തിരുവനന്തപുരം: നാലുപതിറ്റാണ്ട് സംഘത്തിനായി പ്രവർത്തിച്ച തനിക്ക് അര മണിക്കൂർ നേരത്തേയ്ക്ക് തെറ്റുപറ്റിയെന്ന് കണ്ണൂർ മുൻ വിഭാഗം പ്രചാരകും ഹിന്ദു ഐക്യവേദി സെക്രട്ടറിയുമായിരുന്ന ജി. പത്മകുമാർ ഏറ്റുപറയുന്നത് ആർഎസ്എസ് നീക്കങ്ങളുടെ വിജയമാണ്. നാലുദിവസം മുമ്പ് സിപിഎമ്മിൽ പ്രവർത്തിക്കുമെന്ന് പത്മകുമാർ പറഞ്ഞിരുന്നു. ഇന്നലെ തിരുവനന്തപുരത്ത് കെ.റ്റി. ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണത്തിൽ പങ്കെടുത്താണ് സിപിഎമ്മിനെ അദ്ദേഹം തള്ളിപ്പറഞ്ഞത്. കരുതലോടെ നടത്തിയ ആർഎസ്എസ് നീക്കമാണ് പത്മകുമാറിനെ വീണ്ടും ബിജെപിക്കാരനാക്കിയത്.

ബിജെപി നേതാക്കൾ പലരും കളം മാറി സിപിഎമ്മിൽ എത്തിയിട്ടുണ്ട്. അപ്പോഴൊന്നും ഇത്തരം ഇടപെടൽ ഉണ്ടായിട്ടില്ല. എന്നാൽ കണ്ണൂരിൽ നേതൃത്വത്തിലിരുന്ന ആർ എസ് എസിന്റെ പ്രചാരക സ്ഥാനം വഹിച്ച നേതാവ് സിപിഐ(എം) പക്ഷത്ത് എത്തുന്നതിനെ അംഗീകരിക്കാൻ ആർഎസ്എസിന് കഴിയുമായിരുന്നില്ല. എന്തു വന്നാലും പത്മകുമാറിനെ സിപിഎമ്മിന് വിട്ടുകൊടുക്കരുതെന്ന് ആർഎസ്എസിലെ കണ്ണൂർ നേതാക്കൾ നിലപാട് എടുത്തതാണ് അനുനയ ശ്രമത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇതിനായി പത്മകുമാറിനെ അടുത്തറിയാവുന്ന നേതാക്കളെ നിയോഗിക്കുകയും ചെയ്തു.

തിരുവനന്തപുരത്തെ സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തിരുവനന്തപുരത്തെ പരിവാർ നേതൃത്വവുമായി പത്മകുമാറിനെ അകറ്റിയത്. കടുത്ത പ്രതിസന്ധിയിലേക്ക് പത്മകുമാർ എത്തി. പത്മകുമാറിന്റെ അടുത്ത ബന്ധുവിന് ആർഎസ്എസ് നിയന്ത്രണത്തിലെ അനന്തപുരം സർവ്വീസ് സഹകരണ ബാങ്കിൽ ജോലിയുണ്ട്. താൽകാലിക ജോലി സ്ഥിരപ്പെടുത്തി നൽകാത്തതും പ്രതിസന്ധിയുടെ ആക്കം കൂട്ടി. ഇതിനിടെ ചില കേസുകളും വന്നു. ഇതിനെല്ലാം പിന്നിൽ ബിജെപിയിലെ ചില നേതാക്കളായിരുന്നു. ഇത് മനസ്സിലാക്കിയാണ് നേതൃത്വവുമായി പത്മകുമാർ അകന്നത്. തക്ക സമയം നോക്കി സിപിഐ(എം) നേതൃത്വം ഇടപെടൽ നടത്തി. അങ്ങനെയാണ് തിരുവനന്തപുരത്ത് ഒരു കാലത്ത് ആർഎസ്എസ് മുഖമായിരുന്ന പത്മകുമാർ സിപിഎമ്മിലേക്ക് അടുക്കുന്നത്. ഒരു മാസത്തിലധികം ചർച്ചയാണ് ഇതിന് പിന്നിൽ നടന്നത്. അതിന് ശേഷം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് സിപിഐ(എം) ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വാർത്താ സമ്മേളനം വിളിച്ചത്. എന്നാൽ അന്ന് പറഞ്ഞതെല്ലാം തിരുത്തി പറയുകയാണ് പത്മകുമാർ ചെയ്തത്. ഇതോടെ സിപിഐ(എം) ജില്ലാ നേതൃത്വം കടുത്ത പ്രതിസന്ധിയിലുമായി.

