- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് പ്രതിസന്ധി നേരിടാൻ 23,000 കോടിയുടെ പാക്കേജ്; പണം വിനിയോഗിക്കുക ചികിത്സാ സൗകര്യം വർധിപ്പിക്കാൻ; കർഷകർക്ക് ഒരു ലക്ഷം കോടിയുടെ സഹായം; കാർഷിക നിയമങ്ങൾ പിൻവലിക്കില്ല'; പുനഃസംഘടനയ്ക്ക് ശേഷം നടന്ന ആദ്യ കേന്ദ്രമന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനം
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി നേരിടുന്നതിന് 23,123 കോടിയുടെ അടിയന്തര പാക്കേജ് അനുവദിക്കാൻ കേന്ദ്രസർക്കാർ. പുനഃസംഘടനയ്ക്ക് ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനം. ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനാണ് പണം പ്രധാനമായും ചെലവഴിക്കുക.
736 ജില്ലകളിൽ ശിശുരോഗ വിഭാഗങ്ങൾ, 20,000 ഐസിയു കിടക്കകൾ, പുതിയ മരുന്നുകളുടെ സ്റ്റോക്കുകൾ എന്നിവ ഉറപ്പാക്കാൻ പദ്ധതിയിലൂടെ സാധിക്കുമെന്ന് ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. 23,000 കോടിയിൽ 15,000 കോടി കേന്ദ്രം മുടക്കുമെന്നും 8000 കോടി സംസ്ഥാനങ്ങൾ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി അടുത്ത 9 മാസത്തിനുള്ളിൽ നടപ്പിലാക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി ഈ ഫണ്ട് സമാഹരിക്കുമെന്നും ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു.
നാളികേര വികസന ബോർഡ് പുനഃസംഘടിപ്പിക്കാനും വ്യാഴാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഉദ്യോഗസ്ഥ തലത്തിലുള്ള ആളായിരിക്കില്ല ബോർഡ് പ്രസിഡന്റ്. തെങ്ങ് കൃഷിയെക്കുറിച്ച് പ്രായോഗിക അറിവും ധാരണയുമുള്ള ആളെയായിരിക്കും പ്രസിഡന്റാക്കുക. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കർഷകരുടെ കൂട്ടായ്മകൾ രൂപീകരിക്കുമെന്നും മന്ത്രി നരേന്ദ്ര സിങ് തോമർ വ്യക്തമാക്കി.
കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും കർഷകരുമായി ചർച്ച തുടരാൻ തയ്യാറെന്നും കേന്ദ്രമന്ത്രി അറിയിച്ചു. എപിഎംസികൾ വഴി ഒരു ലക്ഷം കോടി രൂപ കർഷകർക്ക് നൽകുമെന്ന് മന്ത്രി അറിയിച്ചു.
കർഷകർക്ക് ഒരു ലക്ഷം കോടി രൂപയുടെ സഹായം നൽകും. കാർഷികോൽപന്ന വിപണന സമിതികൾ ശക്തിപ്പെടുത്തും. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി നീക്കിവെച്ച ഒരു ലക്ഷം കോടി രൂപ കാർഷികോൽപന്നങ്ങളുടെ സംഭരണത്തിനായി വിനിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് മൂന്നാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പ് , സാമ്പത്തിക പ്രതിസന്ധി, കർഷക സമരത്തിലെ നിലപാട് എന്നിവയാണ് രണ്ടാം മോദി സർക്കാരിന്റെ പുനഃസംഘടനയ്ക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽ ചർച്ചയായത്. അതേ സമയം പുനഃസംഘടനയിൽ ഒഴിവാക്കപ്പെട്ട പ്രമുഖ മന്ത്രിമാർക്ക് അസംതൃപ്തിയുണ്ടെന്നാണ് വിവരം.
പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് മുൻപ് മാത്രമാണ് രവിശങ്കർ പ്രസാദ്, പ്രകാശ് ജാവദേക്കർ തുടങ്ങിയ നേതാക്കളെ ഒഴിവാക്കിയ വിവരം അറിയിച്ചതെന്നാണ് സൂചന. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിർണ്ണായ ക ചുമതല ഇവർക്ക് നൽകിയേക്കും. മന്ത്രിസഭ പുനഃസംഘടനക്ക് പിന്നാലെ പാർട്ടിയിലും ഉടൻ അഴിച്ചുപണി നടക്കുമെന്നാണ് അറിയുന്നത്.
ന്യൂസ് ഡെസ്ക്