തിരുവനന്തപുരം: ആർഎസ്എസ് താത്വികാചാര്യൻ പി പരമേശ്വന് പത്മവിഭൂഷൻ പുരസ്‌ക്കാരം . പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും താത്വികാചാര്യനായി വിലയിരുത്തുന്ന പരമേശ്വർജിക്കുള്ള
ഗുരുദക്ഷിണ കൂടിയാണ് പുരസ്‌കാരം.പുരസ്‌കാര ലബ്ധിയിൽ പരമേശ്വർജി സന്തോഷം പ്രകടിപ്പിച്ചു.

50 കൊല്ലം മുമ്പ് കോഴിക്കോട്ട്‌ സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ അന്ന് പണ്ഡിറ്റ് ദിൻദയാൽ ഉപാധ്യയയുടെ വിശ്വസ്ത അനുയായി ആയിരുന്നു പി പരമേശ്വരൻ എന്ന മലയാളി. അമ്പതുകൊല്ലത്തിന് ശേഷം ബിജെപിയുടെ ദേശീയ കൗൺസിൽ കോഴിക്കോട് നടക്കുമ്പോൾ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്ു.

സംഘപരിവാറിൽ പ്രധാനമന്ത്രി മോദിയടക്കമുള്ളവർക്ക് പരമേശ്വരൻ ഗുരുസ്ഥാനത്താണ്. വിവേകാനന്ദ ആശയ പ്രചരണത്തിലൂടെ ആർഎസ്എസിന്റെ താത്വികാടിത്തറിക്ക് സംവാദങ്ങളിലൂടെ പുതു മാനം നൽകിയ നേതാവ്. കേരളത്തിലെ സ്വയംസേവകരുടെ പരമാചാര്യനെന്നാണ് പി. പരമേശ്വരനെ മോദി നേരത്തെ വിശേഷിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ ആ പരമാചാര്യന് നൽകുന്ന ആദരവായി മാറി ഈ പുരസ്‌ക്കാരം.

ദീൻദയാൽ ഉപാധ്യായയുടെ ഉപദേശം സ്വീകരിച്ചു സമ്മേളനം സംഘടിപ്പിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു പി.പരമേശ്വരൻ. അന്നത്തെ പരിമിത സാഹചര്യങ്ങളിലും സമ്മേളനം വൻവിജയമാക്കാൻ കഴിഞ്ഞതിന്റെ തൃപ്തി ആ വാക്കുകളിൽ നിറയുന്നു.എ.ബി.വാജ്പേയി, എൽ.കെ.അദ്വാനി തുടങ്ങിയ നേതാക്കൾക്കൊപ്പവും പ്രസ്ഥാനത്തെ വളർത്താൻ മുന്നിൽ നിന്ന വ്യക്തി. ജനസംഘത്തിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച പരമേശ്വരൻ കേരളത്തിൽ ഇപ്പോൾ ഹിന്ദുദേശീയതയുടെ തരംഗം അലയടിക്കുകയാണെന്നു പറയുന്നു. 1967 മുതൽ ഇന്ത്യയിലെങ്ങും പാർട്ടി വളർന്നതിനൊപ്പം കേരളത്തിലും വളർച്ചയുണ്ടായതായി അദ്ദേഹം കാണുന്നു. അപ്പോഴും പലതും തുറന്നു പറയാൻ ഇപ്പോഴും മടികാണിക്കുന്നില്ല. അത് എവിടെയായാലും പരമേശ്വരൻ പറയും. പി.പി.മുകുന്ദനെ സ്മൃതിസന്ധ്യയിൽ ക്ഷണിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത് ഇതിന് തെളിവാണ്.

