- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശാസ്ത്രം ജയിക്കട്ടെ: മാനവികതയും
'ദൈവഭയത്തിൽനിന്നാണ് ജ്ഞാനത്തിന്റെ ആരംഭം' (Fear of God is the beginning of Wisdom) എന്നൊരു പ്രമാണവും വിശ്വാസവും കേരളത്തിലെ ക്രിസ്ത്യൻ സ്‌കൂളുകളിൽ കുട്ടികളെ പറഞ്ഞുപഠിപ്പിക്കാറുണ്ട്. ഭയത്തിൽനിന്ന് എങ്ങനെ അറിവുജനിക്കും എന്നൊന്നും ഒരു കുട്ടിയും തിരിച്ചുചോദിക്കാറില്ല. ചോദ്യങ്ങളില്ലാത്ത ക്ലാസുകളുടെ പേരാണല്ലോ മതപഠനമെന്നത്. ക്രൈസ്തവ ആശുപത്രികളിൽ, 'ദൈവം നിങ്ങളുടെ രോഗം ഭേദമാക്കും' എന്നൊരു സ്റ്റിക്കർ മിക്കവരും കാണുന്നുണ്ടാകും. ഈ ആശുപത്രികളും പള്ളിക്കൂടങ്ങളുമെല്ലാം ഏതെങ്കിലും പുണ്യവാളന്റെയോ പുണ്യവാളത്തിയുടെയോ പേരിലായിരിക്കുകയും ചെയ്യും. എണ്ണത്തിൽ കുറവാണെങ്കിലും മറ്റു മതങ്ങൾ നടത്തുന്ന വിദ്യാലയങ്ങളുടെയും ചികിത്സാലയങ്ങളുടെയും സ്ഥിതിയും സമാനമാണ്. 'ശാസ്ത്ര'ത്തെ മുൻനിർത്തി മാത്രം പ്രവർത്തിക്കേണ്ട രണ്ടു ജ്ഞാനവ്യവഹാരങ്ങളുടെയും സ്ഥാപനങ്ങളുടെയും കാര്യം സൂചിപ്പിച്ചുവെന്നേയുള്ളു - മലയാളിയുടെ ലോകബോധവും ജീവിതവും രൂപംകൊള്ളുന്ന വ്യക്തിപരവും സാമൂഹികവുമായ സംസ്‌കാരങ്ങളൊന്നടങ്കം എത്രമേൽ അശാസ്ത്രീയവും ശാസ്ത്രവിരുദ്ധവുമാണ
'ദൈവഭയത്തിൽനിന്നാണ് ജ്ഞാനത്തിന്റെ ആരംഭം' (Fear of God is the beginning of Wisdom) എന്നൊരു പ്രമാണവും വിശ്വാസവും കേരളത്തിലെ ക്രിസ്ത്യൻ സ്‌കൂളുകളിൽ കുട്ടികളെ പറഞ്ഞുപഠിപ്പിക്കാറുണ്ട്. ഭയത്തിൽനിന്ന് എങ്ങനെ അറിവുജനിക്കും എന്നൊന്നും ഒരു കുട്ടിയും തിരിച്ചുചോദിക്കാറില്ല. ചോദ്യങ്ങളില്ലാത്ത ക്ലാസുകളുടെ പേരാണല്ലോ മതപഠനമെന്നത്. ക്രൈസ്തവ ആശുപത്രികളിൽ, 'ദൈവം നിങ്ങളുടെ രോഗം ഭേദമാക്കും' എന്നൊരു സ്റ്റിക്കർ മിക്കവരും കാണുന്നുണ്ടാകും. ഈ ആശുപത്രികളും പള്ളിക്കൂടങ്ങളുമെല്ലാം ഏതെങ്കിലും പുണ്യവാളന്റെയോ പുണ്യവാളത്തിയുടെയോ പേരിലായിരിക്കുകയും ചെയ്യും. എണ്ണത്തിൽ കുറവാണെങ്കിലും മറ്റു മതങ്ങൾ നടത്തുന്ന വിദ്യാലയങ്ങളുടെയും ചികിത്സാലയങ്ങളുടെയും സ്ഥിതിയും സമാനമാണ്. 'ശാസ്ത്ര'ത്തെ മുൻനിർത്തി മാത്രം പ്രവർത്തിക്കേണ്ട രണ്ടു ജ്ഞാനവ്യവഹാരങ്ങളുടെയും സ്ഥാപനങ്ങളുടെയും കാര്യം സൂചിപ്പിച്ചുവെന്നേയുള്ളു - മലയാളിയുടെ ലോകബോധവും ജീവിതവും രൂപംകൊള്ളുന്ന വ്യക്തിപരവും സാമൂഹികവുമായ സംസ്‌കാരങ്ങളൊന്നടങ്കം എത്രമേൽ അശാസ്ത്രീയവും ശാസ്ത്രവിരുദ്ധവുമാണ് എന്നു തെളിയിക്കാൻ.
ഗർഭധാരണം തൊട്ട് ശവസംസ്‌കരണം വരെ, ബഹുഭൂരിപക്ഷം മലയാളികളുടെയും ജീവിതം ദൈവ-മതാധിഷ്ഠിതമായ വിശ്വാസാചാരങ്ങൾകൊണ്ട് വരിഞ്ഞുമുറുക്കപ്പെട്ടിരിക്കുന്നു. ഭരണകൂടം മുതൽ കുടുംബം വരെയുള്ള മുഴുവൻ സാമൂഹികസ്ഥാപനങ്ങളും ഇതിനു പിന്തുണ നൽകുകയും ചെയ്യുന്നു. ശാസ്ത്രചിന്ത വളർത്താൻ ഭരണഘടനാപരംപോലുമായ ഉത്തരവാദിത്തമുള്ള ഇന്ത്യൻ ജനതയുടെ അവസ്ഥയാണ് ഇപ്പറഞ്ഞത്. ഒരുവശത്ത് ശാസ്ത്രം നൽകുന്ന സകല സൗകര്യങ്ങളും നേട്ടങ്ങളും കൊണ്ട് ജീവിതം മെച്ചപ്പെടുത്തും. മറുവശത്ത് അതേ ശാസ്ത്രത്തിലുള്ള അവിശ്വാസം ഉറക്കെയുറക്കെ പ്രഖ്യാപിക്കും. ഇതാണ് ആധുനിക മലയാളിയുടെ ഏറ്റവും വലിയ ജീവിതവൈരുധ്യം. സാധാരണക്കാരെന്നല്ല, ഭരണകർത്താക്കൾ മുതൽ ഉയർന്ന വിദ്യാഭ്യാസ-ശാസ്ത്രഗവേഷണ സ്ഥാപനങ്ങളിലെ 'പണ്ഡിതർ' വരെ; ഒരാളും ഇതിൽനിന്നു മുക്തരല്ല. പൊതുചടങ്ങുകളെല്ലാം മതചടങ്ങുകളാണ്. 'മതനിന്ദ' അതീവ ഗൗരവമുള്ള കുറ്റകൃത്യമാണെങ്കിലും 'ശാസ്ത്രനിന്ദ' പൊതുവെ സ്വാഗതം ചെയ്യപ്പെടുന്ന ഒരു 'സൽക്കർമ്മ'മാണ്. നിങ്ങൾക്ക് ഏതുവേദിയിലും ശാസ്ത്രത്തെ നിന്ദിക്കാം, ആക്ഷേപിക്കാം, തള്ളിപ്പറയാം. മതത്തെയോ ദൈവത്തെയോ വിമർശിച്ചാൽ നിയമപരമായിത്തന്നെ നിങ്ങളെ നേരിടാൻ വിശ്വാസികൾക്കു വഴികളുണ്ട്. അടുത്തിടെ റദ്ദാക്കപ്പെട്ട 377-ാം വകുപ്പിനെപ്പോലെതന്നെ പ്രാകൃതവും മനുഷ്യവിരുദ്ധവും പ്രകൃതിവിരുദ്ധവുമാണ് ഇന്ത്യയിലെ മതനിന്ദാനിയമം. യഥാർഥത്തിൽ നമ്മുടെ കുഞ്ഞുങ്ങൾ മനസ്സിലാക്കേണ്ടതെന്താണ്? ദൈവഭയം അജ്ഞതയുടെ ആരംഭമാണെന്നുതന്നെയല്ലേ?
