കൊച്ചി: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസ്സിലും സിപിഎമ്മിലും സ്ഥാനാർത്ഥി നിർണയചർച്ചകൾ സജീവമായി. നവംബറിൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചതോടെ ഇനി തിയതി മാത്രം അറിഞ്ഞാൽ മതിയെന്ന നിലപാടിലാണ് സ്ഥാനാർത്ഥിമോഹവുമായിക്കഴിയുന്നവർ. ഇരുപക്ഷത്തും പതിവുപോലെ സ്ഥാനാർത്ഥിമോഹികളുടെ എണ്ണത്തിലും കാര്യമായ വർദ്ധനയുണ്ട്.

കൊച്ചി കോർപ്പറേഷന്റെ പല വാർഡുകളിലായി പലരും അനൗപചാരിക പ്രചരണം ആരംഭിച്ചുകഴിഞ്ഞു. പതിവുപോലെ കോൺഗ്രസ്സിൽ തന്നെയാണ് ഇത്തവണയും സ്ഥാനാർത്ഥിമോഹികളുടെ എണ്ണം കൂടുതലുള്ളത്. നഗരസഭാഭരണം ഒരിക്കൽ കൂടി തങ്ങൾക്ക് ലഭിക്കുമെന്ന് അവർ പറയുമ്പോൾ മേയർ സ്ഥാനം ഇത്തവണ വനിതാ സംവരണമായിരിക്കുമെന്നാണറിയുന്നത്. അതിനായുള്ള പിടിവലിയും പാർട്ടിക്കകത്ത് തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ തവണ എ വിഭാഗത്തിനായിരുന്നുരുമേയർ സ്ഥാനത്തേക്ക് നറുക്കു വീണത്. ഐ ഗ്രൂപ്പിലെ ഉൾക്കളികളിൽ നിന്നാണ് കൊച്ചി മേയറായി കഴിഞ്ഞ തവണ യുവനേതാവായ ടോണി ചമ്മിണി എത്തിയത്.

എന്നാൽ ഇത്തവണ ആ സ്ഥാനം തങ്ങൾക്കു തന്നെ വേണമെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്. അങ്ങനെ വന്നാൽ കരുണാകരന്റെ പുത്രിയും ഇപ്പോൾ വിശാല ഐ വിഭാഗത്തിന്റെ നേതാവുമായ പത്മജ വേണുഗോപാലിന്റെ പേരിനാണ് അവർ മുൻതൂക്കം നൽകുന്നത്. കരുണാകരന്റെ പാരമ്പര്യമുള്ള ഒരാൾ പാനലിൽ ഉണ്ടായാൽ അത് പാർട്ടിക്ക് മൊത്തത്തിൽ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് അവരുടെ വാദം. പത്മജ ഇപ്പോൾ താമസിക്കുന്ന പനമ്പള്ളി നഗർ വാർഡ് വനിതാ സംവരണമാകുമെന്നതിനാൽ അവിടെ പത്മജക്ക് സുഖമായി വിജയിച്ചുകയറാമെന്നാണ് ഐ ഗ്രൂപ്പിലെ ഒരുവിഭാഗത്തിന്റെ വാദം.

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്മജ സമ്മതം അറിയിച്ചതായാണ് പറയപ്പെടുന്നത്. മുകുന്ദപുരം പാർലമെന്റ് നിയോജക മണ്ഡലത്തിൽ പണ്ട് ലോനപ്പൻ നമ്പാടനെതിരെ മത്സരിച്ച് പരാജയപ്പെട്ടതിന് ശേഷം കരുണാകര പുത്രി ഇതുവരെ ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല. പഴയതിലും നല്ല സാഹചര്യമാണ് പത്മജയെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ഉള്ളതെന്നാണ് പാർട്ടി വിലയിരുത്തുന്നത്. മുഴുവൻ ഗ്രൂപ്പുകൾക്കു അവർ സമ്മതയാണുതാനും. പാനലിൽ അവരെ മുൻനിർത്തി മത്സരിച്ചാൽ വിജയം സുനിശ്ചിതമെന്നാണ് അവരെ അനുകൂലിക്കുന്നവരുടെ വാദം. എന്നാൽ പത്മജയെ കൂടാതെ മറ്റു ചില പേരുകളും കോൺഗ്രസ്സിൽ ഉയർന്നുകേൾക്കുന്നുണ്ട്.

