തിരുവനന്തപുരം: കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മലയാള സിനിമകളിൽ വിജയിച്ചവയിൽ ഭൂരിഭാഗവും സ്ത്രീപക്ഷ സിനിമകളെന്ന് നടി പത്മപ്രിയ. അമ്പത് ശതമാനം സ്ത്രീ പക്ഷ സിനിമകൾ വിജയിച്ചപ്പോൾ പുരുഷ കേന്ദ്രീകൃത സിനിമകൾ പത്ത് ശതമാനം മാത്രമാണ് വിജയിച്ചതെന്ന് പത്മപ്രിയ. സൂര്യഫെസ്റ്റിവലിലെ പ്രഭാഷണമേളയിൽ സംസാരിക്കുകയായിരുന്നു അവർ.

വിമൺ ഇൻ സിനിമാ കളക്ടീവ് രൂപം കൊണ്ടത് കാലത്തിന്റെ അനിവാര്യത. ഈ സംഘടന സിനിമയിലെ മറ്റു സംഘടനകൾക്ക് എതിരല്ല.
സിനിമയിലെ നിലിവിലെ സംഘടനകൾക്കപ്പുറത്ത് ഒന്നിച്ചു നിൽക്കേണ്ട ആവശ്യം വന്നപ്പോഴാണ് വിമൻ ഇൻ സിനിമ കളക്ടീവ് എന്ന കൂട്ടായ്മ നിലവിൽ വന്നത്.

ഞങ്ങൾ 19 ശക്തരായ വനിതകൾ കൂട്ടായ്മയിലുണ്ട്. സുപ്രിംകോടതിയിൽ ഉൾപ്പെടെ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരുടെ നിയമസഹായവും ഉണ്ട്. സിനിമാ രംഗത്തുള്ള സ്ത്രീ അപമാനിക്കപ്പെട്ടാലോ അവൾക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായാൽ ഞങ്ങളുടെ കൂട്ടായ്മ പ്രതികരിച്ചിരിക്കും.

ലോകത്ത് എല്ലായിടത്തും ഈ പ്രശ്‌നമുണ്ട്. ഹോളിവുഡിൽ സ്ത്രീകളുടെ കൂട്ടായ്മ നേരത്തെ തന്നെ ആരംഭിച്ചതാണ്. സ്ത്രീകൾക്ക് നേരയുണ്ടാകുന്ന ലൈംഗികാതിക്രമം സിനിമാ രംഗത്ത് മാത്രം ഒതുങ്ങി നിൽക്കുന്നതുമല്ല. തുല്യവേദിയും തുല്യ അവസരവുമാണ് ഞങ്ങൾക്ക് വേണ്ടത്. ആർക്കും തമാശയ്ക്ക് വിധേയരാക്കേണ്ടവരല്ല സ്ത്രീകൾ. നമ്മൾ നേരിടുന്ന പ്രശ്‌നങ്ങൾ പരസ്പരവും കൂട്ടായും പങ്കുവയ്ക്കാനും അത് പരിഹരിക്കാനും ശ്രമിക്കാനാണ് വിമൻ ഇൻ സിനിമ കളക്ടീവ് എന്ന കൂട്ടായ്മ ലക്ഷ്യം വയ്ക്കുന്നത്- പത്മപ്രിയ പറഞ്ഞു.