സാമൂഹ്യമാധ്യമങ്ങളിലൂടെ മലയാളിയുടെ ശാസ്ത്രബോധത്തെയും ചിന്തയെയും നവീകരിക്കാനും ഊട്ടിയുറപ്പിക്കാനുമുള്ള എഴുത്തുകൾ നിരന്തരം നടത്തി വിസ്മയകരമാംവിധം ജനപ്രീതി നേടുന്ന ശാസ്ത്രലേഖകനും ഡബ്ലിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സ്ലൈഗോയിൽ നാനോ ടെക്‌നോളജി ആൻഡ് ബയോ എഞ്ചിനീയറിങ് റിസർച്ച് ഗ്രൂപ്പിന്റെ തലവനുമാണ് സുരേഷ് സി. പിള്ള. 'തന്മാത്രം' എന്ന പുസ്തകത്തിൽ സമാഹരിക്കപ്പെട്ട ഇദ്ദേഹത്തിന്റെ സാമൂഹ്യമാധ്യമരചനകളെപ്പറ്റി മുൻപ് ഈ പംക്തിയിൽ എഴുതിയിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ശാസ്ത്രചിന്തകളുടെ രണ്ടാം സമാഹാരവും പുറത്തുവന്നിരിക്കുന്നു. 'പാഠം ഒന്ന്'. ദൈനംദിന ജീവിതത്തിൽ മലയാളിയുടെ 'ശാസ്ത്ര'ചിന്തകളെ എതിരിടുന്ന നിരവധി പ്രശ്‌നങ്ങളുടെ രസകരവും കൗതുകകരവും അതേസമയംതന്നെ ആധികാരികവുമായ വിശകലനവും പരിഹാരനിർദ്ദേശങ്ങളുമാണ് ഈ പുസ്തകം നിറയെ. ജനപ്രിയശാസ്ത്രം (Popular Science) എന്ന വിജ്ഞാനവിനിമയപ്രക്രിയയിൽ കേരളശാസ്ത്രസാഹിത്യപരിഷത്തും ചില ശാസ്ത്രലേഖകരും യുറേക്കാ പോലുള്ള മാസികകളും മുൻപുതന്നെ ഇവിടെ ഇടപെട്ടുവരുന്നുണ്ട്. വി. ബാബുസേനനെപ്പോലുള്ളവരുടെ ഗ്രന്ഥങ്ങൾ ഈ രംഗത്തെ ക്ലാസിക്കുകളുമാണ്. എങ്കിലും അവയുടെ പതിന്മടങ്ങ് സ്വാധീനവും പ്രചാരവും ലഭിക്കുന്നത് ശാസ്ത്രവിരുദ്ധവും അശാസ്ത്രീയവുമായ ചിന്തകൾക്കും എഴുത്തുകൾക്കും ക്രിയകൾക്കുമാണ്. 'ദൈവ, മത' സ്ഥാപനങ്ങൾക്കു സമാന്തരമായി വികാസം പ്രാപിച്ചിട്ടുള്ള 'വ്യാജ'ശാസ്ത്രങ്ങൾക്കു കൈവന്നിട്ടുള്ള അത്ഭുതകരമായ സ്വീകാര്യത കൂടുതൽ വിശദീകരിക്കേണ്ടതില്ല. ആധുനികവൈദ്യശാസ്ത്രത്തിനെതിരെ പ്രചാരണം നടത്തുന്ന ജേക്കബ് വടക്കുംചേരിക്കെതിരെയുള്ള നിയമനടപടി സൃഷ്ടിക്കുന്ന പുകിലുകൾ ഓർത്താൽ മതി, എത്രമേൽ ഈ വിഷയം സങ്കീർണ്ണമാണെന്നറിയാൻ. 'വിശ്വാസം അതല്ലേ എല്ലാം' എന്നത് വെറുമൊരു പരസ്യവാചകമല്ല, മലയാളിയുടെ സാമൂഹ്യമനഃശാസ്ത്രം തന്നെയാണ്. മനുഷ്യരാകാൻ പഠിക്കേണ്ട ഒന്നാംപാഠം ശാസ്ത്രബോധം ഊട്ടിയുറപ്പിക്കുക എന്നതുതന്നെയാണ് എന്ന നിലപാടിൽ സുരേഷ് ഈ പുസ്തകമവതരിപ്പിക്കുന്നതിന്റെ പശ്ചാത്തലമിതാണ്.
(അന്ധവിശ്വാസം എന്ന വാക്ക് ഇവിടെ ഉപയോഗിക്കുന്നില്ല-കാരണം ഒരു മേഖലയിലും അന്ധമല്ലാത്ത ഒരു വിശ്വാസവും നിലനിൽക്കുന്നില്ല. രാഷ്ട്രീയമോ മതമോ ശാസ്ത്രമോ ദൈവമോ ഏതുമാകട്ടെ, 'വിശ്വാസ'മെന്നാൽ സ്വയം വരിച്ച അന്ധതയാണ്. വിമർശനാത്മകമോ സംശയാത്മകമോ ആയ കാഴ്ചപ്പാടുകൾ വിശ്വാസമാകുന്നില്ല; അറിവേ ആകുന്നുള്ളു. അതാണ് മനുഷ്യർക്കു വേണ്ടതും. യുക്തിസഹമായ തിരിച്ചറിവ്. ചോദ്യങ്ങളും വിമർശനങ്ങളും വിയോജിപ്പുകളും ഉന്നയിക്കാനുള്ള മനഃസാന്നിധ്യം. അടിമകൾക്കു തലച്ചോറില്ല; വിശ്വാസികൾക്കും).