രമേശ് ചെന്നിത്തലയുടെ ജില്ലയിലെ വിശ്വസ്തയെന്നറിയപ്പെടുന്ന ലാലി വിൻസെന്റിന്റെ പേരും ഐ ഗ്രൂപ്പിലെ ചില നേതാക്കൾ പറഞ്ഞുകേൾക്കുന്നുണ്ട്. ഇതിനു മുൻപ് ഒരുതവണ നഗരസഭാ കൗൺസിലറായതിന്റെ പാരമ്പര്യവും അവർക്കുണ്ട്. നിലവിലെ സാഹചര്യത്തിൽ ലാലി വിൻസെന്റിന്റെ പേര് ഉയർന്നു വന്നാൽ അത്ഭുതപ്പെടേണ്ടതില്ല. ഇതുകൂടാതെ മറ്റു ചില പേരുകളും ഇപ്പോൾ ഉയർന്നു കേൾക്കുന്നുണ്ട്. ഇപ്പോഴത്തെ ഡെപ്യൂട്ടി മേയർ ബി ഭദ്രയുടേയും വർക്‌സ് സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്‌സൺ സൗമിനി ജെയിന്റെ പേരും സജീവമായി തന്നെ പരിഗണിക്കുന്നുണ്ടെന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന സൂചന. ഇതിൽ ഭദ്ര കെവി തോമസ് വിഭാഗക്കാരിയും സൗമിനി ചമ്മിണി(എ ഗ്രൂപ്പ്)ഗ്രൂപ്പും ആണ്. തർക്കം മുറുകിയാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മേയർ ആരാണെന്ന് നിശ്ചയിക്കാം എന്നാണ് പാർട്ടിയുടെ നിലപാടത്രെ.ഇവരിൽ പലരും ചില വാർഡുകളിൽ, സ്വന്തം നിലക്കുതന്നെ പ്രചരണമാരംഭിച്ചിട്ടുണ്ട്.

കോൺഗ്രസ്സിലെ അവസ്ഥ ഇതാണെന്നിരിക്കെ പ്രതിപക്ഷ പാർട്ടിയായ സിപിഐ(എം) സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ അനൗപചാരികമായി തുടങ്ങിയതായാണ് സൂചന.പാർട്ടി സ്ഥാനാർത്ഥി എന്നതിലുപരി വിജയസാധ്യതയുള്ള സ്ഥാനാർത്ഥികൾക്കായിരിക്കും ഇത്തവണ പരിഗണനയെന്ന് ജില്ലാ സെക്രട്ടറി പി രാജീവ് അറിയിച്ചുകഴിഞ്ഞു. പൊതുസമ്മതരായ ചിലരോട് മത്സരിക്കാൻ താൽപര്യമുണ്ടോ എന്നു ചോദിച്ച് ആദ്യഘട്ട ചർച്ചകൾക്കു തുടക്കമിട്ടിരിക്കുകയാണ് സിപിഐ(എം). വാർഡ് സംവരണത്തിന്റെ ഏതാണ്ടൊരു രൂപം പുറത്തുവന്നാൽ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് പാർട്ടി പറയുന്നത്.രണ്ടു തവണ പൂർത്തിയായവർക്ക് സീറ്റ് നൽകരുതെന്ന പാർട്ടിയുടെ നിർദ്ദേശം കർശനമായി പാലിക്കണമെന്നും ഒരു കാരണവശാലും മോശം സ്ഥാനാർത്ഥികളെ രംഗത്തിറക്കി ജയ സാധ്യത കളയരുതെന്നും നിർദ്ദേശമുണ്ട് കോൺഗ്രസ്സ് ഭരണത്തിൽ ഉയർന്ന ആരോപണങ്ങളും അഴിമതിയും ഗ്രൂപ്പ് വടംവലിയും വോട്ടാക്കി മാറ്റി ഇത്തവണ വിജയിച്ചു കയറാമെന്നുതന്നെയാണ് പാർട്ടി കണക്കു ക്കുകൂട്ടൽ.

തെരഞ്ഞെടുപ്പ് തീരുമാനി്ക്കുന്നതിന് മൂന്നു മാസങ്ങൾക്ക് മുൻപ് തന്നെ ബ്രാഞ്ച് കമ്മറ്റികൾ ഘടക കക്ഷികളെ കൂടി ഉൾപ്പെടുത്തി വാർഡ് കമ്മറ്റികളാക്കി സിപിഐ(എം) ഇലക്ഷൻ വർക്ക് ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. പുതിയ ജില്ലാ സെക്രട്ടറി പി രാജീവിന് കടുത്ത വെല്ലുവിളി കൂടിയാണ് ഈ കോർപ്പറേഷൻ തെരഞ്ഞെടുപ്പ്. അതു കൊണ്ട് കൃത്യമായ ഇടപെടൽ നടത്തണമെന്ന് നിർദ്ദേശവും പ്രവർത്തകർക്കുണ്ട്. മുൻ വനിതാ കമ്മീഷൻ അംഗം മോനമ്മ കൊക്കാടൻ, സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കർ എന്നിവരുടെ പേരുകളും ചില സിപിഐ(എം) കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥി ലിസ്റ്റായി പറഞ്ഞു കേൾക്കുന്നുണ്ട്.എന്നാൽ ഇതിനൊന്നും സ്ഥിരീകരണമായിട്ടില്ലെന്നാണ് പാർട്ടി ജില്ലാ ഘടകത്തിന്റെ പക്ഷം.