തമാശയെന്നാൽ തേപ്പും തെറിവിളിയും അശ്ശീലവുമാണെന്ന ചിന്ത സിരകളിൽ കയറി ഹാസ്യരംഗങ്ങളിൽ രാസവളപ്രയോഗം നടത്തുന്ന സിനിമയെഴുത്തുകാർക്ക് യഥാർത്ഥ ഹാസ്യമെന്തെന്നതിന് ഉത്തമ ഉദാഹരണമാണ് ബിജു മേനോന്റെ പുത്തൻ സിനിമയായ പടയോട്ടം. വ്യത്യസ്ഥതമായ കഥാപാത്രങ്ങൾക്ക് എന്നും കൈ കൊടുക്കുന്ന ബിജു മേനോന്റെ കോൺഫിഡൻസ് ലെവൽ കൃത്യമാണെന്ന് തെളിയിക്കുന്ന കഥാപാത്രത്തെ തന്നെയാണ് പടയോട്ടം എന്ന ചിത്രം 2018ൽ അദ്ദേഹത്തിന് സമ്മാനിച്ചത്.

പടയോട്ടം എന്ന പേര് ആദ്യം നമുക്ക് തരുന്നത് മലയാളത്തിലെ ആദ്യ 70 എംഎം സിനിമയായ പടയോട്ടത്തെ കുറിച്ചുള്ള ഓർമ്മകളാണ്. എന്നാൽ മമ്മൂട്ടിയും മോഹൻലാലും പ്രേം നസീറുമൊക്കെ തകർത്തഭിനയിച്ച സിനിമയുടെ പേര് മാത്രമാണ് ഇവിടെ സംവിധായകൻ റഫീക്ക് ഇബ്രാഹിം കടമെടുത്തിരിക്കുന്നത്. നവാഗതനായ ഒരാളുടെ സിനിമയാണിതെന്ന് ഒരിക്കലും പ്രേക്ഷകന് പറയാൻ സാധിക്കില്ല. അഭിനയം, ക്യാമറ, കഥ തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളിലും എക്‌സ്പീരിയൻസ്ഡ് സംവിധായകന്റെ മാജിക്ക് ടച്ച് പടയോട്ടത്തിൽ കാണാം.

സിനിമയുടെ തുടക്കം മുതൽ അവസാനം വരെ ഓപ്പൺ ഹാർട്ട് സർജറി പോലെ കടുകിട തെറ്റാതെ കൃത്യമായി അവതരിപ്പിച്ച 'ചിരി ഓപ്പറേഷൻ' സക്‌സസ് ആയി എന്ന് തിയേറ്റർ വിട്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും പറയുന്നു. ക്യാപ്റ്റൻ, അനുരാഗ കരിക്കിൻ വെള്ളം, രക്ഷാധികാരി ബൈജു എന്നി സിനിമയിലെ അനുഭവ സമ്പത്ത് വച്ച് സംവിധാനത്തിലേക്ക് കൈവച്ച റഫീക്കിന് മികച്ച തുടക്കം തന്നെ സമ്മാനിച്ചിരിക്കുകയാണ് 'പടയോട്ടം'.

ചെങ്കൽ രഘുവും സംഘവും ഓടെടാ ഓട്ടം...അസ്സൽ പടയോട്ടം

ഉള്ളിൽ നന്മയുടേയും സ്‌നേഹത്തിന്റെയും കണിക മാത്രമുള്ള നല്ല അസ്സൽ ഗുണ്ട... ചെങ്കൽ രഘുവായി ബിജു മേനോൻ എത്തുമ്പോൾ ഗുണ്ടയുടെ സഹയാത്രികരായി സംവിധായകരായ ദിലീഷ് പോത്തൻ, ബേസിൽ ജോസഫ്, ലിജോ ജോസ് പെല്ലിശേരി താരങ്ങളായ സൈജു കുറുപ്പ് ,സുധി കൊപ്പ, ഹരീഷ് കണാരൻ എന്നിവർ ഉൾപ്പടെയുള്ള അഭിനേതാക്കളാണ് പടയോട്ടത്തിൽ ഒപ്പമൊടാനെത്തുന്നത്. പിങ്കു എന്ന ബേസിൽ ജോസഫ് കഥാപാത്രം കാമുകി തേച്ചിട്ടു പോയ വിഷമത്തിൽ മദ്യപിച്ച് ലക്കുകെട്ട് സിഗരറ്റ് വാങ്ങാൻ പോകുന്ന സമയം ഉണ്ടാകുന്ന അനിഷ്ട സംഭവം ഒടുവിൽ ചെന്നെത്തുന്നത് ചെങ്കൽ രഘുവിന്റെയും സംഘത്തിന്റെയും തിരുവനനന്തപുരം മുതൽ കാസർകോഡ് വരെയുള്ള നീളൻ ട്രിപ്പിലാണ്.

ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുന്ന ഫസ്റ്റ് ഹാഫും അതിന്റെ ഇരട്ടി ശബ്ദത്തിൽ കോമഡി ഗുണ്ട് പൊട്ടിച്ച സെക്കണ്ട് ഹാഫും ക്ലൈമാക്‌സുമാണ് പടയോട്ടം കാണാനെത്തുന്നവരെ കാത്തിരിക്കുന്നത്. സന്ദർഭങ്ങളെ ഹാസ്യമാക്കി മാറ്റുന്ന ബിജു മേനോൻ മാജിക്ക് പടയോട്ടത്തിലും വ്യക്തമാണ്. അശ്ശീല ചുവയുള്ള കോമഡി ലവലേശമില്ല. യാത്രയെ ഇഷ്ടപ്പെടുന്ന പ്രേക്ഷകന് പടയോട്ടം സമ്മാനിക്കുന്നത് തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള കിടിലൻ കാഴ്‌ച്ചകൾ കൂടിയാണ്. യാത്രയ്ക്കിടെ നായക കഥാപാത്രം ചർദ്ദിക്കുന്ന സീൻ വരെ ചേർത്ത് ഹാസ്യത്തെ ഏറ്റവും ലളിതമായും യാഥാർത്ഥ്യത്തോട് ചേർന്ന് നിൽക്കുന്നതുമായ രീതിയിൽ അവതരിപ്പിക്കുവാൻ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്.

എന്നിരുന്നാലും വികാര നിർഭരമായ സീനുകളും അമ്മ മകൻ ബന്ധത്തിന്റെ ആഴം വെളിവാക്കുന്ന സീനുകളും സിനിമയിൽ ഏറെയുണ്ട്. കട്ടത്താടിയുള്ള നായകന് മുന്നിൽ കട്ടയ്ക്ക് നിൽക്കുന്ന വില്ലൻ തന്നെയാണ് ചിത്രത്തിലുള്ളത്. കോമഡി അതിന്റെ മൂർധന്യത്തിൽ നിൽക്കുമ്പോൾ തന്നെ ഭീതി എന്ന ഘടകത്തെ ഞെടിയിടയിൽ പ്രേക്ഷകന്റെ മനസിൽ കൊണ്ടു വരാൻ പടയോട്ടത്തിന് സാധിച്ചിട്ടുണ്ട്. തിരുവനന്തപുരം ഭാഷയ്ക്ക് പ്രാധാന്യം നൽകുന്ന ചിത്രമാണെങ്കിലും കോഴിക്കോട്, കൊച്ചി, കാസർകോഡ് എന്നി പ്രദേശങ്ങളിലെ ഭാഷാ ശൈലി ഗസ്റ്റ് റോളിൽ എത്തുന്ന സീനുകൾ പ്രേക്ഷകന് വ്യത്യസ്ഥമായ അനുഭൂതി പകരുന്നു.

യാത്രയാണ് സിനിമയുടെ നട്ടെല്ല്. അതു കൊണ്ട് തന്നെ യാത്രയ്ക്കിടയിൽ ചെങ്കൽ രഘുവും സംഘവും അനുഭവിക്കുന്ന പ്രശ്‌നങ്ങൾ കണ്ടു മുട്ടുന്ന ആളുകൾ സ്ഥലങ്ങൾ എന്നിവയെല്ലാം തന്നെ സിനിമയുടെ കഥാപാത്രങ്ങളായി മാറുന്ന കാഴ്‌ച്ച ഏറെ രസകരമാണ്. രഘുവും സംഘവും ഒരു പയ്യനെ അന്വേഷച്ചിറങ്ങുമ്പോൾ അവൻ കാസർകോട്ടുകാരനാണെന്ന ഡയലോഗിൽ തന്നെ ഒരു യാത്രയുടെ മണം പ്രേക്ഷകന് ലഭിച്ച് തുടങ്ങും. എന്നാൽ അത് എന്ത് എങ്ങനെ എന്ന കണക്ക് കൂട്ടലുകൾ തെറ്റിക്കുന്ന മാന്ത്രിക വിദ്യയാണ് തിരക്കഥയിൽ ഒളിഞ്ഞിരിക്കുന്നത്.

