ഞ്ജയ് ലീല ബൻസാലിയുടെ പത്മാവതിയെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. റിലീസ് ദിവസം ദേശവ്യാപക പ്രക്ഷോഭം നടത്താൻ രജ്പുത് കർണി സേന രംഗത്തെത്തിയതിന് പിന്നാലെ രക്തം കൊണ്ട് ഒപ്പ് വച്ച നിവേദനം സെൻസർ ബോർഡിന് അയക്കാനൊരുങ്ങുകയാണ് ബ്രാഹ്മിൺ മഹാസഭ.സെൻസർ ബോർഡിന് സമർപ്പിക്കുന്ന നിവേദനം എന്ന നിലയ്ക്കാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്.

ഇതിനിടെ സഞ്ജയ് ലീലാ ബൻസലിന്റെ സിനിമയിൽ ചരിത്ര വിരുദ്ധമായ കാര്യങ്ങൾ ഉണ്ടെന്നതിന്റെ പേരിൽ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയരുകയാണ്.ഗുരുഗ്രാം, പാട്‌ന, ലഖ്‌നൗ, ഭോപ്പാൽ തുടങ്ങിയ സ്ഥലങ്ങളൽ സിനിമ റിലീസിനു മുമ്പേ റാലികൾ നടത്തുമെന്ന് രജ്പുത് കർണി സേനയുടെ സ്ഥാപകൻ ലോകേന്ദ്ര സിങ് കാൽവി അറിയിച്ചിട്ടുണ്ട്. എന്നാൽ 'പത്മാവതി'യുടെ പ്രദർശനത്തിന് സംസ്ഥാന സർക്കാർ ആവശ്യമായ സംരക്ഷണം നൽകുമെന്ന് ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡി പറഞ്ഞു. നിയമസഭയുടെ ശീതകാല സമ്മേളനത്തിന്റെ ശൂന്യവേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസം സുബ്രഹ്മണ്യൻ സ്വാമി ചിത്രത്തിലെ നായിക ദീപിക പദുക്കോൺ ഇന്ത്യക്കാരിയല്ലെന്ന് ആരോപിച്ചിരുന്നു. ദീപിക ഡച്ചുകാരിയാണെന്നായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം. ദീപിക അധഃപതനത്തെക്കുറിച്ച് നമ്മളെ പഠിപ്പിക്കുകയാണെന്നും നടിയുടെ കാഴ്ചപ്പാടിൽ നിന്നും പിന്നോട്ട് പോയാലെ ഇന്ത്യ രക്ഷപെടൂ എന്നും ചിത്രത്തിന് ഫണ്ട് നൽകുന്നത് ദുബായിൽ നിന്നുമാണെന്നും സ്വാമി ആരോപിച്ചത്്. ഈ പ്രസ്താവനയ്‌ക്കെതിരെ സോഷ്യൽമീഡിയ അടക്കം ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു.

ചിത്രീകരണ വേളയിൽ തന്നെ വിവാദമായി തീർന്ന സഞ്ജയ് ലീല ബൻസാലിയുടെ ബിഗ് ബജറ്റ് ചിത്രം 'പത്മാവതി' ഡിസംബർ ഒന്നിനാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. പത്മാവതി എന്ന രജപുത്ര റാണിയുടെ കഥപറയുന്ന ചിത്രം രജപുത്രരുടെ അഭിമാനത്തെ വൃണപ്പെടുത്തുന്നു എന്ന ചിന്തയിലാണ് ചിത്രത്തിനെതിരെ പലരും തിരിയുന്നത്.

അലാവുദ്ധീൻ കില്ജിയിൽ നിന്ന് രക്ഷപെടാൻ ആത്മാഹുതി ചെയ്ത പത്മാവതിയെ ചിത്രത്തിൽ കില്ജിയുമായി പ്രണയത്തിലാകുന്ന പത്മാവതിയായി ചിത്രീകരിക്കുന്നു എന്ന അഭ്യൂഹത്തിലാണ് ചിത്രം വിവാദമായത്. അലാവുദ്ധീൻ ഖിൽജിയായി രൺവീർ സിംഗും പത്മാവതിയായി ദീപിക പദുകോണും ഒന്നിച്ചു നിൽക്കുന്ന ആദ്യ പോസ്റ്റർ വൻ വിവാദത്തിനാണ് തിരികൊളുത്തിയത്. എന്നാൽ അവർ തമ്മിലുള്ള പ്രണയ രംഗങ്ങൾ ചിത്രത്തിൽ ഉണ്ട് എന്ന വാർത്തകളെ നിഷേധിച്ചിരിക്കുകയാണ് സംവിധായകൻ ബൻസാലി. ദീപിക പദുകോൺ കേന്ദ്ര കഥാപാത്രമായ പത്മാവതിയായി എത്തുന്ന ചിത്രത്തിൽ ഷാഹിദ് കപൂറും രൺവീർ സിംഗും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.