മനാമ: പടവ് കുടുംബവേദിയുടെ മൂന്നുമാസക്കാലം നീണ്ട വാർഷികാഘോഷങ്ങളുടെ സമാപനം ഇന്ന് ബഹ്‌റൈൻ കേരളീയ സമാജം ഓഡിറ്റോറിയത്തിൽ നടക്കും. പ്രശസ്ത പിന്നണി ഗായകരായ അഫ്‌സൽ, അൻസാർ, അഖില ആനന്ദ് എന്നിവർ നയിക്കുന്ന സംഗീത വിരുന്നും സിനിമാ താരങ്ങളായ രമേഷ് പിഷാരടി, ധർമ്മജൻ എന്നിവർ പങ്കെടുക്കുന്ന ഹാസ്യ കലാവിരുന്നും അരങ്ങേറും.

ബഹ്‌റൈനിലെ വിവിധ സാമൂഹ്യ സംഘടനാ പ്രതിനിധികളും പ്രമുഖ വ്യക്തികളും പരിപാടിയിൽ സംബന്ധിക്കും. കഴിഞ്ഞ നവംബറിലാണ് പടവ് കുടുംബവേദിയുടെ വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. സൗജന്യ മെഡിക്കൽ ക്യാമ്പ്, രക്തദാനം, കുടും കൗൺസിലിംങ്ങും സെമിനാറും, കുട്ടികൾക്കായി വിന്റർ ക്ലാസ് എന്നിവയും വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

ഇന്ന് നടക്കുന്ന സമാപന പരിപാടിയുടെ മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായതായും പരിപാടിയുടെ വിജയത്തിനായി എല്ലാ മലയാളികളുടെയും സാന്നിദ്ധ്യ സഹകരണം ഉണ്ടാകണമെന്നും ഭാരവാഹികൾ അറിയിച്ചു.