തിരുവനന്തപുരം: പടയൊരുക്കം ഒടുവിൽ യുദ്ധത്തിൽ തന്നെ സമാപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കത്തിന്റെ സമാപന സമ്മേളനത്തിന് ശേഷം കോൺഗ്രസ് പ്രവർത്തകർ ഗ്രൂപ്പ് തിരിഞ്ഞ് തമ്മിലടിച്ചു. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെഎസ്‌യു വിന്റെ പ്രവർത്തകരാണ് തമ്മിൽ തല്ലിയത്. യാത്രയിൽ ഉടനീളം വിവാദങ്ങൾ ഒന്നുമില്ലാതെ സമാപനത്തിൽ എത്തിയപ്പോൾ പടിക്കൽ കൊണ്ട്ുപോയി കലം ഉടച്ച അവസ്ഥയിലായി കോൺഗ്രസ് നേതൃത്വം. സംഘർഷത്തിൽ രണ്ട് പ്രവർത്തകർക്ക് കുത്തേറ്റു. ഒരാൾക്ക് തലക്ക് പരിക്കേറ്റു. സംഘർഷത്തിനൊടുവിൽ അടി കൊണ്ടവരും കൊടുത്തവരും തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

എം.എൽഎ ഹോസ്റ്റലിന് സമീപത്ത് വച്ചാണ് സംഭവം നടന്നത്. വ്യക്തി വൈരാഗ്യവും ഗ്രൂപ്പുകളിൽ തമ്മിലുള്ള ഫേസബുക്ക് പോസ്റ്റിന്റെ പേരിലുമായിരുന്നു സംഘർഷം നടന്നത്. ഐ ഗ്രൂപ്പുകാരായ അദേശ്, നജീം എന്നിവർക്കാണ് കുത്തേറ്റത്. കെ.എസ്.യു ജില്ലാ സെക്രട്ടറിയാണ് ആദേശ്. കെഎസ്.യു സംസ്ഥാന ഭാരവാഹി നബീൽ ആണ് കുത്തിയതെന്നാണ് ആദേശ് പരാതി നൽകിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ നജീമിന്റെ തലയ്ക്കും സംഘർഷത്തിൽ പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോൺഗ്രസുകാർ തമ്മിലുള്ള അടിയും ഗ്രൂപ്പുകൾ തമ്മിലുള്ള പോരും പതിവായ കോൺഗ്രസ് പാർട്ടിയിൽ കത്തികുത്തിലേക്ക് നീങ്ങുന്നത് ഇതാദ്യമാണ്. പല യോഗങ്ങളിലും പ്രവർത്തകരുടെ മുതൽ നേതാക്കളുടെ വരെ മുണ്ട് ഉരിഞ്ഞ് അടി നടത്തിയിട്ടുണ്ടെങ്കിലും അടിയിലും കത്തി കുത്തിലേക്കും പോകുന്ന പതിവല്ലാത്ത കാഴ്ചയാണ്. നിയുക്ത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുത്ത പടയൊരുക്കത്തിന് വന്നതാണ് ഇവർ. സമ്മേളനം കഴിഞ്ഞ് തിരിച്ച് പോകുന്ന വഴിയാണ് തർക്കം നടന്നത്. തർക്കം പിന്നീട് കത്തി കുത്തിലേക്ക് നീങ്ങുകയായിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം കോൺഗ്രസിന് പുത്തൻ ഉണർവ് നൽകി മുന്നേറിയിരുന്നു. ജാഥയിൽ ഉടനീളം കളങ്കിതരെ മാറ്റിനിർത്തിയും വിവാദങ്ങളെ പടിക്ക് പുറത്ത് നിർത്തിയും ഒരു വിവാദവും ഉണ്ടാകാതെ തലസ്ഥാനത്ത് വരെ എത്തിയ പടയൊരുക്കം ഇപ്പോൾ പടിക്കൽ കൊണ്ട് കലമുടച്ച അവസ്ഥയിലായി. എന്നാൽ ഇന്ന് നടന്ന അടിയിൽ പടയൊരുക്കവുമായി യാതൊരു ബന്ധവുമില്ലെന്നാണ് നേതാക്കളുടെ വിശദീകരണം.