കെട്ടിഘോഷിച്ച് നടത്തിയ പ്രഖ്യാപനം പരാജയപ്പെട്ടതാണ് ഇതിന് കാരണം. പത്മകുമാറിന് വേണ്ടി വാദിച്ച സിപിഎമ്മിലെ ജില്ലയിലെ പ്രധാനികൾക്കെല്ലാം സംസ്ഥാന നേതൃത്വത്തിന്റെ ശാസന കിട്ടുമെന്ന് ഉറപ്പാണ്. ഇത്തരം ചതിക്കുഴികളിൽ വീഴെരുതെന്ന് എല്ലാ ജില്ലാ നേതൃത്വത്തിനും സിപിഐ(എം) നിർദ്ദേശം നൽകും. അതിനിടെ സംഘ പ്രവർത്തകരോടെല്ലാം ക്ഷമ ചോദിച്ച പത്മകുമാർ സിപിഎമ്മിൽ ചേർന്നു എന്ന് പറഞ്ഞ് മാദ്ധ്യമങ്ങൾക്ക് നൽകിയ പത്രക്കുറിപ്പിലെ അഭിപ്രായങ്ങൾ തന്റേതല്ലായിരുന്നു എന്നും വ്യക്തമാക്കി. ഐഎസ്‌ഐ ഭീകരർക്കിടയിൽപ്പെട്ട ദേശീയ വാദിയുടെ അനുഭവമായിരുന്നു തനിക്ക് സിപിഎമ്മിൽ ഉണ്ടായത്. ഭാരതത്തിലെ ഏക പ്രതീക്ഷയുള്ള പ്രസ്ഥാനം ആർഎസ്എസ് ആണെന്ന് കാര്യത്തിൽ ഒരിക്കലും സംശയമുണ്ടായിരുന്നില്ല. പത്മകുമാർ പറഞ്ഞു.

സിപിഎമ്മിൽ ചേരാൻ പത്മകുമാർ താൽപര്യം പ്രകടിപ്പിച്ചത് വലിയ സംഭവമായി ചിത്രീകരിച്ചിരുന്നു. തിരുവനന്തപുരത്തുനിന്ന് നൂറു കണക്കിന് ആർഎസ്എസുകാർ പാർട്ടിയിലേക്ക് ഉടൻ വരുമെന്നും പ്രചരിപ്പിച്ചു. അതിന് തിരിച്ചടി നൽകാനായിരുന്നു ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണത്തിൽ ബിജെപി വേദിയിലേക്ക് പത്മകുമാറിനെ കൊണ്ടു വന്നത്. വേദിയിലുണ്ടായിരുന്ന എംഎൽഎ കൂടിയായ രാജഗോപാലിന് പോലും ഈ നീക്കത്തെ കുറിച്ച് അറിയില്ലായിരുന്നു. അതീവ രഹസ്യമായി ആർഎസ്എസ് നടത്തിയ നീക്കമായിരുന്നു ഇത്. കണ്ണൂരിലെ ചില പ്രധാന നേതാക്കൾ ഇതിനായി തിരുവനന്തപുരത്ത് എത്തി. പത്മകുമാറിനെ വ്യക്തിപരമായി അടുത്തറിയാവുന്ന നേതാക്കളായിരുന്നു അവർ. കണ്ണൂരിലെ പ്രവർത്തകരുടെ വികാരം മാനിച്ച് സിപിഎമ്മിൽ ചേരരുതെന്നും എന്ത് വേണമെങ്കിലും ചെയ്യാമെന്നും അറിയിച്ചു. ഈ നേതാക്കളുടെ വ്യക്തിപരമായ ഇടപെടലാണ് പത്മകുമാറിനെ വീണ്ടും സംഘപരിവാറിന്റെ ഭാഗമാക്കുന്നത്.

ആർഎസ്എസിലെ ഏറ്റവും പ്രധാന സ്ഥാനമാണ് കണ്ണൂർ വിഭാഗ് പ്രചാരക്. ആ സ്ഥാനത്തിരുന്ന നേതാവ് സിപിഎമ്മിലേക്ക് പോകുന്നത് തെറ്റായ സന്ദേശം നൽകും. ഇതിനെ ആഘോഷമാക്കി പലരേയും അടർത്തിയെടുക്കാൻ സിപിഐ(എം) ശ്രമിക്കും. ഈ സാഹചര്യത്തിലാണ് പത്മകുമാറുമായി പ്രശ്‌നങ്ങൾ പറഞ്ഞു തീർത്തതെന്നാണ് സംഘപരിവാറിലെ പ്രധാന നേതാവ് മറുനാടനോട് പറഞ്ഞത്. സിപിഎമ്മിന്റെ കാലുമാറ്റൽ രാഷ്ട്രീയത്തിന് ഏറ്റ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. സികെ പത്മനാഭനും ശോഭാ സുരേന്ദ്രനുമൊക്കെ സിപിഎമ്മിലെത്തുമെന്ന ദിവാസ്വപ്‌നം ഇതോടെ അവസാനിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ആർഎസ്എസ് സംസ്ഥാന നേതൃത്വമാണ് പത്മകുമാർ വിഷയത്തിൽ കരുക്കൾ നീക്കിയത്. ബിജെപിയുടെ ദേശീയ നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിരുന്നു. സിപിഎമ്മിൽ നിന്ന് ഇക്കാര്യം മറച്ചുവയ്ക്കാൻ അതീവ രഹസ്യ സ്വാഭാവം സൂക്ഷിക്കുകയും ചെയ്തു. ഈ നീക്കം വിജയിച്ചതിൽ പരിവാറുകാർ സന്തോഷത്തിലുമാണ്.