മുഖ്യമായും ഒരു മേഖലയിലൂന്നിയുള്ള ശാസ്ത്രചിന്തകളാണ് ഈ പുസ്തകത്തിലുള്ളത്. 'സുരക്ഷിതമായ ഭക്ഷണത്തിനും അതുവഴിയുള്ള ആരോഗ്യപരിപാലനത്തിനു'മുള്ള പ്രാഥമിക പാഠങ്ങളാണിവ. വ്യാജശാസ്ത്രങ്ങളുടെ പ്രചാരം, അജ്ഞത, മനഃപൂർവമുള്ള കുപ്രചരണങ്ങൾ, കള്ളക്കഥകൾ, മുൻവിധികൾ, ഭയങ്ങൾ, സംശയദൂരീകരണത്തിനുള്ള വഴിയും അവസരമില്ലായ്മയും, പഴമയെക്കുറിച്ചുള്ള അതിവാദങ്ങൾ എന്നിങ്ങനെ ഭക്ഷണം, ആരോഗ്യം എന്നിവയോടു ബന്ധപ്പെട്ടുനിലനിൽക്കുന്ന അയുക്തികവും അശാസ്ത്രീയവുമായ നിരവധി പ്രശ്‌നമേഖലകളിലാണ് ഇവിടെ സുരേഷ് ഇടപെടുന്നത്. മലയാളിയുടെ ജീവിതോൽക്കണ്ഠകളിൽ ഏറ്റവും പ്രധാനമാണല്ലോ ഇന്നിപ്പോൾ ഈ രണ്ടു മേഖലകളും. ഒരേസമയംതന്നെ നമ്മുടെ സമൂഹത്തിലെ ഏറ്റവും വലിയ വ്യവസായവും കലയും അഭിനിവേശവും ഭയവുമായി നിലനിൽക്കുന്ന ജീവിതമണ്ഡലങ്ങൾ കൂടിയാണ് ഇവ. ജീവിതശൈലീരോഗങ്ങൾ എന്നൊരു പുതിയ സംജ്ഞതന്നെ ഈ രംഗത്തുണ്ട്. അവയാകട്ടെ, ഏറ്റവും വലിയ ഒരു വിപണിയുടെയും ഭ്രമത്തിന്റെയും ചൂഷണത്തിന്റെയും കൂടി തലവുമാണ്.
മുപ്പത്തൊൻപതു ചെറുലേഖനങ്ങളും ഇരുപത്തഞ്ചു കുറിപ്പുകളുമടങ്ങിയ ഒരു കൈപ്പുസ്തകമാണ് 'പാഠം ഒന്ന്'. കഥപോലെ രസകരവും കൗതുകകരവുമായ വിവരണം. സ്വാനുഭവങ്ങളിലും ഉദാഹരണങ്ങളിലും കൂടിയുള്ള പ്രതിപാദനം. പൊതുസന്ദേഹങ്ങളുടെ പരിഹരണം. ഓരോ ലേഖനത്തിനുമൊപ്പം അതതുവിഷയത്തിലെ ആധികാരിക ഗവേഷണഫലങ്ങളുടെ റഫറൻസ് സൂചിക. ആദ്യമാതൃകകളിലൊന്ന് നോക്കുക.
സിനിമാനടനും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായ ശ്രീനിവാസൻ അടുത്തകാലത്തുനടത്തുന്ന ചില പരസ്യപ്രസ്താവനകൾ, അവയുടെ മരമണ്ടൻ സ്വഭാവം മൂലം പൊതുവെ മലയാളി ചിരിച്ചുതള്ളിക്കളയുന്നവയാണ്. എങ്കിലും അവയ്ക്കുപിന്നിലൊളിഞ്ഞിരിക്കുന്ന ശാസ്ത്രബോധത്തിനെതിരെയുള്ള വെല്ലുവിളി സുരേഷിനു കാണാതിരിക്കാനാവുന്നില്ല. 'തീ കണ്ടുപിടിക്കുന്നതിനുമുൻപ് മനുഷ്യൻ 150 വയസുവരെ ജീവിച്ചിരുന്നു'വെന്ന ശ്രീനിവാസന്റെ പ്രസ്താവനയിലെ പോഴത്തത്തെ സുരേഷ് തുറന്നുകാണിക്കുന്നു. മാധ്യമങ്ങൾ റിപ്പോർട്ടുചെയ്ത ഈ തിരുമണ്ടത്തരത്തെ വസ്തുതകൾ കൊണ്ടു റദ്ദാക്കുകയാണ് ആദ്യലേഖനം.
'1950-കളിൽ പോലും ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം 37 വയസ്സ് ആയിരുന്നു. 1960-കളിൽ ഇത് 44 ആയി. 1970-കളിൽ 51; 1980-ൽ 56; 1990-ൽ 60; 2000-ൽ 61; 2010-ൽ 65.
ഇപ്പോൾ ഏകദേശ ആയുർദൈർഘ്യം 67 വയസ്സിൽ എത്തിനിൽക്കുന്നു. അമേരിക്കയിലും യൂറോപ്പിലും 1950-കളിൽ ശരാശരി ആയുർദൈർഘ്യം 65 വയസ്സിനു മുകളിൽ ആയിരുന്നത് ഇപ്പോൾ ഏകദേശം 75 വയസ്സിനു മുകളിലാണ്. ഒരു പ്രധാന കാര്യം ഓർമ്മിപ്പിക്കാനുള്ളത്, ഇത് ഇപ്പോൾ കേരളത്തിലെ ശരാശരി ആയുർദൈർഘ്യത്തിനു (75) തുല്യമാണ് എന്നുള്ളതാണ്. യുണൈറ്റഡ് നേഷൻസിന്റെ ഇക്കണോമിക് ആൻഡ് സോഷ്യൽ അഫയേഴ്‌സ് ഡിപ്പാർട്‌മെന്റിന്റെ ന്യൂയോർക്കിലുള്ള പോപ്പുലേഷൻ ഡിവിഷനിലെ കണക്കുകൾ വച്ചാണ് പറയുന്നത്'.
(1815നു കേരളീയ നവോത്ഥാനത്തിനു തുടക്കം കുറിച്ച ബഞ്ചമിൻ ബയ്‌ലിയെന്ന സി.എം.എസ്. മിഷനറി കോട്ടയത്ത് അച്ചുകൂടവും കോളേജും സ്ഥാപിച്ചപ്പോൾ നടപ്പാക്കിയ ഏറ്റവും ശ്രദ്ധേയമായ നയങ്ങളിലൊന്ന് നിർബ്ബന്ധിതമായ വാക്‌സിനേഷനായിരുന്നു എന്ന് ആരോർക്കുന്നു? 1888ലെ അരുവിപ്പുറം പ്രതിഷ്ഠയിലാണ് കേരളീയ നവോത്ഥാനത്തിന്റെ ആരംഭമെന്നു വാദിക്കുന്ന യന്ത്രമനുഷ്യർ, അതിനു മുക്കാൽ നൂറ്റാണ്ടുമുൻപ് നടന്നതാണ് ഈ യഥാർഥ നവോത്ഥാനം എന്നത് മറന്നുകളയുകയായിരുന്നു).