കോമഡിയുടെ മാലപ്പടക്കം പൊട്ടിക്കുമ്പോഴും ഹൃദയത്തെ കുളിരണിയിക്കുന്ന പാട്ടുകളും പടയോട്ടത്തിലുണ്ട്. ഉത്സവലഹരി തരുന്ന സീനുകൾ കോർത്തിണക്കിയ ഗാനങ്ങൾ കാണുന്ന നേരം ചുവട് വയ്ക്കാത്ത പ്രേക്ഷകൻ പടയോട്ടം ഓടുന്ന തിയേറ്ററിൽ ഉണ്ടാകില്ല. ചിരിപ്പൂരത്തിനും ആക്ഷൻ സീനുകൾക്കും പശ്ചാത്തല സംഗീതം ഒരുക്കിയ പ്രശാന്ത് പിള്ളയ്ക്ക് ബിഗ് സല്യൂട്ട് തന്നെ നൽകണം. ഹരിനാരായണന്റെ വരികൾ കൂടിയായപ്പോൾ പാട്ടുകൾ ഇരട്ടി ആസ്വാദനം പകരുന്നതായി മാറി.

പ്രശ്‌നങ്ങളിൽ നിന്നും കൂടുതൽ പ്രശ്‌നങ്ങളിലേക്ക് രഘുവും സംഘവും പോകുമ്പോൾ സിനിമയുടെ ചിരിയുടെ അത്യുഗ്രൻ ബോംബ് ഒളിപ്പിച്ച് വച്ചിരിക്കുന്ന ക്ലൈമാക്‌സാണ് പടയോട്ടത്തിലുള്ളത്. കുടുകുടെ ചിരിച്ച പ്രേക്ഷകന് തിയേറ്റർ വിട്ടിറങ്ങിയാലും ഓർത്തു ചിരിക്കാനുള്ള ഹാസ്യത്തിന്റെ കരിമരുന്ന് പ്രയോഗം തന്നെയാണ് പടയോട്ടത്തിന്റെ ക്ലൈമാക്‌സ്. കൊടുത്ത കാശ് ഇരട്ടി മുതലാണ് എന്ന അഭിപ്രായവുമായി തിയേറ്റർ വിട്ടിറങ്ങുന്ന പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നു 'നിങ്ങളും കുടുംബത്തോടൊപ്പം പടയോട്ടത്തിന് ടിക്കറ്റെടുക്കണം.'

ചിരിയുടെ വിളക്കണയാതെ ലക്ഷ്യസ്ഥാനത്ത് ഓടിയെത്തിയവർ

തങ്ങൾക്ക് ലഭിച്ച കഥാപാത്രത്തെ ഏറെ വ്യത്യസ്ഥമായി അവതരിപ്പിച്ച മലയാളത്തിന്റെ താരങ്ങൾക്ക് വലിയോരു കൈയടി തന്നെ കൊടുക്കണം. സംവിധാനം മാത്രമല്ല ഹാസ്യമോ വില്ലനിസമോ, സ്വാഭാവിക അഭിനയമോ എന്തായാലും തനിക്ക് ചേരുമെന്ന് തെളിയിച്ച ദിലീഷ് പോത്തനും ആമേൻ മുതൽ ഈ.മ.യൗ വരെ സമ്മാനിച്ച ലിജോ ജോസും നവസംവിധായകനായ ബേസിൽ ജോസഫും കാഴ്‌ച്ച വച്ച കഥാപാത്രങ്ങൾ പ്രേക്ഷകൻ മറക്കാൻ ഒട്ടും ഇടയില്ല.