കഴിഞ്ഞ ഞായറാഴ്ച സിപിഐ(എം) ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പനൊപ്പം വാർത്താസമ്മേളനം നടത്തി ആർഎസ്എസിനെ ഞെട്ടിച്ചുവെങ്കിൽ അതിലും കടുത്ത ആഘാതമാണ് സിപിഎമ്മിന് ഇന്നലെ ഉണ്ടായത്. ഗാന്ധിപാർക്കിൽ പത്മകുമാറിനും കൂട്ടർക്കും സ്വീകരണം സിപിഐ(എം) നൽകാനിരിക്കെയാണ്, സിപിഎമ്മിനെ പത്മകുമാർ പൊടുന്നനെ തള്ളിയത്. യുവമോർച്ച സംഘടിപ്പിച്ച സമ്മേളനത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് എസ്.സുരേഷാണു പത്മകുമാറിന്റെ മടങ്ങിവരവു പ്രഖ്യാപിച്ചത്. പാർട്ടിയെ അടുത്തയിടെ വല്ലാതെ വേദനിപ്പിച്ച തീരുമാനമായിരുന്നു പത്മകുമാറിന്റെ വിടപറച്ചിൽ. എന്നാൽ, ആ തീരുമാനം അദ്ദേഹം തിരുത്തിയിരിക്കുകയാണ്. അത് നമ്മുക്കെല്ലാം വലിയ സന്തോഷമാണു നൽകുന്നത്. അദ്ദേഹം ഈ വേദിയിലേക്കു കടന്നുവരുന്നു-സുരേഷ് ഇതു പറഞ്ഞതോടെ എല്ലാ കണ്ണുകളും സദസ്സിലുണ്ടായിരുന്ന പത്മകുമാറിലേക്കായി.

നേരേ വേദിയിലേക്കു കയറിയ പത്മകുമാർ ഒ.രാജഗോപാലിന്റെ കാൽക്കൽ വീണ് അനുഗ്രഹം വാങ്ങി. തുടർന്ന്, കെ.ടി.ജയകൃഷ്ണനുമായുള്ള ബന്ധം അനുസ്മരിച്ചു. കണ്ണൂരിൽ ആർഎസ്എസിന്റെ പ്രചാരകയായിരിക്കെ അടുത്തിടപഴകിയത് ഓർമിപ്പിച്ചു. അദ്ദേഹം അടക്കം 248 പേർ ജീവരക്തം കൊടുത്തു വളർത്തിയ പ്രസ്ഥാനമാണു നമ്മുടേത്. നാലു ദശാബ്ദം ഈ പ്രസ്ഥാനത്തിൽ താൻ കാലിടറാതെ നിന്നു. ഒരു മാറ്റം തനിക്കുണ്ടായി. അരമണിക്കൂർ തനിക്കു തെറ്റു പറ്റി. പത്രസമ്മേളനത്തിൽ പക്ഷേ താൻ പറയാത്ത കാര്യങ്ങളും മാദ്ധ്യമങ്ങളിൽ വന്നു. അവരെഴുതിക്കൊടുത്തതായിരിക്കും. പ്രതീക്ഷ ഇടതുപക്ഷത്താണ് എന്ന വാക്യവും താൻ പറഞ്ഞതായി വന്നു. ആരിലാണു പ്രതീക്ഷ പുലർത്തേണ്ടതെന്നു പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞു. അത് ആർഎസ്എസാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.-പത്മകുമാർ പറഞ്ഞു.

തന്റെ തീരുമാനത്തെത്തുടർന്ന് ആർഎസ്എസിന്റെ പ്രമുഖരായ പല നേതാക്കളും താനുമായി ബന്ധപ്പെട്ടു. ഉണ്ടായ തെറ്റിനു സംഘത്തിന്റെ എല്ലാ പ്രവർത്തകരോടും ക്ഷമ ചോദിക്കുന്നു-പത്മകുമാറിന്റെ പ്രഖ്യാപനം കയ്യടിച്ച് സദസ്സ് സ്വീകരിച്ചു. തുടർന്ന്, ഹാരങ്ങളണിയിച്ചു നേതാക്കളും പ്രവർത്തകരും സ്വീകരിക്കുകയായിരുന്നു.