ജയ്പൂർ: സഞ്ജയ് ലീലാ ബൻസാലിയുടെ പത്മാവതിക്ക് അനുകൂല നിലപാടെടുത്ത് വാർത്താ വിതരണ മന്ത്രി സ്മൃതി ഇറാനിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി താക്കീത് ചെയ്യണമെന്ന നിലപാടുമായി രജ്പുത് മഹാസഭ രംഗത്ത്. ചരിത്രസിനിമാസംരംഭമായ പത്മാവതിക്കെതിരെ നിരവധി പേരാണ് രംഗത്ത് വന്ന കൊണ്ടിരിക്കുന്നത്.

രാജ്യത്തെ നിയമ സംവിധാനങ്ങൾ പത്മാവതിയുടെ റിലീസിന് യാതൊരു വിധത്തിലുമുള്ള തടസ്സങ്ങൾ സൃഷ്ടിക്കില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞിരുന്നു. എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായാൽ സർക്കാർ അതിനെ നേരിടുമെന്നും സ്മൃതി ഇറാനി ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ഉറപ്പു നൽകിയിരുന്നു. ഇതാണ് രജപുത്ര കുടുംബങ്ങൾക്ക് എതിർപ്പിന് പാത്രമായത്.

രജപുത്ര കുടുംബത്തിലെ അംഗവും ബിജെപി എംഎൽ.എയുമായ ദിയാ കുമാരിയുമാണ് ചിത്രത്തിനെതിരെആരോപണവുമായി രംഗത്തുവന്നത്. ക്ഷത്രിയവംശത്തിന്റെ വികാരം വ്രണപ്പെടുത്തുന്നുവെന്നാണ് ആരോപണം. മാത്രമല്ല റിലീസ് തടയണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനും സെൻസർ ബോർഡിനും കത്തയക്കുമെന്നും പറഞ്ഞ് കൊണ്ട് ബിജെപിയുടെ ഗുജറാത്ത് ഘടകവും രംഗത്തുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് ഐ.കെ. ജഡേജയാണ് ഇക്കാര്യം അറിയിച്ചത്.

ഡിസംബർ ഒന്നിന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിൽ രജപുത്രവംശത്തിന്റെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെങ്കിൽ പത്മാവതി പ്രദർശിപ്പാക്കാതിരിക്കാൻ സംസ്ഥാന സർക്കാറും കേന്ദ്ര സർക്കാറും നടപടിയെടുക്കണമെന്ന് ജയ്പൂർ കോൺഗ്രസ് അധ്യക്ഷൻ പ്രതാപ് സിങ് ഖചാരിയാവാസ് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ്.

മുമ്പ് രജപുത് റാണിയായ പത്മാവതിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിയെ രജ്പുത് കർണി സേന ആകമിച്ചിരുന്നു. ലൊക്കേഷനിലെത്തിയ പ്രക്ഷോഭകർ ചിത്രീകരണം തടസ്സപ്പെടുത്തുകയും ഷൂട്ടിങ് ഉപകരണങ്ങൾ തകർക്കുകയും ചെയ്തിരുന്നു,ചിത്രത്തിൽ പത്മാവതിയും അലാവുദ്ദീൻ ഖിൽജിയും തമ്മിലുള്ള പ്രണയ രംഗങ്ങളുണ്ടെന്നും ഈ രംഗങ്ങൾ തികച്ചും വാസ്തവ വിരുദ്ധമാണെന്നുമാണ് പറഞ്ഞാണ് കർണി സേനയുടെ അക്രമം അഴിച്ച് വിട്ടത്.

ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് അനാവശ്യമായ സംഘർഷങ്ങൾ ഒഴിവാക്കണമെന്നും തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിനുമുൻപ് രജപുത്രനേതാക്കൾക്കുവേണ്ടി ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നടത്തണമെന്നും ജഡേജ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ ആവശ്യം ഉന്നയിച്ച് നേരത്തേ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ ശങ്കർസിങ് വഗേലയും രംഗത്തുവന്നിരുന്നു.