അധികാര സ്ഥാനങ്ങളിൽ നിന്ന് അകന്നു നിന്ന നേതാവാണ് പി പരമേശ്വരൻ. പ്രധാനമന്ത്രിയായി ചുമലയേറ്റപ്പോൾ എബി വാജ്പേയിയും പരമേശ്വരനെ ഒപ്പം കൂട്ടാൻ ആഗ്രഹിച്ചു. രാജ്യസഭാ അംഗത്വവും കേന്ദ്രമന്ത്രി പദവും മുന്നോട്ട് വച്ചു. എന്നാൽ തനിക്ക് അധികാരത്തിന്റെ താക്കോൽ സ്ഥാനങ്ങൾ വേണ്ടെന്നായിരുന്നു വാജ്പേയിയോട് പരമേശ്വരൻ പറഞ്ഞത്. ഒ രാജഗോപാലാണ് അതിന് യോഗ്യനെന്ന് ചൂണ്ടിക്കാട്ടിയതും പരമേശ്വരനാണ്. കേരളത്തിലെ സംഘപരിവാർ പ്രസ്ഥാനം ആശയ പ്രശ്നങ്ങളിലെത്തുമ്പോൾ അവസാന വാക്കുമായി പരമേശ്വർജി എത്തും. പത്മനാഭ സ്വാമിക്ഷേത്രത്തിൽ ആർഎസ്എസ് നിലപാട് മയപ്പെടുത്തിയതും ഈ ഇടപെടലായിരുന്നു. ക്ഷേത്ര നിലവറകളെ തുറക്കാൻ അനുവദിക്കില്ലെന്നും സുപ്രീംകോടതി ഇടപെടൽ വേണ്ടെന്നുമായിരുന്നു ആർഎസ്എസിൽ ആദ്യം ഉയർന്ന വാദം.

എന്നാൽ ദേവപ്രശ്നം ഉയർത്തി സാമൂഹിക മുന്നേറ്റങ്ങളെ തടയരുതെന്നായിരുന്നു പരമേശ്വരന്റെ നിലപാട്. ദേവപ്രശ്നം നടത്തിയിരുന്നുവെങ്കിൽ ചിത്തര തിരുന്നാളിന്റെ ക്ഷേത്രപ്രവേശനം വിളംബരം പോലും നടക്കില്ലായിരുന്നുവെന്നായിരുന്നു അദ്ദേഹം വാദിച്ചത്. സുപ്രീംകോടതിയെ അംഗീകരിക്കണമെന്നും നിലവറ പരിശോധന വിശ്വാസത്തിന് എതിരല്ലെന്നും തുറന്നു പറഞ്ഞു. ക്ഷേത്ര നിലവറിയിലെ സ്വത്ത് സമൂഹത്തിന്റെ ഉന്നമനത്തിന് വിനിയോഗിക്കണമെന്നും തുറന്നു പറഞ്ഞ വ്യക്തിത്വമാണ് പരമേശ്വരന്റേത്. നിലയ്ക്കൽ സമരത്തിലെ പ്രധാന മാർഗ്ഗ നിർദ്ദേശിയും പരമേശ്വരനായിരുന്നു. ക്രൈസ്തവ സഭകളെ സംഘപരിവാരുമായി അടുപ്പിക്കാനും പരിശ്രമിച്ചു. മറാട് കലാപത്തെ തുടർന്ന് കുമ്മനം രാജശേഖരനെ അവിടേക്ക് നിയോഗിച്ചതും സമാധാന ഉടമ്പടി ഉണ്ടായതിന് പിന്നിലുമെല്ലാം പരമേശ്വരന്റെ ഇടപെടലുകളുണ്ടായിരുന്നു.

സംഘ പരിവാർ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ ബൗദ്ധിക മുഖമാണ് പി പരമേശ്വരനെന്ന പരമേശ്വർജി. കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി കേരളത്തിലെ സാംസ്‌കാരിക മണ്ഡലത്തിലെ സജീവ സാന്നിധ്യം. ഭാരതീയ ദർശനങ്ങളിൽ പഠനങ്ങൾ നടത്തിയതോടൊപ്പം കമ്മ്യൂണിസം പോലുള്ള വൈദേശിക പ്രത്യയ ശാസ്ത്രങ്ങളെ കുറിച്ചും ഗഹനമായ പാണ്ഡിത്യം. ഉജ്ജ്വല വാഗ്മി, എഴുത്തുകാരൻ, കവി ഇങ്ങനെ നീളുന്നു വിശേഷണങ്ങൾ. ഹൈന്ദവ ദർശനങ്ങളിൽ ചെറുപ്പം മുതലേ അവഗാഹമുണ്ടായിരുന്ന അദ്ദേഹം ആർ.എസ്സ്.എസ്സിന്റെ പ്രവർത്തനത്തിലൂടെ സാമൂഹിക ജീവിതം ആരംഭിച്ചു. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ഭാരതീയ ചിന്താധാരയുടെ ക്രിയാത്മകമായ വളർച്ചയ്ക്ക് സ്ഥാപിച്ച ഭാരതീയ വിചാര കേന്ദ്രം സ്ഥാപകൻ ,മേധാവി, കന്യാകുമാരിവിവേകാനന്ദ കേന്ദ്രം അധ്യക്ഷൻ എന്നീ ചുമതലകൾ അദ്ദേഹം നിർവ്വഹിക്കുന്നു.

