- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആട്ടയും ചായപ്പൊടിയും വിൽക്കാൻ എഡിജിപി ദുബായിലേക്ക്; ശമ്പളവും പെൻഷനും നൽകാൻ നയാപൈസയില്ലാതെ സർക്കാർ നെട്ടോട്ടമോടുമ്പോൾ സപ്ലൈകോ വകയും ധൂർത്ത്; ഗൾഫിൽ കറക്കത്തിന് പട്‌ജോഷി ഇറങ്ങുമ്പോൾ
തിരുവനന്തപുരം : ശമ്പളവും പെൻഷനും നൽകാൻ നയാപൈസയില്ലാതെ, സർക്കാർ കടമെടുക്കാൻ ഓടിനടക്കുന്നതിനിടെ ആട്ടയും ചായപ്പൊടിയും വിറ്റഴിക്കാനെന്ന പേരിൽ ഐ.പി.എസ് ഉദ്യോഗസ്ഥനായ സപ്ലൈകോ എം.ഡിക്ക് അബുദാബിയിലേക്ക് യാത്രാനുമതി. 1991ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ എഡിജിപി റാങ്കുള്ള ഡോ.സഞ്ജീബ് കുമാർ പട്‌ജോഷിക്കാണ് ശബരി ഉത്പ്പന്നങ്ങൾ യു.എ.ഇയിൽ വിപണിയിലിറക്കുന്നതിന്റെ ഭാഗമായി അവിടേക്ക് പോകാൻ സർക്കാർ അനുമതി നൽകിയത്.
ഈ മാസം 21മുതൽ 24വരെയാണ് പട്‌ജോഷിക്ക് അബുദാബിയിൽ പോവാൻ അനുമതി നൽകി പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. കേന്ദ്രസർക്കാരിന്റ കൂടി അനുമതി ലഭിച്ചാലേ ഐ.പി.എസ് ഉദ്യോഗസ്ഥനായ പട്‌ജോഷിക്ക് ഇന്ത്യ വിടാനാവൂ. ഔദ്യോഗിക ആവശ്യത്തിന് പോവുന്നതിനാൽ പട്‌ജോഷിയുടെ യാത്രാ, താമസ, ഭക്ഷണ ചെലവുകളെല്ലാം ഖജനാവിൽ നിന്ന് നൽകേണ്ടിവരും.
കെ.എസ്.ആർ.ടി.സി കടക്കെണിയിൽ മുങ്ങുകയും ജീവനക്കാർക്ക് അടുത്തമാസം പകുതിയായിട്ടും ശമ്പളം നൽകാതിരിക്കുകയും ചെയ്തപ്പോൾ എം.ഡി ബിജു പ്രഭാകറിന് ബസുകളെക്കുറിച്ചുള്ള സെമിനാറിൽ പങ്കെടുക്കാനും നഗരഗതാഗതത്തെക്കുറിച്ച് പഠിക്കാനും നെതർലാൻഡ് തലസ്ഥാനമായ ആംസ്റ്റർഡാമിൽ പോവാൻ സർക്കാർ അടുത്തിടെ അനുമതി നൽകിയിരുന്നു. ഇത് വിവാദമായി.
ചെലവിനായി ദിവസേന 100 ഡോളർ നൽകണമെന്നാണ് പൊതുഭരണ വകുപ്പ് അന്ന് ഉത്തരവിറക്കിയത്. 'യൂറോപ്പിലെ വൃത്തിയുള്ള ബസുകൾ'എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലാണ് മെയ് 11, 12 തീയതികളിൽ ബിജു പങ്കെടുത്തത്. 13, 14 തീയതികളിൽ നഗരഗതാഗത സംവിധാനത്തെക്കുറിച്ചുള്ള പഠനത്തിൽ പങ്കെടുത്തു.
ശബരി ചായപ്പൊടിയും ആട്ടയും ഗൾഫ് രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റുകളിൽ വിറ്റഴിക്കുന്ന പദ്ധതിക്കായാണ് പട്‌ജോഷി അബുദാബിയിലേക്ക് പോവുന്നത്. സപ്ലൈകോ ഉദ്യോഗസ്ഥർ അവിടെയെത്തി വിൽപ്പന ശൃംഖലകളെല്ലാം സജ്ജമാക്കിയിരുന്നു. മാളുകളിലും സൂപ്പർ മാർക്കറ്റുകളിലുമാണ് ശബരി ഉത്പ്പന്നങ്ങൾ വിൽക്കുക. പ്രതിമാസം 25 ടൺ ശബരി ചായപ്പൊടി രണ്ടു കണ്ടെയ്‌നറുകളിലായി കപ്പലിൽ യു.എ.ഇയിൽ എത്തിക്കും. ഗൾഫിലേക്ക് ആഴ്ചയിൽ 15 ടൺ വീതം ആട്ടയാണ് ആദ്യമാസം നൽകുക. ഈ രണ്ട് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള എല്ലാ നടപടികളും യു.എ.ഇയിൽ സജ്ജമായിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ പട്‌ജോഷി പോകേണ്ട ആവശ്യമൊന്നുമില്ല.
കടുത്ത നഷ്ടത്തിലൂടെയാണ് സപ്ലൈകോ കടന്നുപോവുന്നത്. ഓണക്കിറ്റ് നൽകിയതിൽ മാത്രം കോടാനുകോടികളുടെ നഷ്ടമുണ്ടായി. 80ലക്ഷം ഓണക്കിറ്റുകൾ വിതരണം ചെയ്തപ്പോൾ 144കോടി രൂപയുടെ നഷ്ടമാണ് സപ്ലൈകോയ്ക്ക് ഉണ്ടായത്. സപ്ലൈകോയുടെ നഷ്ടം 16% എന്ന വാർഷിക കൂട്ടു വളർച്ച നിരക്കിലാണ്. സർക്കാർ ധനസഹായം 4%മാത്രവും.
2014-15ൽ 338 കോടി രൂപയുടെ ആർജ്ജിത നഷ്ടമാണ് സപ്ലൈകോയ്ക്ക് ഉണ്ടായിരുന്നത്. സപ്ലൈകോ മെഡിക്കൽ സ്റ്റോറുകൾ 90% നഷ്ടത്തിലാണ്. ഭൂരിഭാഗം മെഡിക്കൽ സ്റ്റോറുകളും അടച്ചുപൂട്ടിക്കഴിഞ്ഞു. സ്വകാര്യ മേഖലയിൽ പതിനായിരക്കണക്കിനു മെഡിക്കൽ സ്റ്റോറുകൾ ലാഭത്തിൽ പ്രവർത്തിക്കുമ്പോഴാണ് സപ്ലൈകോ മെഡിക്കൽ സ്റ്റോറുകൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്