഡ്രൈവറെ പുകഴ്‌ത്താൻ മാദ്ധ്യമങ്ങൾ മത്സരിച്ചപ്പോൾ വഴിയൊരുക്കിയ കൊച്ചി സിറ്റി കൺട്രോൾ റൂമിലെ ഡ്രൈവർ ജാക്‌സനെയും സഹ പ്രവർത്തകരെയും ആരും കണ്ടില്ലെന്ന പരിഭവമാണ് പി വിജയൻ ഐപിഎസ് രേഖപ്പെടുത്തിയത്. പൊലീസുകാർ ആയതുകൊണ്ട് അവർക്ക് അഭിനന്ദനം വേണ്ടേ എന്ന ചോദ്യമാണ് ഇദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ചത്. തന്റെ പരിഭവം പങ്കുവച്ചു കൊണ്ട് പി വിജയൻ ഐപിഎസ് ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്:

ഹൃദയം മാറ്റിവയ്ക്കൽ രംഗത്ത് പുതുകാൽ വയ്പ്!!! എയർ ആംബുലൻസിൽ എത്തിച്ച ഹൃദയം നേവൽ ബേസിൽ നിന്നു 5 മിനിട്ടിൽ താഴെ സമയം കൊണ്ട് ലിസി ഹോസ്പിറ്റലിൽ എത്തിച്ചു!!!! ആംബുലൻസ് ഡ്രൈവറെ 20 ഓളം ചാനലുകൾ തൽസമയം അഭിനന്ദിച്ചു??? എന്നാൽ ടി വാഹനത്തിന് പൈലറ്റ് ചെയ്ത കൊച്ചി സിറ്റി കൺട്രോൾ റൂമിലെ ഡ്രൈവർ ജാക്‌സനെയും സഹപ്രവർത്തകരെയും ആരും കണ്ടില്ല !!!! കാരണം അവർ പൊലീസാണ്!! എന്നാണ് സമൂഹമേ ഇതിൽ മാറ്റം വരുന്നത്????

പി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് എല്ലവരുടെയും ശ്രദ്ധയിൽപ്പെടുകയും ചെയ്തു. ചിലർ ക്ഷ്മാപണം നടത്തി ഫേസ്‌ബുക്കിൽ കമന്റ് രേഖപ്പെടുത്തിയപ്പോൾ മറ്റു ചിലർ അഭിനന്ദനം അറിയിച്ചു കൊണ്ട് രംഗത്തെത്തി. കൊച്ചി സിറ്റി കൺട്രോൾ റൂമിലെ ഡ്രൈവർ ജാക്‌സനും കൂട്ടരും അഭിനന്ദനം അർഹിക്കുന്നവർ തന്നെയാണ് എന്നതിൽ യാതൊരു സംശയവുമില്ലെന്ന് ചിലർ അഭിപ്രായപ്പെട്ടു.  നീലകണ്ഠ ശർമ്മയുടെ  ഹൃദയം കൊച്ചിയിൽ എത്തിക്കാൻ പൊലീസ് വളരെ നിർണ്ണായകമായ ദൗത്യം വഹിച്ചിരുന്നു.

ശസ്ത്രക്രിയയ്ക്കായി കൊച്ചിയിലേക്ക് ഹൃദയമെത്തിക്കാൻ ഭരണകൂടവും വിവിധ ആശുപത്രികളിലെ അധികൃതരും സജ്ജീകരണങ്ങളൊരുക്കിയപ്പോൾ ഗതാഗത സൗകര്യങ്ങൾക്കായി പൊലീസും നാവികസേനയും കൈകോർത്താണ് പ്രവർത്തിച്ചത്. തിരുവനന്തപുരത്തു നിന്നും നാവികസേനാ വിമാനത്തിൽ കൊച്ചിയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം യാത്ര തിരിച്ചത്. എറണാകുളം ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. ജേക്കബ് എബ്രഹാം, ഡോ. ജോ ജോസഫ്, ഡോ. ജീവേഷ് ജെ. തോമസ് എന്നിവരും രണ്ട് പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്.

ശസ്ത്രക്രിയ പൂർത്തിയാക്കി ഹൃദയം അടങ്ങുന്ന നീല ഫൈബർ ബോക്‌സുമായി ഡോക്ടർമാരുടെ സംഘം ദൗത്യയാത്ര ആരംഭിച്ചു. മടങ്ങുമ്പോൾ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളം വരെ സിറ്റി പൊലീസിന്റെ വാഹനങ്ങൾ അകമ്പടിയൊരുക്കി. സമയമൊട്ടും പാഴാക്കാതെ വിമാനത്തിൽ കയറിയ ഡോക്ടർമാർ 7.30 ന് കൊച്ചിയിൽ ഇറങ്ങി. ഏറെ ഗതാഗതക്കുരുക്കുള്ള കൊച്ചിയിൽ 'ഹൃദയയാത്ര' യ്ക്ക് തടസ്സം നേരിടാതിരിക്കാൻ കൊച്ചി സിറ്റി പൊലീസ് വൈകുന്നേരത്തോടെ തന്നെ സജ്ജീകരണങ്ങൾ ആരംഭിച്ചിരുന്നു. ഗതാഗതം തടഞ്ഞും സിഗ്‌നലുകൾ ഓഫ് ചെയ്തും പൊലീസ് വഴിയൊരുക്കി.

രണ്ട് പൈലറ്റ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ആംബുലൻസ് നാവികസേനാ വിമാനത്താവളത്തിൽ നിന്ന് ലിസി ആശുപത്രിയിലേക്ക് കുതിച്ചു പാഞ്ഞത്. ഈ ദൗത്യത്തിൽ നിർണ്ണായക റോളാണ് ജാക്‌സൺ എന്ന പൊലീസ് ഡ്രൈവർ വഹിച്ചത്. ആംബുലൻസ് തടസങ്ങളില്ലാതെ പായാൻ മുന്നിൽ അതിവേഗം പാഞ്ഞത് ജാക്‌സൺ ഓടിച്ച പൈലറ്റ് വാഹനമായിരുന്നു. സിറ്റി വെസ്റ്റ് അസി. കമ്മീഷണർ ബേബി വിനോദ്, സിഐ എ. അനന്തലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും നാവികസേനാ വിമാനത്താവളം മുതൽ ആംബുലൻസിനെ അനുഗമിച്ചിരുന്നു.

ഹൃദയം ഞൊടിയിടയിൽ ആശുപത്രിയിൽ എത്തിയപ്പോൾ ആംബുലൻസ് ഡ്രൈവറും ഉന്നത ഉദ്യോഗസ്ഥരും അടക്കമുള്ളവർ താരമായപ്പോൾ ജാക്‌സന്റെയും കൂട്ടരുടെയും പരിശ്രമം വേണ്ടവിധത്തിൽ മാദ്ധ്യമശ്രദ്ധ നേടാതെ പോകുകയായിരുന്നു. ഇതിലുള്ള പരിഭവമാണ് പി വിജയൻ ഐപിഎസ് ഫേസ്‌ബുക്കിലൂടെ രേഖപ്പെടുത്തിയത്.