സമാനമാണ് തുടർന്നുള്ള ലേഖനങ്ങളുടെയും ഉള്ളടക്കവും അവതരണശൈലിയും. ഗോമൂത്രത്തിന്റെ ഔഷധഗുണത്തെക്കുറിച്ചു നടക്കുന്ന പ്രചരണത്തിലെ അസംബന്ധങ്ങൾ വിമർശിച്ചും കാൻസറിനെക്കുറിച്ചു നിലനിൽക്കുന്ന കള്ളക്കഥകളും കാൻസർ ചികിത്സയുടെ പേരിൽ നടക്കുന്ന വ്യാജ-വൈദ്യപ്രയോഗങ്ങളുടെ ദുരന്തങ്ങളും തുറന്നുകാട്ടിയും നിരവധി ഭക്ഷ്യവസ്തുക്കളെക്കുറിച്ചു നിലനിൽക്കുന്ന അബദ്ധധാരണകൾ തെളിച്ചുകാട്ടിയും (പൊറോട്ടയും മെഴുകുപുരട്ടിയ ആപ്പിളും ബ്രോയ്‌ലർ ചിക്കനും അജിനോമോട്ടോയും കാൻസർ വരുത്തുമെന്ന കഥകളുൾപ്പെടെ) ജൈവകൃഷിയെക്കുറിച്ചും മറ്റും നിലനിൽക്കുന്ന അമിതവിശ്വാസങ്ങളും അതിവാദങ്ങളും പൊളിച്ചുമാറ്റിയും കീടനാശിനിയെയും രാസവളത്തെയും പ്രകൃതിവിരുദ്ധമെന്നു മുദ്രകുത്തുന്ന ശാസ്ത്രവിരുദ്ധതയുടെ മുനയൊടിച്ചും മൈക്രോവേവ് അവ്ൻ ഉൾപ്പെടെയുള്ള ഉപകരണങ്ങളെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ സംശയങ്ങളും ഭയങ്ങളും ദൂരീകരിച്ചും സുരേഷ് മലയാളിയുടെ ഭക്ഷണ-ആരോഗ്യസംസ്‌കാരങ്ങളിൽ ശാസ്ത്രചിന്തയുടെ സാധ്യതകൾ മുൻപൊരാളും വിശദീകരിക്കാത്ത വിധം വെളിപ്പെടുത്തുകയാണ്.
നോൺസ്റ്റിക് പാത്രങ്ങളിൽ ചമ്മന്തിയുണ്ടാക്കാം, പക്ഷെ ദോശ ചുടരുത്-എന്തുകൊണ്ട്?
മുളച്ച ഉരുളക്കിഴങ്ങ് ഉപയോഗിക്കരുത് - എന്തുകൊണ്ട്?
വെളിച്ചെണ്ണയിൽ വറുക്കലും പൊരിക്കലും പാടില്ല - എന്തുകൊണ്ട്?
ഒരു വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് യാതൊരു കാരണവശാലും ഒരു തുള്ളി തേൻപോലും നൽകരുത് - എന്തുകൊണ്ട്?
സുരേഷ് തന്റെ ശാസ്ത്രാന്വേഷണങ്ങൾ കൊണ്ട് മലയാളിയുടെ ദൈനംദിന ജീവിതത്തിൽ വേരുറച്ചുപോയ നിരവധി ആചാരങ്ങളും ശീലങ്ങളും നിസ്സങ്കോചം വിമർശിച്ചു പുറന്തള്ളുന്നു. വടക്കോട്ടു തലവച്ചു കിടക്കുന്നതിനെക്കുറിച്ചുള്ള പടുവിശ്വാസങ്ങൾ പരിഹസിച്ചുതള്ളുന്ന സുരേഷ്, ഗണേശവിഗ്രഹത്തിന്റെ നിമജ്ജനവും ആസ്ബസ്റ്റോസും മെർക്കുറിവേസ്റ്റും അലുമിനിയം പാത്രത്തിലെ പാചകവും സൃഷ്ടിക്കുന്ന പാരിസ്ഥിതിക-ആരോഗ്യപ്രശ്‌നങ്ങളും ഒന്നൊന്നായി തുറന്നെഴുതുന്നു. എത്രയും സാമാന്യമായ ജീവിതാവസ്ഥകളുടെ ശാസ്ത്രീയാപഗ്രഥനംവഴി അവയോരോന്നും സൃഷ്ടിക്കാവുന്ന മാനസിക-ആരോഗ്യ പ്രതിസന്ധികളെ മറികടക്കുന്നതെങ്ങനെയെന്ന് സുരേഷ് വിശദീകരിക്കുന്നു. അധോവായു മുതൽ വായ്‌നാറ്റം വരെ; വിയർപ്പുമണം മുതൽ മനുഷ്യഗന്ധം വരെ; വെറും വെള്ളത്തിന്റെ ശുചീകരണശേഷി മുതൽ 'ഉത്തരവാദിത്ത' മദ്യപാനം വരെ എന്തും ഏതും ശാസ്ത്രബദ്ധമായി വിശകലനം ചെയ്തുകൊണ്ടാണ് സുരേഷ് പാഠം ഒന്ന് പൂർത്തീകരിക്കുന്നത്.
ഈ പുസ്തകത്തിലെ ഏറ്റവും കൗതുകകരമായ ചില ലേഖനങ്ങളും കുറിപ്പുകളും നോക്കുക:
ഗോമൂത്രത്തിന്റെ ഔഷധഗുണങ്ങളെക്കുറിച്ചുള്ള സംഘപരിവാർ വായാടികളുടെ വാദഗതികളുടെ നടുവൊടിക്കുന്ന ലേഖനത്തിൽ നിന്നൊരു ഭാഗം:-
'വളരെ ലളിതമായി പറഞ്ഞാൽ ജീവികളുടെ ശരീരത്തിൽ നിന്നുള്ള ദ്രാവകരൂപത്തിലുള്ള മാലിന്യമാണ് മൂത്രം. ആഹാരത്തിന്റെ ദഹനപ്രക്രിയയ്ക്ക് ശേഷം വൃക്കയുടെ അരിക്കൽ നടന്നുകഴിഞ്ഞു വരുന്നതാണ് ഇത്. വെള്ളത്തിൽ ലയിക്കുന്ന പലതരം അനാവശ്യ രാസവസ്തുക്കളെ ശരീരം പുറന്തള്ളുന്നത് മൂത്രത്തിൽ കൂടിയാണ്. മൂത്രത്തിൽ 90-96% വരെ വെള്ളമാണ്. ബാക്കി പലതരത്തിലുള്ള രാസപദാർത്ഥങ്ഹളും. നൈട്രജൻ അടങ്ങിയ മാലിന്യങ്ങളായ യൂറിയ, യൂറിക് ആസിഡ്, ക്രിയാടിനിൻ തുടങ്ങിയവയാണ് മിക്കവാറും എല്ലാ സസ്തനികളുടെയും മൂത്രത്തിൽ അടങ്ങിയിരിക്കുന്നത്. ഇതുകൂടാതെ, ശരീരത്തിൽ ഉല്പാദിപ്പിക്കുന്ന പലതരത്തിലുള്ള ഹോർമോണുകൾ, മാംസ്യം (പ്രോട്ടീൻ), പലതരത്തിലുള്ള ഓർഗാനിക്/ഇനോർഗാനിക് സംയുക്തങ്ങൾ തുടങ്ങിയവയും വളരെ ചെറിയ അളവിൽ മൂത്രത്തിൽ ഉണ്ടാവും. കഴിച്ച ആഹാരത്തിനനുസരിച്ച് ഇവയുടെ അളവുകൾ മാറ്റം വരാം. ഒരു ലിറ്റർ മനുഷ്യമൂത്രത്തിലെ മൂലകങ്ങളുടെ അളവ് കാർബൺ 6.8 ഗ്രാം, നൈട്രജൻ 8.12 ഗ്രാം, ഓക്‌സിജൻ 8.2 ഗ്രാം, ഹൈഡ്രജൻ 1.5 ഗ്രാം എന്നിങ്ങനെയാണ്.
