- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തോൽവിയിൽ നിന്ന് പാർട്ടി പഠിക്കണം; പ്രശ്നങ്ങൾ പരിഹരിക്കാതെ ഇനി മത്സരിക്കാനില്ല; ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കാൻ കഴിഞ്ഞത് തന്നെ വലിയ കാര്യം; ഇത്ര വലിയ ഒഴുക്കുണ്ടായിട്ടും ചെറിയ മാർജിനലിനാണ് തോറ്റത്; ഇവിടെ പിടിച്ചുനിൽക്കാനായത് തന്നെ തൃശൂരുകാർ എന്നോട് കാണിച്ച സ്നേഹമാണ്: തൃശ്ശൂരിലെ തോൽവിയെ കുറിച്ച് പത്മജയുടെ പ്രതികരണം ഇങ്ങനെ
തൃശൂർ: തോൽവിയിൽ നിന്ന് കോൺഗ്രസ് പഠിക്കണമെന്ന് തൃശൂർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന പത്മജ വേണുഗോപാൽ. പ്രശ്നങ്ങൾ പരിഹരിക്കാതെ ഇനി മത്സരിക്കാനില്ലെന്നും പത്മജ വേണുഗോപാൽ വ്യക്തമാക്കി. മരണം വരെ ജനങ്ങളുടെ ഇടയിൽ ജീവിക്കുമെന്നും പത്മജ കൂട്ടിച്ചേർത്തു.
'ഇതൊരു പരാജയമായിട്ട് എനിക്ക് തോന്നിയില്ല. കാരണം വളരെ ചെറിയ വോട്ടുകൾക്കാണ് തോറ്റത്. പിന്നെ തോൽക്കാൻ കാരണമെന്താണെന്ന് പാർട്ടിയാണ് കണ്ടുപിടിക്കേണ്ടത്, നമ്മളല്ലാലോ.നമ്മൾ ചെയ്യേണ്ട ജോലികൾ ചെയ്തു. പാർട്ടി പ്രവർത്തകർ കൂടെ നിന്നു. എന്തുകൊണ്ടാണ് തോറ്റതെന്ന് പാർട്ടി ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും.എനിക്ക് മാത്രമല്ലല്ലോ, മൊത്തത്തിൽ വല്ലാത്തൊരു തോൽവിയല്ലേ. കാരണമെന്താണെന്ന് പാർട്ടി ഇനിയെങ്കിലും പഠിച്ചില്ലെങ്കിൽ മുന്നോട്ടുപോവുക ബുദ്ധിമുട്ടായിരിക്കും. ചില സ്ഥലങ്ങളിലെല്ലാം വോട്ട് ചോർച്ച ഉണ്ടായിട്ടുണ്ട്. അത് എവിടെ നിന്നാണ് പോയിട്ടുള്ളതെന്ന് പാർട്ടിയാണ് കണ്ടുപിടിക്കേണ്ടത്.'-പത്മജ വേണുഗോപാൽ പറഞ്ഞു.
ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കാൻ കഴിഞ്ഞത് വലിയ കാര്യമാണെന്നും അവർ പ്രതികരിച്ചു. തോൽവിയിൽ ദുഃഖമില്ല, ഇത്ര വലിയ ഒഴുക്കുണ്ടായിട്ടും ചെറിയ മാർജിനലിനാണ് തോറ്റത്, ഇവിടെ പിടിച്ചുനിൽക്കാനായത് തന്നെ തൃശൂരുകാർ എന്നോട് കാണിച്ച സ്നേഹമാണെന്നും അവർ പറഞ്ഞു. സുരേഷ്ഗോപി ഞങ്ങളുടെ കുറെ വോട്ടുകൾ പിടിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. അല്ലെങ്കിൽ ഇത്ര വോട്ടെന്നും അവർക്ക് ലഭിക്കില്ല. കോൺഗ്രസിനെ തോൽപിക്കാനായിട്ടുള്ള ബിജെപിയുടെ തന്ത്രമാണോ എന്ന് പരിശോധിക്കും. സംസ്ഥാനത്ത് ബിജെപി-എൽഡിഎഫ് ബന്ധമുണ്ടെന്നും പത്മജ പറഞ്ഞു.
സിനിമയിൽ കാണുന്നതല്ല ജീവിതം. പൊതുരംഗത്ത് പ്രവർത്തിച്ച് വന്നവരാണ് ഞങ്ങൾ. ഇനിയും രാഷ്ട്രീയത്തിലും പൊതുരംഗത്തും സജീവമായിട്ടുണ്ടാകുമെന്നും തോൽവിയുടെ കാരണം പഠിക്കുമെന്നും പത്മജ പറഞ്ഞു. പാർട്ടിയില്ലാത്ത സ്ഥലത്ത് പോയി പാർട്ടിയുണ്ടാക്കിയയാളാണ് മുരളീധരൻ. അവിടെ ജയിക്കണം എന്നായിരുന്നില്ല ലക്ഷ്യം, ബിജെപിയെ ജയിക്കാൻ അനുവദിക്കാതിരിക്കുക. അത് അദ്ദേഹം നടത്തിയെന്നും പത്മജ പറഞ്ഞു.
തൃശൂർ മണ്ഡലത്തിൽ ശക്തമായ ത്രികോണ പോരാട്ടത്തിനൊടുവിൽ എൽ ഡി എഫിലെ പി ബാലചന്ദ്രനാണ് വിജയിച്ചത്.സുരേഷ് ഗോപിയായിരുന്നു എൻഡിഎ സ്ഥാനാർത്ഥി.വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറിൽ സുരേഷ്ഗോപി മുന്നിട്ട് നിന്നിരുന്നു. പോസ്റ്റൽ വോട്ടിൽ പത്മജയായിരുന്നു മുന്നിൽ. അതേസമയം എൽഡിഎഫിന്റെ പി ബാലചന്ദ്രനാണ് തൃശൂരിൽ നിന്ന് വിജയിച്ചത്. ബാലചന്ദ്രൻ 44,263 വോട്ടുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്ത് എത്തിയ പത്മജ വേണുഗോപാൽ 43,317 വോട്ടുകൾ നേടി. മൂന്നാം സ്ഥാനത്തുള്ള സുരേഷ് ഗോപി നേടിയത് 40,457 വോട്ടുകൾ.
മറുനാടന് മലയാളി ബ്യൂറോ