1927ൽ ആലപ്പുഴ ജില്ലയിലെചേർത്തലയിൽ മുഹമ്മ, താമരശ്ശേരിൽ ഇല്ലത്ത് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ചങ്ങനാശ്ശേരി എസ്.ബി കോളേജിൽ നിന്നും പ്രീഡിഗ്രിയും , തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദവും സ്വന്തമാക്കി. ബാല്യകാലത്തിൽ തന്നെ ആത്മീയതയിൽ വലിയ അഭിവാഞ്ജ അദ്ദേഹത്തിനുണ്ടായിരുന്നു. ചെറുപ്പകാലത്തു തന്നെ സംഘവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയും 1950ൽ അതിന്റെ മുഴുവൻ സമയ പ്രവർത്തകനാകുകയും (പ്രചാരക്) ചെയ്തു. 1957ൽ ഭാരതീയ ജനസംഘത്തിന്റെ സംഘടനാ സെക്രട്ടറിയായി ചുമതല വഹിച്ചിട്ടുണ്ട്. തുടർന്ന് ജനസംഘത്തിന്റെ ആൾ ഇന്ത്യാ ജനറൽ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. കന്യാകുമാരി വിവേകാനന്ദ സ്മാരക നിർമ്മാണത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘതോടൊപ്പം ചേർന്ന് സജീവമായി പ്രവർത്തിച്ചു. 1970ൽ ആണ് പ്രസ്തുത സ്മാരകം ഉദ്ഘാടനം ചെയ്യപെട്ടത്. അടിയന്തരാവസ്ഥക്കാലത്ത് പ്രക്ഷോഭം നടത്തി ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.

ഡൽഹിയിലെ ദീന ദയാൽ റിസർച്ച് ഇൻസ്റ്റിട്യൂട്ടിന്റെ ഡയറക്റ്ററായി നാലുവർഷം സേവനമനുഷ്ടിച്ചിട്ടുണ്ട്. ഈ സമയത്ത് പ്രധാനമന്ത്രി മോദിയും പരമേശ്വരനൊപ്പം ഉണ്ടായിരുന്നു. ഗുരുതുല്യമായി മോദി, പരമേശ്വരനെ കാണാൻ കാരണവും ഈ അടുപ്പമാണ്. ഭാരതീയ തത്ത്വശാസ്ത്രവും സമൂഹവും എന്ന വിഷയത്തിൽ അദ്ദേഹം ധാരാളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് . അയോധ്യ ശ്രീ രാമജന്മഭുമി പ്രക്ഷോഭത്തിൽ ജനതാദൾ നേതാവ് ശ്രീ എം പി വീരേന്ദ്രകുമാർ രാമന്റെ ദുഃഖം എന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ രാമന്റെ പുഞ്ചിരി എന്ന പേരിൽ പുസ്തകം അദ്ദേഹം എഴുതിയിരുന്നു. കമ്മ്യുണിസ്റ്റ് താത്വികാചാര്യനായിരുന്ന ഇ.എം ശങ്കരൻ നമ്പൂതിരിപ്പാടുമായി നടത്തിയ പൊതു സംവാദങ്ങൾ കേരള രാഷ്ട്രീയ രംഗത്ത് വളരെയധികം ശ്രദ്ധിക്കപെട്ടിരുന്നു. .2004ൽ പത്മശ്രീ പുരസ്‌കാരം നൽകി രാജ്യം ആദരിക്കുകയും ചെയ്തു.