ഗോമൂത്രത്തിന്റെ ഗുണങ്ങൾ എന്തൊക്കെ?
ഗോമൂത്രത്തിനു ചില നല്ല ഗുണങ്ങൾ ഇല്ലാതില്ല. ഉദാഹരണത്തിന്, അതിന്റെ ആന്റിബാക്റ്റീരിയൽ പ്രവർത്തനം. ഗോമൂത്രത്തിന്റെ ബാക്റ്റീരിയയെ കൊല്ലാനുള്ള കഴിവിനെക്കുറിച്ച് ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. 2012-ൽ നടന്ന ഒരു ഗവേഷണ പഠനപ്രകാരം സ്റ്റെഫലോകോക്കസ് ഓറീയസ്, ഇ. കോളി, സ്യൂഡമോണാസ് ഫ്രാഗി, ബാസിലസ് സബ്റ്റിലിസ് തുടങ്ങിയ ബാക്റ്റീരിയകളെ നശിപ്പിക്കാൻ ഗോമൂത്രത്തിനു കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. (Antimicrobial Activities of Cow Urine Against Various Bacterial Strains Anami et al. Int J Recent Adv Pharm Res, 2012;2(2):84-87 ISSN:2230-9306;) പക്ഷേ, അതിലൊരു കുഴപ്പമുണ്ട്. പല പശുക്കളുടെ മൂത്രം പലതരത്തിലുള്ള പ്രവർത്തനശേഷിയാണ് കാണിച്ചത്. ഗോമൂത്രത്തിലുള്ള രാസവസ്തുക്കളുടെ വ്യതിയാനമാണ് ഇതിനു കാരണമായി പറഞ്ഞത്. രണ്ട് അമേരിക്കൻ പേറ്റന്റുകളും (പേറ്റന്റ് നമ്പറുകൾ 6896907, 6410059) ഈ ഗവേഷണത്തിനു ലഭിച്ചിട്ടുണ്ട്. എന്നാൽ, മൂത്രത്തെ മരുന്നായി കാണാൻ ഈ ഗുണം സഹായിക്കുന്നില്ല.
ഗോമൂത്രം കുടിക്കാമോ?
ഒരിക്കലും അരുത് എന്നാണ് പഠനങ്ങൾ പറയുന്നത്. കുടിക്കുക മാത്രമല്ല മറ്റു വസ്തുക്കളിൽ കലർത്തി കഴിക്കുകയും ചെയ്യരുത്. കാരണം, ഗോമൂത്രം വഴി പല മാരകരോഗങ്ങളും പകരാം എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. അല്ലെങ്കിൽത്തന്നെ, ഒരു ജീവിയുടെ വൃക്ക അരിച്ചുതിരസ്‌കരിച്ച മാലിന്യങ്ങൾ വേറൊരു ജീവിക്ക് കുടിക്കാൻ കൊടുക്കുന്നത് സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ലല്ലോ. ഗോമൂത്രത്തിന്റെ ഗുണഗണങ്ങളെ പറ്റിയുള്ള പല റിപ്പോർട്ടുകളും വേണ്ട രീതിയിലുള്ള ക്ലിനിക്കൽ ട്രയലുകൾ നടത്താതെയുള്ളതും അപകടകരമാംവിധം വഴിതെറ്റിക്കുന്നതുമാണ്. ആയതിനാൽ തത്ക്കാലം ഗോമൂത്രം അടുക്കളത്തോട്ടത്തിലെ ചെടികൾക്ക് വളമായി മാത്രം ഉപയോഗിക്കുക; അതും നിയന്ത്രിതമായ തോതിൽ'.
നമ്മുടെ അടുക്കളകളെ കീഴടക്കിക്കഴിഞ്ഞ നോൺസ്റ്റിക് പാത്രങ്ങളിൽ പാചകം ചെയ്താലുള്ള കുഴപ്പമെന്താണ്? സുരേഷ് എഴുതുന്നു: 'അമേരിക്കയിലെ പിറ്റ്‌സ്ബർഗ് യൂണിവേഴ്‌സിറ്റിയിലെ കെമിസ്ട്രി പ്രൊഫസറും What Einstein Told His Cook: Kitchen Science Explained എന്ന പുസ്തകത്തിന്റെ രചയിതാവുമായ ഡോ. റോബർട്ട് വോൾക്ക് പറഞ്ഞത് ഇങ്ങനെയാണ്: They are safe as long as they are not overheated. When they are, the coating may begin to break down (at the molecular level, so you wouldnt necessarily see it), and toxic particles and gases, some of them carcinogenic, can be released. There is a whole chemistry set of compounds that will come off when Teflon is heated high enough to decompose. Many of these are fluorine-containing compounds, which as a class are generally toxic; But fluoropolymers, the chemicals from which these toxic compounds come, are a big part of the coating formula-and the very reason that foods dont stick to nonstick. അതായത് നോൺസ്റ്റിക്ക് പാത്രങ്ങൾ അമിതമായി ചൂടാക്കിയില്ലെങ്കിൽ സുരക്ഷിതമാണ്. പക്ഷേ, അവ അമിതമായി ചൂടാക്കിയാൽ വിഷമയമായ പാർട്ടിക്കിളുകളും വാതകങ്ങളും ഉണ്ടാകുന്നതിനു പുറമെ, കാൻസറിനു കാരണമായ വാതകങ്ങളും പുറത്തുവിടാം'.
ജൈവകൃഷിയും ജൈവപച്ചക്കറിയുമൊക്കെ അടുത്തകാലത്തു നേടിയ താരമൂല്യത്തിൽ എന്തെങ്കിലും കഥയുണ്ടോ? കഴമ്പുണ്ടോ? കീടനാശിനികൾക്കും രാസവളങ്ങൾക്കുമെതിരെയുള്ള അന്ധമായ പേടിയിൽ നിന്നു ജനിച്ച ഒരു വ്യാജകാർഷികസംസ്‌കൃതിയുടെ നിർമ്മിതി മാത്രമാണിതെന്നദ്ദേഹം തറപ്പിച്ചു പറയും.
