ദുബായ്: ദുബായിൽ കൂടുതൽ മേഖലകളിൽ പെയ്ഡ് പാർക്കിങ് സംവിധാനം ഏർപ്പെടുത്തുന്നു. അടുത്ത മാസം മുതൽ അൽ ഖുസൈസ് ഒന്നും മുഹൈസ്‌നായിലെ ചില മേഖലകളും റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയുടെ (ആർടിഎ) പെയ്ഡ് പാർക്കിങ് മേഖലകളിൽ ഉൾപ്പെടും. വാഹനങ്ങൾ പാർക്ക് ചെയ്യാൻ വാഹനഉടമകൾ നെട്ടോട്ടമോടുന്നതിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ പെയ്ഡ് പാർക്കിങ് സംവിധാനം ഏർപ്പെടുത്തുന്നതെന്നാണ് ആർടിഎ വ്യക്തമാക്കുന്നത്.

ഓരോ മേഖലകളിലും പാർക്കിങ് എത്രത്തോളം ആവശ്യമുണ്ടെന്ന് കണക്കാക്കിയാണ് പെയ്ഡ് പാർക്കിങ് നടപ്പാക്കുന്നത്. പുതുതായി പെയ്ഡ് പാർക്കിങ് ആക്കിയ മേഖലകൾ വാണിജ്യ പ്രാധാന്യമുള്ളതും ജനസാന്ദ്രത ഏറിയ പ്രദേശങ്ങളുമാണ്. താമസക്കാർക്കായി കെട്ടിടങ്ങളിൽ തന്നെ പാർക്കിങ് സൗകര്യമുള്ളതിനാൽ പാർക്കിംഗിന് പണം ഈടാക്കുന്നത് ഇവരെ ബാധിക്കില്ലെന്നും ആർടിഎ ഡയറക്ടർ ആദിൽ അൽ മർസൂഖി പറഞ്ഞു.

കഴിഞ്ഞ മാസം ഗ്രീൻസിൽ ഇതേ രീതിയിലുള്ള പെയ്ഡ് പാർക്കിങ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. അല് ബാദാ. അസ് ഖ്വയോസ്, അൽ സുഫുവ മേഖലകളും അടുത്തിടെ പെയ്ഡ് പാർക്കിങ് മേഖലകളാക്കി മാറ്റിയിരുന്നു. അടുത്ത വർഷത്തോടെ ടീകോം ഡിസ്ട്രിക്ട്ും പെയ്ഡ് പാർക്കിങ് സോൺ ആക്കി മാറ്റാൻ ആർടിഎ പദ്ധതിയിടുന്നുണ്ട്. ടീകോം ഡിസ്ട്രിക്ട് കടുത്ത പാർക്കിങ് പ്രശ്‌നം നേരിടുന്നുണ്ട്. കഴിഞ്ഞ വർഷം ദുബായ് മീഡിയ സിറ്റി, നോളജ് വില്ലേജ് എന്നിവിടങ്ങളിൽ നടപ്പാക്കിയതുപോലെയുള്ള പാർക്കിങ് സംവിധാനം ഇവിടേയും ഏർപ്പെടുത്തണമെന്നാണ് ടീകോം അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അൽ മർസൂഖി വ്യക്തമാക്കി.