ഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന 'പത്മാവതി'യുടെ കൂറ്റൻ സെറ്റിനു നേരെ വീണ്ടും അക്രമണം. മഹാരാഷ്ട്രയിലെ ചിത്രത്തിന്റെ സെറ്റ് അക്രമികൾ ബോംബിട്ട് നശിപ്പിച്ചതായാണ് റിപ്പോർട്ട്. വടികളും കല്ലുമായി വന്ന അമ്പതോളം വരുന്ന സംഘം സെറ്റിന് തീയുടകയായിരുന്നു. സെറ്റിന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾക്ക് നേരേയും ആക്രമണമുണ്ടായി. ചൊവ്വാഴ്‌ച്ച രാത്രിയാണ് സംഭവം. ആക്രമണത്തിൽ വൻ നഷ്ടമുണ്ടായെന്നാണ് വിവരം.

പുലർച്ചെ ഒരു മണിയോടെ ആയിരുന്നു അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. 50,000 ചതുരശ്രയടി വിസ്തൃതിയിൽ ഒരുക്കിയിരിക്കുന്ന സെറ്റാണ് പൂർണമായും തകർന്നത്. മുമ്പ്'രജപുത്ര' സംസ്‌കാരത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് രാജ്പുത് കർണിസേന കുറച്ചു നാളുകൾക്ക് മുൻപ് രാജസ്ഥാനിലെത്തിയ സംവിധായകൻ ബൻസാലിയെ ആക്രമിക്കുകയും ചിത്രത്തിന്റെ ജയ്പുരിലെ സെറ്റ് കത്തിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് മഹാരാഷ്ട്രയിലെ സംഭവവും വിലയിരുത്തപ്പെടുന്നത്.

ചിത്രത്തിൽ പത്മാവതിയും അലാവുദ്ദീൻ ഖിൽജിയും തമ്മിലുള്ള പ്രണയരംഗങ്ങളുണ്ടെന്ന അഭ്യൂഹമാണ് രജപുത്ര സമുദായാംഗങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. എന്നാൽ, അത്തരത്തിലുള്ള ഒരു സീനും ചിത്രത്തിൽ ഇല്ലെന്ന് വിശദീകരിച്ചതായി അണിയറ പ്രവർത്തകർ പറയുന്നു.

ബുധനാഴ്‌ച്ച രാവിലെ ഷൂട്ടിനായി എത്തിയപ്പോഴാണ് സെറ്റ് കത്തിയെരിഞ്ഞ കാര്യം ബൻസാലി അടക്കമുള്ള അണിയറ പ്രവർത്തകർ അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ മഹാരാഷ്ട്ര സാംസ്‌കാരിക മന്ത്രി വിനോദ് താവ്ഡെ ശക്തമായി അപലപിച്ചു.