'പ്രകൃതിദത്തമായ വളങ്ങളാണ് ജൈവവളങ്ങൾ അഥവാ ഓർഗാനിക് വളങ്ങൾ. സസ്യങ്ങളുടെ അഴുകിയ ഭാഗങ്ങൾ, ചാണകം, ഗോമൂത്രം, മൃഗങ്ങളുടെ അവശിഷ്ടങ്ങൾ, കമ്പോസ്റ്റ്, അറവുശാലയിൽ നിന്നുള്ള അവശിഷ്ടങ്ങൾ തുടങ്ങിയവയും ഓർഗാനിക് വളമായി ഉപയോഗിക്കാറുണ്ട്. ഇവ രാസവളങ്ങളുടെ അത്രയും ഫലപ്രദമല്ല.
തന്നെയുമല്ല, സസ്യങ്ങളുടെ വളർച്ചയ്ക്ക് ആവശ്യമുള്ള കൃത്യമായ അളവിലുള്ള സ്ഥൂല, സൂക്ഷ്മ പോഷകങ്ങളും മറ്റു മൂലകങ്ങളും ഓർഗാനിക് വളങ്ങളിൽ നിന്ന് കിട്ടുകയുമില്ല.
രാസവളം ഉപയോഗിക്കുന്നതുകൊണ്ട് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടോ?
രാസവളം ഉപയോഗിച്ചുണ്ടാക്കിയ പച്ചക്കറികളോ പഴവർഗങ്ങളോ കഴിക്കുന്നതുകൊണ്ട് ഒരുതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല.
പരിസ്ഥിതിസംബന്ധമായ എന്തൊക്കെ പ്രശ്‌നങ്ങളാണ് രാസവളം കൊണ്ട് ഉണ്ടാകുന്നത്?
രാസവളം ഇടുമ്പോൾ മഴവെള്ളത്തിൽ കലർന്ന് അതു കുടിവെള്ളത്തിൽ എത്താതെ നോക്കണം. കൂടാതെ, രാസവളപ്രയോഗം അമിതമായാൽ വെള്ളത്തിൽ കലർന്ന് പായലുകളുടെ വളർച്ച കൂടാൻ സാധ്യതയുണ്ട്. പാടങ്ങളിൽ നിന്നുള്ള രാസവളം വെള്ളത്തിൽ കലർന്നതു മൂലമാകാം കുട്ടനാട്ടിലെ അമിതമായ പായൽ വളർച്ച (ഈ രീതിയിൽ പഠനങ്ങൾ നടന്നതായി അറിവില്ല). രാസവളം വെള്ളത്തിൽ കലരുന്നത് മത്സ്യസമ്പത്തിനെയും കാര്യമായി ബാധിക്കാൻ സാദ്ധ്യതയുണ്ട്.
വളമിടാതെ ഉണ്ടാക്കിയ ഫലങ്ങൾ കൂടുതൽ ഗുണകരമാണോ?
നല്ല വളക്കൂറുള്ള മണ്ണല്ലെങ്കിൽ വളം ഇടാതെയുണ്ടാക്കിയ പച്ചക്കറി, പഴവർഗ്ഗങ്ങൾക്ക് വേണ്ടത്ര പോഷകാഹാരം കിട്ടുന്നില്ല. വേണ്ടത്ര ആഹാരം കിട്ടാതെ പോഷണവൈകല്യം വന്ന പച്ചക്കറികൾ കഴിക്കുന്നത് ഗുണകരമാണെന്നു വിചാരിക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ലല്ലോ. ജർമ്മനിയിലെ ഹൊഹൻഹെയിം യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരെ ഉദ്ധരിച്ചു പറഞ്ഞാൽ, ഇതുവരെയുള്ള ഗവേഷണപഠനങ്ങൾ വച്ച് ഓർഗാനിക് ഭക്ഷണസാധനങ്ങൾക്കു ഗുണനിലവാരം കാര്യമായി കൂടുതലാണെന്ന് കണ്ടെത്തിയിട്ടില്ല. അവരുടെ റിപ്പോർട്ടിലെ വാചകം ഇങ്ങനെയാണ്: No clear conclusions about the quality of organic food can be reached using the results of present literature and research results.
അമേരിക്കയിലെ പ്രശസ്തമായ റട്ട്‌ഗേർഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഫുഡ് ടോക്‌സിക്കോളജി പ്രൊഫസറായ ജോസഫ് ഡി. റോസെൻ പറയുന്നത് ഗുണം കൂടുതലുണ്ടെന്നു ധരിച്ച് ഓർഗാനിക് ആഹാരത്തിനു പൈസ മുടക്കുന്നത് വെറുതെയാണ് എന്നാണ്. 'Any consumers who buy organic food because they believe that it contains more healthful nuturients than conventional food are wasting their money' '.
കുഞ്ഞുങ്ങൾക്ക് ഒരു വയസ്സാകും മുൻപേ തേനും വയമ്പും നാവിൽ തൂകുന്ന ആചാരത്തിലൊളിഞ്ഞിരിക്കുന്ന അപകടത്തെപ്പറ്റി സുരേഷ് എഴുതുന്നു:
'കുഞ്ഞുങ്ങൾക്ക് തേനും വയമ്പും അരച്ചുകൊടുക്കുന്നത് ഒരു ആചാരമായി ഇപ്പോഴും പലരും ചെയ്യാറുണ്ട്. അങ്ങനെ ചെയ്താൽ ബുദ്ധി കൂടുമെന്നാണ് വിശ്വാസം. നവജാതശിശുക്കൾക്കു പോലും തേനും വയമ്പും കൊടുക്കുന്നത് നമ്മളിൽ പലരും കണ്ടിട്ടുണ്ടാവും; ചിലരൊക്കെ ചെയ്തിട്ടുമുണ്ടാവും.
എന്നാൽ ഇങ്ങനെ തേനും വയമ്പും കൊടുക്കുന്നത് നല്ലതാണോ? ആദ്യം നമുക്ക് തേനിനെപ്പറ്റി നോക്കാം. തേൻ പ്രകൃതിദത്തമാണ്, രോഗപ്രതിരോധശക്തി തരുന്നതാണ് എന്നുള്ള കാര്യമൊക്കെ ശരിയാണ്. പക്ഷേ, ഒരു വയസ്സാകുന്നതുവരെ കുട്ടികൾക്ക് ഒരു കാരണവശാലും തേൻ കൊടുക്കരുത്. കൈയിൽ തേച്ച് ഒരു തുള്ളി പോലും.