 സൈജു കുറുപ്പും, സുധി കൊപ്പയും നിഷ്‌കളങ്ക നർമ്മത്തിന്റെ സ്വാഭാവിക പ്രതിഫലനം സിനിമയിൽ അവതരിപ്പിച്ചു. ഉടായിപ്പിന്റെ ഉസ്താദ് എന്ന് തോന്നിക്കുമെങ്കിലും അൽപം നിഷ്‌കളങ്കതയും ശുദ്ധമായ ഹാസ്യവും കലർത്തിയ ഹരീഷ് കണാരന്റെ മലബാർ സ്റ്റൈൽ സംസാര രീതിയും തമാശയും പടയോട്ടത്തിന്റെ വിജയത്തിന് വീര്യം കൂട്ടിയ ഒന്ന് തന്നെ. അനു സിത്താര, ഐമി സെബാസ്റ്റ്യൻ തുടങ്ങിയവർ ചെറുതെങ്കിലും തങ്ങൾക്ക് ലഭിച്ച റോളുകൾ മികച്ചതാക്കി.


ലോജിക്ക് ഇത്തിരി നഷ്ടമായോ ? ഇഴഞ്ഞു നീങ്ങിയ സീനുകൾ എന്തിന്

മണ്ണ് കപ്പുന്ന തമാശ സിനിമ പ്രേക്ഷകന് നൽകുന്നുണ്ടെങ്കിലും ചില സീനുകളിലെ തമാശ യുക്തിക്ക് നിരക്കുന്നതാണോ എന്ന് തോന്നിപ്പോകാം. സിനിമയുടെ കഥ രസതന്ത്രത്തിലെ ചെയിൻ റിയാക്ഷൻ പോലെ ഒന്നിന് പുറകേ ഒന്ന് എന്ന മട്ടിൽ പറയുമ്പോൾ സിനിമകളിലെ പതിവ് അനാവശ്യ ചേരുവയായ 'ലാഗ്' കടന്നു വരുന്നുണ്ട്. എന്നിരുന്നാലും ലാഗിന് ലിമിറ്റഡ് സ്റ്റോപ് മാത്രമേയുള്ളു എന്നതാണ് മറ്റൊരു ആശ്വാസം. സൂപ്പർ ഫാസ്റ്റായി ഓടുന്ന ചിത്രത്തിന് ആ പോരായ്മ പെട്ടന്നാരും ശ്രദ്ധിച്ചില്ലെന്ന് വരാം.

സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടെങ്കിലും മനസ്സിനിണങ്ങിയ നായികയെ രഘുവിന് കിട്ടിയില്ല. പിന്നെന്തിന് നായികയാകാം എന്ന പ്രേക്ഷകനെ തോന്നിപ്പിക്കുന്ന കഥാപാത്രങ്ങളേയും ചിത്രത്തിൽ വരുത്തിയിട്ടുണ്ട്. ഇത് എന്തിനാണെന്നാണ് മറ്റൊരു ചോദ്യം. എന്നാൽ മറ്റ് പ്രണയത്തെ കട്ടയ്ക്ക് കാണിക്കുന്നുണ്ട് താനും. ചിത്രം അവസാനിക്കുമ്പോൾ ഈ പ്രണയത്തിനും കഥാപാത്രങ്ങൾക്കും സ്ഥാനം നഷ്ടമാകുന്നു. ഇതും പടയോട്ടത്തിന് പിന്നിലെ കൊച്ചു കുറവുകളായി നിലകൊള്ളുന്ന വസ്തുതകളാണ്.

ഒന്നുകൂടി ഓർത്തിരുന്നാൽ നന്ന്......

ചിരി ഹൃദയാരോഗ്യത്തിനും ആയുസിനും നല്ലതാണെന്ന് പറയുന്നുണ്ട്. ഇത് കൂടുതൽ വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഉത്തമ ഔഷധമാണ് പടയോട്ടം. ഔഷധം ലഹരിയായി മാറാനും അധികം സമയം വേണ്ട. പടയോട്ടത്തിന്റെ ലഹരി ഒന്നറിഞ്ഞാൽ വീണ്ടും വീണ്ടും തിയേറ്ററിൽ പോകാൻ തോന്നുമെന്ന് പ്രേക്ഷകർ.

പ്രളയക്കെടുതിയുടെ വേദനയിൽ നിന്നും പുതു ജീവിതന്റെ സന്തോഷം നുണയാൻ തുടങ്ങുന്ന മലയാളക്കരയ്ക്ക് നല്ലൊരു സന്തോഷത്തിന്റെ അനുഭവം കൂടിയായിരിക്കും ചിരിയുടെ ഈ പടയോട്ടം...........