മുംബൈ: സഞ്ജയ് ലീല ബൻസാലിയുടെ പത്മാവത് ഈ മാസം 25ന് തീയേറ്ററുകളിലേക്ക്. നിരവധി മാറ്റങ്ങളോടെയാണ് പത്മാവത് പ്രദർശിപ്പിക്കുന്നത്.

നേരത്തെ മൂന്ന് ഉപാധികളാണ് ബോർഡ് നിർദ്ദേശിച്ചിരുന്നത്. പേര് 'പത്മാവത്' എന്നാക്കണമെന്നും ചിത്രത്തിലെ 26 രംഗങ്ങളിൽ മാറ്റം വരുത്തണമെന്നും ബോർഡ് നിർദേശിച്ചിരുന്നു. ചിത്രത്തിന് ചരിത്രവുമായി ബന്ധമില്ലെന്ന് എഴുതി കാണിക്കുകയും വേണമെന്നുള്ള ഉപാധികളും നിർദ്ദേശിച്ചിരുന്നു.

ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമ പ്രദർശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മുതിർന്ന രാഷ്ട്രീയക്കാരുൾപ്പെടെ നിരവധി പേർ സിനിമയ്‌ക്കെതിരേ രംഗത്തെത്തിയിരുന്നു.

രജപുത്ര രാജ്ഞി റാണി പത്മിനിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് പത്മാവത്. റാണി പത്മിനിയോട് ഖിൽജി രാജവംശത്തിലെ സുൽത്താൻ അലാവുദ്ദീൻ ഖിൽജിക്ക് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ദീപികയാണ് റാണി പത്മിനിയായി പ്രേക്ഷകർക്ക് മുമ്പിലെത്തുന്നത്. രൺവീർ സിംഗാണ് അലാവുദ്ദീൻ ഖിൽജി. റാണി പത്മിനിയുടെ ഭർത്താവ് രത്തൻ സിംഗിന്റെ വേഷത്തിൽ ഷാഹിദ് കപൂർ എത്തും.

ചിത്രം ഡിസംബർ ആദ്യം റിലീസിനെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് മാറ്റുകയായിരുന്നു. സെൻസർ ബോർഡിന്റെ ആവശ്യങ്ങൾ അംഗീകരിച്ചു ഈ മാസം 25ന് ചിത്രം റിലീസ് ചെയ്യാനുള്ള തീരുമാനത്തിലാണ് നിർമ്മാണ കമ്പനിയായ വയാകോം18.