എന്താണ് തേനിന്റെ പ്രശ്‌നം? ക്ലോസ്റ്റിറിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയ തേനിൽ കാണാനുള്ള സാധ്യത വളരെ വലുതാണ്. പ്രാണവായുവില്ലാതെ ജീവിക്കാൻ കഴിയുന്നതും രേണുക്കൾ (spore) ഉണ്ടാക്കുന്നതുമായ ബാക്ടീരിയ ആണ് ക്ലോസ്റ്റിറിഡിയം ബോട്ടുലിനം. നാഡീവ്യൂഹത്തെ തകരാറിലാക്കുന്ന വിഷമായ ബോട്ടുലിനം ടോക്‌സിൻ ഉണ്ടാക്കാൻ കഴിവുള്ള ബാക്ടീരിയ ആണിത്. അതിഗുരുതരമായ പക്ഷാഘാതഗ്രസ്തമായ അസുഖങ്ങൾ നാഡീവ്യൂഹത്തിലുണ്ടാകാൻ ഈ വിഷം കാരണമായേക്കാം.
അപ്പോൾ കൊച്ചുകുട്ടികൾക്ക് തേൻ കൊടുക്കുന്നത് ഒഴിവാക്കണോ? പൂർണ്ണമായും ഒഴിവാക്കണം എന്നുതന്നെയാണ് ഉത്തരം. കാരണം, ഇപ്പോൾ അറിയപ്പെടുന്നതിൽവച്ച് ഏറ്റവും വീര്യമുള്ള വിഷങ്ങളിൽ ഒന്നാണ് ബോട്ടുലിനം ടോക്‌സിൻ. കൊച്ചു കുട്ടികളിൽ മാരകമായ അസുഖം ഉണ്ടാക്കാൻ ഇത് തീർത്തും വളരെ ചെറിയ അളവു മതി. 1.3 2.1 ng/kg ആണ് അപകടമുണ്ടാക്കുന്ന ഡോസ്.
ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് തേൻ കൊടുക്കുന്നത് സുരക്ഷിതമല്ലെന്ന് അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ പറയുന്നുണ്ട്. യു.കെ.യിലെ ഒന്നാം നമ്പർ പത്രമായ ദി ഗാർഡിയനും ശിശുക്കൾക്ക് തേൻ കൊടുക്കുന്നതിനെതിരെ 2005 ഓഗസ്റ്റിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്'.
ഒരുപക്ഷെ, സുരേഷ് പ്രസിദ്ധീകരിച്ച ശാസ്ത്രക്കുറിപ്പുകളിൽ ഏറ്റവും ശ്രദ്ധനേടിയ ഒന്നായിരിക്കും, മലയാളിയുടെ ഏറ്റവും വലിയ സാംസ്‌കാരിക വിഭ്രമങ്ങളിലൊന്നായി മാറിയിട്ടുള്ള എഴുത്തിനിരുത്തിൽ, സ്വർണമോതിരം കൊണ്ട് കുഞ്ഞുങ്ങളുടെ നാവിലെഴുതുന്ന പ്രാകൃതാചാരത്തിനെതിരെയുള്ളത്. രണ്ടു ഗുരുതരമായ ആരോഗ്യ-ശുചിത്വപ്രശ്‌നങ്ങൾ ഈ പരിപാടിയിലുണ്ട്. ഏതൊക്കെ? സുരേഷ് എഴുതുന്നു:
'ഒന്ന്: തിരക്കുള്ള അമ്പലങ്ങളിലും മറ്റ് എഴുത്തിനിരുത്തു സ്ഥലങ്ങളിലും ഒരേ മോതിരം കൊണ്ടാണ് നൂറുകണക്കിന് കുട്ടികളുടെ വായിൽ എഴുതുന്നത്. കിണ്ടിയിൽ അടുത്തുവച്ചിരിക്കുന്ന വെള്ളത്തിൽ പേരിന് ഒന്നുമുക്കിയിട്ടാണ് അടുത്ത കുട്ടിയുടെ വായിൽ എഴുതുന്നത്. വെള്ളത്തിൽ മുക്കിയതുകൊണ്ട് മോതിരം അണുവിമുക്തമാകില്ല. സ്റ്റെറിലൈസ് ചെയ്യാതെ ഇങ്ങനെ ഒരേ മോതിരം ഉപയോഗിക്കുന്നതുകൊണ്ട് പകർച്ചവ്യാധികളും മാരകമായ മറ്റുപല അസുഖങ്ങളും ഒരു കുട്ടിയിൽനിന്നും പല കുട്ടികളിലേക്ക് പകരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.
സ്വർണം ആന്റിബാക്ടീരിയൽ ആണല്ലോ എന്നായിരിക്കും ഇപ്പോൾ ചിന്തിക്കുക. ഗോൾഡ് നാനോപാർട്ടിക്കിളുകൾ ആന്റിബാക്ടീരിയലാണ്; ശരിതന്നെ. സ്വർണം കൊണ്ട് ഉണ്ടാക്കിയ മോതിരം ചെറിയ തോതിൽ ആന്റിബാക്ടീരിയൽ സ്വഭാവം കാണിക്കുമെങ്കിലും, വളരെ കുറച്ചുള്ള ഇടവേളകളിൽ ഇതിനു ബാക്ടീരിയകളെയോ വൈറസുകളെയോ കൊല്ലാൻ പറ്റില്ല.
രണ്ടാമത്തെ പ്രശ്‌നം, പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ളതാണ് എഴുത്തിനിരുത്തുന്ന ആളിന്റെ ഇടത്തെ കൈയിലുള്ള മോതിരം ഊരിയാണ് കുട്ടികളുടെ വായിൽ എഴുതുന്നത്. ശൗചക്രിയകൾ ചെയ്യുമ്പോൾ, മോതിരത്തിലേക്ക് പലതരത്തിലുള്ള ബാക്ടീരിയകൾ (ഉദാഹരണത്തിന്, Escherichia coli (E. coli), Enterococcus faecalis, Enterococcus faecium) കടന്നുകൂടാനുള്ള സാദ്ധ്യത കൂടുതലാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ'.
എത്രയോ ദശകങ്ങളായി നടക്കുന്ന ചർച്ചകളിലൊന്നാണ് വെളിച്ചെണ്ണ സൃഷ്ടിക്കുന്ന ആരോഗ്യപ്രതിസന്ധികളെക്കുറിച്ചുള്ളത്. വെളിച്ചെണ്ണക്കെതിരെ നടക്കുന്ന രാജ്യാന്തര എണ്ണക്കമ്പനികളുടെയും ഗവേഷണസ്ഥാപനങ്ങളുടെയും ഗൂഢാലോചന എന്ന നിലയിൽ മിക്കവരും തള്ളിക്കളയുന്ന ഈ വിഷയം പക്ഷെ അത്ര ലളിതമല്ല. സുരേഷ് പറയുന്നു:
'വെളിച്ചെണ്ണയിൽ വറുക്കുകയോ പൊരിക്കുകയോ ചെയ്യരുത് എന്ന് പറയാൻ കാരണം എന്താണ്?
