മലപ്പുറം: ഞാനൊരു ആർഎസ്എസ് അനുഭാവി തന്നെയാണ്. എന്നാൽ തനിക്ക് പത്മശ്രീ ലഭിക്കാൻ കാരണം ആർഎസ്എസ് ബന്ധമാണെന്ന് പറയുന്നവർക്ക് പറയാം. പക്ഷെ അപ്പോൾ തനിക്ക് സംസ്ഥാന അവാർഡ് കിട്ടിയതും താൻ ആർഎസ്എസ് കാരൻ ആയതുകൊണ്ടാണോയെന്നും അക്കൂട്ടർ പറയണമെന്നും പത്മശ്രീ ബാലൻ പൂതേരി.

അകക്കണ്ണിന്റെ വെളിച്ചത്തിൽ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങൾ ശേഖരിച്ച് പുസ്തകങ്ങളായി പ്രസിദ്ധീകരിച്ച ബാലൻ പൂതേരിക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ വിവിദ ആരോപണങ്ങളും ചിലയിടങ്ങളിൽനിന്നും ഉയർന്നിരുന്നു. ബാലൻപൂതേരിക്ക് പത്മശ്രീ ലഭിക്കാൻ കാരണം ആർ എസ് സ്- ബിജെപി ബന്ധമാണെന്ന പ്രചരണങ്ങളാണ് നടന്നുവരുന്നത്. ഇത്തരം ആരോപണങ്ങൾക്കാണ് ബാലൻ പൂതേരി മറുപടി പറഞ്ഞത്.

പറയുന്നവർക്ക് എന്തും പറയാല്ലോ, എന്നാൽ ഞാനൊരു ആർഎസ്എസ് അനുഭാവിയാണ് . അതോടൊപ്പം തന്നെ കുറച്ചുകാലം വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നുവെന്നും ഈ സമയത്ത് എബിവിപിയുടെ ഓർഗനൈസറും ആയിരുന്നുവെന്നും ബാലൻ പുതേരി പറഞ്ഞു. എന്നാൽ തന്റെ പത്മശ്രീക്ക് പിന്നിൽ ആർഎസ്എസ് ബന്ധംഎന്നു പറയുന്നവരോട് എനിക്കൊന്നും പറയാനില്ല.

തനിക്ക് പത്മശ്രീ അവാർഡിന് നൽകാനുള്ള കത്ത് നൽകിയത് മുസ്ലിംലീഗിന്റെ വള്ളിക്കുന്ന് എംഎൽഎയായ ഹമീദ് മാഷ് ആണ്. അദ്ദേഹം ആർഎസ്എസുകാരൻ ആണോയെന്നും ബാലൻ പൂതേരി ചോദിക്കുന്നത്. നമുക്ക് ഏത് പാർട്ടിയുടെ അനുഭാവി ആയിക്കൂടെ . പഠന കാലത്തൊക്കെ രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്നു. കോളേജിൽ പഠിക്കുന്ന സമയം വിദ്യാർത്ഥി ജനതയായിരുന്നു എന്റെ ആദ്യ സംഘടന എന്നും ബാലൻ പൂതേരി പറഞ്ഞു.

പിന്നീട് കണ്ണിന് കാഴ്ചയില്ലാത്ത ഞാനെങ്ങനെ ഈ രാഷ്ട്രീയ പ്രവർത്തനം നടത്തും. എനിക്ക് മുസ്ലിംലീഗ് നേതാവ് എം.കെ. മുനീർ ഉൾപ്പെടെയുള്ളവർ അവാർഡ് നൽകിയിട്ടുണ്ട്. മുനീർ ഒരു ആർഎസ്എസ് പ്രവർത്തകൻ ആണോ എന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയത്തിലൊക്കെ താൽപ്പര്യമുണ്ട്. ഒരു ആർഎസ്എസ് അനുഭാവിയാണ് എന്നാൽ പ്രവർത്തിക്കാൻ ഒന്നും തനിക്ക് പറ്റില്ലെന്നും ബാലൻ പൂതേരി പറഞ്ഞു. ജനതാപാർട്ടി ആയ സമയത്തും ഞാൻ കോണിക്കാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു .

അകക്കണ്ണിന്റെ വെളിച്ചത്തിൽ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങൾ ശേഖരിച്ച് പുസ്തകങ്ങളായി പ്രസിദ്ധീകരിച്ച ബാലൻ പൂതേരിക്ക് കഴിഞ്ഞ ദിവസമാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്. കാഴ്‌ച്ചയില്ലാത്ത ഈ 65കാരൻ ഇതുവരെ രചിച്ചത് 214 പുസ്തകങ്ങളാണ്. മണ്ണിലെ പ്രകാശമണഞ്ഞെങ്കിലും അക്ഷരങ്ങളുടെ അഗ്‌നിനാളങ്ങളാണ് ബാലൻ പൂതേരിയെ മുന്നോട്ടുനയിച്ചത്.