പടയൊരുക്കത്തിന്റെ സമാപന ദിവസമായ ഇന്ന് മുൻ കെപിസിസി അധ്യക്ഷൻ സുധീരൻ പങ്കെടുത്തില്ലെന്നതും ശ്രദ്ധേയമായി. കോൺഗ്രസ് നിയുക്ത അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ കോൺഗ്രസിന്റെ നിരവധി നേതാക്കൾ പങ്കെടുത്തിരുന്നു. രാഹുൽ ഗാന്ധിയെ എയർപോർട്ടിൽ നിന്ന് സ്വീകരിക്കാൻ വി എം സുധീരൻ എത്തിയിരുന്നു എന്നാൽ സമ്മേളന വേദിയിൽ സുധീരൻ എത്തിയിരുന്നില്ല. സമ്മേളനത്തിൽനിന്നും വിട്ടുനിന്നതു സംബന്ധിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് സുധീരൻ പറഞ്ഞു.

രാവിലെ 11.35ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. ഈ സമയം വിമാനത്താവളത്തിൽ രാഹുലിനെ സ്വീകരിക്കാൻ വി എം സുധീരൻ ഉണ്ടായിരുന്നു. ശേഷം കൃത്യം 12 മണിയോടെ തന്നെ രാഹുൽ പൂന്തുറയിലെത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അദ്ധ്യക്ഷൻ എംഎം ഹസ്സൻ, എംപിമാരായ കെസി വേണുഗോപാൽ, ശശിതരൂർ, ഡിസിസി അദ്ധ്യക്ഷൻ നെയ്യാറ്റിൻകര സനൽ എന്നിവർക്കൊപ്പമാണ് അദ്ദേഹം പൂന്തുറയിലെത്തിയത്. അവിടെയും സുധീരൻ എത്തിയിരുന്നില്ല.

തങ്ങളുടെ ഉറ്റവർ ഇനിയും തിരിച്ചെത്തിയില്ലെന്ന സങ്കടം പറഞ്ഞവരെ ആശ്വസിപ്പിച്ച ശേഷം അവർക്കായി പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ചു നിയുക്ത കോൺഗ്രസ് അധ്യക്ഷൻ. സമീപത്തെ വീടുകളുടെ മുകളിലും മറ്റുമായി വൻ ജനാവലിയാണ് രാഹുലിനെ നേരിൽ കാണാനായി തടിച്ച് കൂടിയത്. ഇവിടെ ഏകദേശം അരമണിക്കൂറോളം ചെലവിട്ട ശേഷം കോൺഗ്രസ് നേതാക്കൾക്കൊപ്പം അദ്ദേഹം വിഴിഞ്ഞത്തേക്ക് പോവുകയായിരുന്നു. വിഴിഞ്ഞത്ത് തീരദേശ വാസികളെ കണ്ട ശേഷം രാഹുൽ ഹെലികോപ്റ്ററിൽ കന്യാകുമാരി ജില്ലയിലെ ചിന്നത്തുറയിലെത്തി.

5.30നു സെൻട്രൽ സ്റ്റേഡിയത്തിൽ പടയൊരുക്കം സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായും പങ്കെടുത്തപ്പോഴാണ് വീണ്ടും സുധീരന്റെ അസാന്നിധ്യം ചർച്ചയായത്. വേദിയിലും സമീപത്തും സുധീരനെ കണ്ടില്ല. കാര്യം അറിയാൻ മാധ്യമങ്ങൾ വിളിച്ച് ചോദിച്ചപ്പോൾ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന മറുപടിയാണ് ലഭിച്ചത്.