വെളിച്ചെണ്ണയുടെ സ്‌മോക് പോയിന്റ് 175 ഡിഗ്രി സെൽഷ്യസാണ്. സ്‌മോക് പോയിന്റ് എന്നാൽ ഫാറ്റി ആസിഡുകൾ വിഘടിച്ചു മറ്റുള്ള അപകടകാരികളായ സംയുക്തങ്ങളോ പുകയോ ആകാൻ തുടങ്ങുന്ന താപനിലയാണ്. മറ്റുള്ള എണ്ണകളുടെ സ്‌മോക് പോയിന്റ് നോക്കിയാൽ 175 ഡിഗ്രി സെൽഷ്യസ് വളരെ താണ താപനിലയാണ്. ഉദാഹരണത്തിന്, സൂര്യകാന്തി എണ്ണയിൽ ഇത് 230 ഡിഗ്രി സെൽഷ്യസ് ആണ്. ഒരു എണ്ണയും തുടർച്ചയായി അടുപ്പിൽവച്ചു ഡീപ് ഫ്രൈ ചെയ്യുന്നത് ഉത്തമമല്ല, പ്രത്യേകിച്ച് സ്‌മോക് പോയിന്റ് കുറഞ്ഞ വെളിച്ചെണ്ണ പോലുള്ള എണ്ണകൾ.
ബ്രിട്ടീഷ് ജേർണൽ ഓഫ് ന്യൂട്രിഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത് പല പ്രാവശ്യം ഒരേ വെളിച്ചെണ്ണയിൽ പാകം ചെയ്ത ആഹാരം വിഷമയമായതും കാൻസറിനു കാരണമായതുമാണ് എന്നാണ്. Dietary consumption of repeatdly heated coconut oil exhibits the possible risk of carcinogenictiy and genotoxictiy. ഈ പഠനം നടത്തിയത് ഇന്ത്യയിലാണ്. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ 2017 ജൂണിൽ നടത്തിയ ഒരു പഠനത്തിന്റെ രത്‌നച്ചുരുക്കം ഇങ്ങനെയാണ്: പല ക്ലിനിക്കൽ പഠനങ്ങളിലും വെളിച്ചെണ്ണ രക്തത്തിലെ എൽ.ഡി.എൽ. കൊളെസ്റ്ററോൾ കൂട്ടുന്നതായി കണ്ടു. അതിനാൽ, ഹൃദ്രോഗത്തിനു കാരണമായേക്കാവുന്ന വെളിച്ചെണ്ണ ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത്. ഇതു കൂടാതെ എല്ലാത്തരം എണ്ണകളും കഴിവതും ആഹാരത്തിൽ നിയന്ത്രിതമായേ ഉപയോഗിക്കാവൂ.
വെളിച്ചെണ്ണയുടെ ഉപയോഗം പൂർണ്ണമായി നിർത്തലാക്കുകയോ അല്ലെങ്കിൽ വളരെ നിയന്ത്രിതമായി ഉപയോഗിക്കുകയോ ചെയ്യണമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ, അമേരിക്കൻ ഹാർട്ട് അസോസിയേഷൻ, ബ്രിട്ടീഷ് നാഷണൽ ഹെൽത്ത് സർവീസ്, ബ്രിട്ടീഷ് ന്യൂട്രീഷൻ ഫൗണ്ടേഷൻ എന്നിവരെല്ലാം നിഷ്‌കർഷിക്കുന്നുണ്ട്. അതുകൊണ്ട് വെളിച്ചെണ്ണ നിയന്ത്രിതമായി ഉപയോഗിക്കുക. വല്ലപ്പോഴും മുട്ട പൊരിക്കാനും മെഴുക്കുപുരട്ടി വയ്ക്കാനുമൊക്കെ അല്പം വെളിച്ചെണ്ണ ഉപയോഗിക്കുന്നതിൽ തെറ്റുമില്ല. എന്നാൽ, തിളച്ച എണ്ണയിൽ ഇട്ടുള്ള ഉപ്പേരി, ഉണ്ണിയപ്പം, അച്ചപ്പം വറുക്കലിന് വെളിച്ചെണ്ണ ഉപയോഗിക്കാതെ ശ്രദ്ധിക്കണം. ഡീപ് ഫ്രൈ ചെയ്യാൻ ഒരിക്കലും വെളിച്ചെണ്ണ ഉപയോഗിക്കരുത്'.
ഈ പുസ്തകത്തിൽ സുരേഷ് ഉന്നയിക്കുന്ന വിഷയങ്ങളും ചർച്ചചെയ്യുന്ന പ്രശ്‌നങ്ങളും നിർദ്ദേശിക്കുന്ന പരിഹാരങ്ങളും യഥാർഥത്തിൽ നമ്മുടെ ജീവിതസംസ്‌കാരത്തെത്തന്നെ പുനർനിർണയിക്കുന്നവയാണ്. എന്തുകൊണ്ടാണ് ഇത്രമേൽ അശാസ്ത്രീയവും ശാസ്ത്രവിരുദ്ധവുമായ ഒരു ജീവിതസംസ്‌കാരത്തിന് നാം അടിപ്പെട്ടുപോയത്? അസംഖ്യം ജീവിതമേഖലകളിലൊന്നായ ഭക്ഷണ-ആരോഗ്യരംഗം മാത്രം ചർച്ചചെയ്ത് സുരേഷ് വിരൽ ചൂണ്ടുന്നത് ഇത്തരമൊരവസ്ഥക്കു കാരണഭൂതമായ ചില സാഹചര്യങ്ങളിലേക്കാണ്. അവ വേണമെങ്കിൽ ഇങ്ങനെ സംഗ്രഹിക്കാം. (1) ഭരണകൂടത്തിന്റെ ജാഗ്രതക്കുറവും അഴിമതിയും. (2) ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളുടെ നിരുത്തരവാദിത്തവും പരീക്ഷണങ്ങളുടെ അഭാവവും. (3) കച്ചവടക്കാരുടെ ലാഭക്കണ്ണ്. (4) പൊതുജനങ്ങളുടെ അറിവില്ലായ്മ. (5) വ്യാജശാസ്ത്രങ്ങളുടെയും അവയുടെ പ്രചാരകരുടെയും ആധിക്യവും വിശ്വാസ്യതയും.
ഈ അടിസ്ഥാന സന്ദർഭങ്ങൾകൂടി പരിഗണിച്ചും പരിഹരിച്ചും മാത്രമേ ഏതെങ്കിലും തരത്തിലുള്ള മാറ്റം നമ്മുടെ സമൂഹത്തിൽ സാധ്യമാകൂ. ശാസ്ത്രം ജനനന്മയ്ക്ക് എന്നത് ഒരു മുദ്രാവാക്യം മാത്രമായി അവശേഷിക്കുന്നിടത്തു നിന്നാണ് ഈ മാറ്റങ്ങൾ ആരംഭിക്കേണ്ടത്. 'പാഠം ഒന്ന്' വിരൽ ചൂണ്ടുന്നത് ഇത്തരമൊരു മാറ്റത്തിലേക്കാണ്.
പാഠം ഒന്ന്
സുരേഷ് സി. പിള്ള
താമര, ഇന്ദുലേഖ.കോം
2018, വില: 150 രൂപ