കൊണ്ടോട്ടി കാടപ്പടിയിലാണ് താമസം. തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിൽനിന്ന് എം.എ ഹിസ്റ്ററി പാസായി. 1983-ലാണ് ആദ്യത്തെ പുസ്തകം രചിക്കുന്നത്. മൂന്നിയൂർ കളിയാട്ടക്കാവ് ക്ഷേത്രത്തെപ്പറ്റിയുള്ള ആ പുസ്തകത്തിന്റെ പേര് 'ക്ഷേത്ര ആരാധന' എന്നായിരുന്നു. വൈകാതെ ഇടതുകണ്ണും പൂർണമായി ഇരുൾമൂടി. പക്ഷേ, അദ്ദേഹം എഴുത്ത് പൂർവാധികം സക്രിയമാക്കുകയാണ് ചെയ്തത്. 214 പുസ്തകങ്ങളാണ് ഈ 65 വയസ്സിനുള്ളിൽ ഈ മനുഷ്യൻ എഴുതിത്ത്ത്തീർത്തത്. പെരുവള്ളൂർ കാടപ്പടിക്കടുത്ത് കുന്നത്ത് പറമ്പിൽ താമസിക്കുന്ന ബാലൻ പൂതേരിക്ക് നേരത്തെ സംസ്ഥാന സർക്കാരിന്റേതടക്കം ഒട്ടേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

ജന്മനാൽ തന്നെ ബാലൻ പൂതേരിയുടെ വലത് കണ്ണിന് കാഴ്ച നഷ്ടമായിരുന്നു. ഇടത് കണ്ണിന് വെറും മൂന്ന് മീറ്റർ ദൂരം മാത്രം കാഴ്ച. കാഴ്ചയുള്ള കണ്ണുകൊണ്ട് വായനയുടെ ലോകത്തിലൂടെയായി സഞ്ചാരം. പി എസ് എം ഒ കോളേജിലെ എം എ ചരിത്ര പഠനത്തിനുശേഷം 1983-ൽ ആദ്യ പുസ്തകമായ ക്ഷേത്ര ആരാധനയെഴുതി. തുടർന്ന് എഴുത്തിന്റെ ലോകത്തിലൂടെ നീണ്ട സഞ്ചാരം. 1997-ൽ അമ്പതാമത്തെ പുസ്തകമായ 'ഗുരുവായൂർ ഏകാദശി' പ്രസിദ്ധികരിച്ചു.

തന്റെ പുസ്തകങ്ങൾ വച്ചു കൊണ്ട് ഗുരുവായൂരപ്പന്റെ മുന്നിൽ തുലാഭാരം നടത്തിയാണ് ബാലൻ പൂതേരി സന്തോഷം പ്രകടിപ്പിച്ചത്. അറുപത്തിമൂന്ന് പുസ്തകങ്ങളുടെ രചന പിന്നിട്ടശേഷം തന്റെ ഇടത് കണ്ണിനു മങ്ങൽ മൂടി. കാഴ്ചയ്ക്കും തടസ്സം അനുഭവപ്പെട്ടു. പിന്നീട് കാഴ്ച പൂർണ്ണമായും നഷ്ടമായെങ്കിലും ഓരോ ഐതിഹ്യകഥകളും സാരോപദേശ സന്ദേശങ്ങളും പുസ്തകമാക്കുന്ന തിരക്കിലായിരുന്നു. മനസ്സിൽ തെളിയുന്ന വാക്യങ്ങൾ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ചിരുത്തി പറഞ്ഞു കൊടുക്കും. അവർ അത് കടലാസിലേക്ക് പകർത്തും. ശ്രീകൃഷ്ണചരിതവും മുത്തപ്പൻ കഥകളും എഴുതുന്ന വേളകളിൽ ഭക്തർ തന്നെയാണ് എഴുതാൻ എത്താറ്.

2017 ഒക്ടോബർ 19 ന് 'ശ്രീനാരായണ ഗുരുദേവനും ഹൈന്ദവ നവോത്ഥാനവും' എന്ന ഇരുനൂറാമത്തെ പുസ്തകം ഡോ. പി കെ വാരിയർ പ്രകാശനം ചെയ്തു. ബാലൻ പൂതേരിയെ തേടി 2011-ലെ കേരള സർക്കാറിന്റെ വികലാംഗ പ്രതിഭ പുരസ്‌കാരം എത്തി. ജയശ്രീ പുരസ്‌കാരം, ലത്തിൻ കത്തോലിക്ക ഐക്യവേദിയുടെ സുവർണ വിശിഷ്ട സേവാരത്നം ജൂബിലി പുരസ്‌കാരം, കുഞ്ഞുണ്ണി പുരസ്‌കാരം, ജ്ഞാനാമൃതം പുരസ്‌കാരം തുടങ്ങിയവയും ലഭിച്ചു .കൂടാതെ കർണാടകയിലെ ധർമസ്ഥലയിൽ നിന്ന് സ്വർണ മെഡലും ലഭിച്ചിട്ടുണ്ട്. 2019 ൽ പ്രതിഭാശാലികളായ ഭിന്നശേഷിക്കാർക്ക് കേന്ദ്ര സർക്കാർ നൽകുന്ന ദേശീയ അവാർഡിനും അർഹനായി.

ബാലൻ പൂതേരിയുടെ വേരുകൾ ഫറോക്കിലാണെങ്കിലും ഇപ്പോൾ താമസം ജില്ലയിലെ പെരുവള്ളൂർ കാടപ്പടിയിലാണ്. ബാലൻ പൂതേരിയെ കുറിച്ച് കണ്ണൂർ സ്വദേശിയും കാർട്ടൂണിസ്റ്റുമായ സി ബി കെ. നമ്പ്യാർ 'അന്ധകാരത്തിലെ വെളിച്ചമെന്ന' പുസ്തകവും തിരുവനന്തപുരം സ്വദേശി പി എസ് ശ്രീകുമാർ 'ധന്യമീ ജീവിതം' എന്ന പുസ്തകവും തയ്യാറാക്കിട്ടുണ്ട്. ശാന്തയാണ് ഭാര്യ. മകൻ രാംലാൽ.