ടലിന്റെ സൗന്ദര്യവും പാർക്കുകളുടെ കുളിർമയും ആസ്വദിച്ചു കൊണ്ട് ഔട്ടിങ് നടത്തുമ്പോൾ കുട്ടികൾക്ക് കഴിക്കാൻ അവരാവശ്യപ്പെടുന്നതെന്തും വാങ്ങിക്കൊടുക്കാൻ മിക്ക രക്ഷിതാക്കളും തയ്യാറാകാറുണ്ട്. അക്കൂട്ടത്തിൽ പ്രധാനപ്പെട്ട ഒരു ഐറ്റമാണ് പാക്ക്ഡ് ജ്യൂസുകൾ. സ്‌നേഹപൂർവം ഇവ നാം കുട്ടികൾക്ക് വാങ്ങി നൽകുമ്പോൾ അവരോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണിതെന്ന് എത്രപേർക്കറിയാം.

അതായത് കുട്ടികൾക്ക് പലവിധ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു പാനീയമാണത്രെ പാക്കറ്റിലടച്ച ജ്യൂസുകൾ. സോഫ്റ്റ് ഡ്രിങ്കിനേക്കാളും കോളയേക്കാളം നാശം വിതയ്ക്കാൻ ഇവയ്ക്കാവുമെന്നാണ് ഗവേഷകർ പറയുന്നത്.

പായ്ക്കറ്റിലടച്ച ഫ്രൂട്ട് ജ്യൂസുകളും സ്‌ക്വാഷുകളും കഴിക്കുന്നത് മൂലം ആയിരത്തിൽ പത്ത് കുട്ടികളുടെ പല്ലുകൾക്ക് ഗൗരവപരമായ തകരാറുകൾ ഉണ്ടാകുന്നുണ്ടെന്നാണ് ഒരു പ്രധാനപ്പെട്ട പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. എട്ട് കുട്ടികളിൽ ഒരാൾക്ക് മൂന്നാംവയസ്സോടെ ദന്തക്ഷയമുണ്ടാക്കാൻ ഈ വക പാനീയങ്ങൾ വഴിയൊരുക്കുന്നു. ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ എട്ട് കുട്ടികളിൽ മൂന്ന് പേർ ഇത്തരം ആരോഗ്യ പ്രശ്‌നങ്ങളെ നേരിടേണ്ടി വരുന്നുണ്ട്. പായ്ക്കറ്റിലടച്ചതും പഞ്ചസാര കലർന്നതുമാ പാനീയങ്ങൾ കുട്ടികൾക്ക് പതിവായി നൽകുന്നതിനാലാണ് ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകുന്നതെന്നാണ് മുതിർന്ന ദന്തഡോക്ടർമാർ പറയുന്നത്. കുട്ടികൾക്ക് പാലും വെള്ളവും മാത്രമേ നൽക്കാവൂ എന്ന് കർശന നിബന്ധന വയ്ക്കുന്നുണ്ട്.

കുട്ടികളുടെ ആരോഗ്യത്തിന് വളരെ നല്ലതാണെന്ന തെറ്റിദ്ധാരണയുടെ പുറത്താണ് മധ്യവർഗത്തിൽപ്പെട്ട രക്ഷിതാക്കൾ വിലയേറിയ ഓർഗാനിക് ജ്യൂസുകൾ വാങ്ങി നൽകുന്നത്. ഇതിൽ അപകടകരമായ പഞ്ചസാര അടങ്ങിയിരിക്കുന്നതിനാൽ ഇത് കുട്ടികൾക്ക് അത്യന്തമായി ദോഷമാണുണ്ടാക്കുന്നതെന്നാണ് വിഗദ്ധർ മുന്നറിയിപ്പ് നൽകുന്നത്. ദിവസം തോറും അഞ്ചും ഏഴും ടീസ്പൂണിനിടയിൽ പഞ്ചസാര ഉപയോഗം പരിമിതപ്പെടുത്തണമെന്ന് ഈ വർഷമാദ്യം ആരോഗ്യവിഗദ്ധർ നിഷ്‌കർഷിച്ചിരുന്നു. വർധിച്ചു വരുന്ന പൊണ്ണത്തടിയും ദന്തക്ഷയവും ചെറുക്കുവാനായിരുന്നു ഈ നിർദ്ദേശം. പായ്ക്കറ്റിലടച്ച് 200 മില്ലി ഓർഗാനിക് ആപ്പിൾ ജ്യൂസിൽ 20 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് ഏകദേശം അഞ്ച് ടീസ്പൂണിനടുത്ത് വരും.

ഈ പ്രശ്‌നത്തെക്കുറിച്ച് ആദ്യപഠനം നടത്തിയത് സർക്കാർ ഏജൻസിയായ പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ടാണ്. ഇതിന്റെ ഭാഗമായി നഴ്‌സറി സ്‌കൂളുകളിലെ മൂന്ന് വയസ്സുള്ള 53,640 കുട്ടികളുടെ പല്ലിന്റെ സാംപിളുകൾ പരിശോധിച്ചിരുന്നു. ഇതിൽ 12 ശതമാനത്തിന്റെയും പല്ലുകൾക്ക് കേടുപാടുകളുണ്ടെന്നാണ് പ്രസ്തുത പഠനത്തിലൂടെ തെളിഞ്ഞിരിക്കുന്നത്. ഈ പ്രവണത ഇംഗ്ലണ്ടിലൂടനീളം ആവർത്തിക്കപ്പെടുകയാണെങ്കിൽ മുന്ന് വയസ്സുള്ള 85,000 കുട്ടികളുടെയെങ്കിലും പല്ലുകൾക്ക് തകരാറുണ്ടായിരിക്കുമെന്നാണ്കരുതുന്നത്. ഹില്ലിൻഗ്ഡൻ, വെസ്റ്റ് ലണ്ടൻ എ്ന്നിവിടങ്ങളിൽ ഈ ഗണത്തിൽപ്പെട്ട കുട്ടികളിൽ 25 ശതമാനം പേരുടെയും ചാൺവുഡ്, ലെയ്‌സെസ്റ്റർഷെയർ എന്നിവിടങ്ങളിൽ 29 ശതമാനം പേരുടെയും പല്ലുകൾക്ക് തകരാറുകളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കുട്ടികളെ കിടത്തിയുറക്കാനായി നിരവധി രക്ഷിതാക്കൾ കുട്ടികൾക്ക് പായ്ക്കറ്റിലടച്ച മധുരപാനീയങ്ങൾ നൽകുന്നുണ്ട്. അതവർ മണിക്കൂറുകളോളം നുണയുന്നതിനാൽ അതിലെ പഞ്ചസാര അവരുടെ പല്ലുകളെ ക്ഷയിപ്പിക്കുമെന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്. ദന്തക്ഷയം മൂലം ചികിത്സ തേടിയെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ മൂന്നു വർഷത്തിനിടയിൽ 14 ശതമാനം വർധനവുണ്ടായിട്ടുണ്ടെന്നാണ് ജൂലൈയിൽ പുറത്തിറക്കിയ എൻഎച്ച് എസ് കണക്കുകൾ വെളിപ്പെടുത്തുന്നത്.