ന്യൂജഴ്സി: ന്യൂജഴ്സിയിൽ നിന്നും ഗ്ലാസ്‌കോയിലേക്കുള്ള യുണൈറ്റഡ് എയർലൈൻസിലെ പൈലറ്റ് വിമാനം പറക്കുന്നതിനിടെ ഉടുപ്പൂരി ഫസ്റ്റ് ക്ലാസിൽ വന്ന് കിടന്നുറങ്ങുന്നത് കണ്ടപ്പോൾ അതിലെ യാത്രക്കാർ ഞെട്ടിത്തരിച്ച് പോയെന്ന് റിപ്പോർട്ട്. തങ്ങളുടെ ജീവൻ അപകടത്തിലാകുമെന്ന ഭയത്താൽ വിമാനത്തിലെ യാത്രക്കാർ പ്രാർത്ഥനയിൽ മുഴുകുകയും ചെയ്തിരുന്നു. എന്നാൽ വിമാനത്തിന് ഇതുകൊണ്ട് ഭീഷണിയൊന്നുമുണ്ടായിരുന്നില്ലെന്നും വേറെ പൈലറ്റുണ്ടായിരുന്നുമെന്നുമാണ് എയർലൈൻ കമ്പനി വിശദീകരണം നൽകിയിരിക്കുന്നത്. മൂന്ന് പേരടങ്ങിയ കോക്ക്പിറ്റ് ക്രൂവും പൈലറ്റുമാരുമടങ്ങുന്ന ടീമാണ് വിമാനത്തെ നിയന്ത്രിക്കുന്നതെന്നും ട്രാൻസ് അറ്റ്ലാന്റിക്ക് ഫ്ലൈറ്റുകളിൽ ഓരോ പൈലറ്റുമാർ വീതം ഇത്തരത്തിൽ വിശ്രമിക്കാറുണ്ടെന്നും വിമാനക്കമ്പനി വിശദീകരിക്കുന്നു.

പൈലറ്റ് ഇത്തരത്തിൽ വിശ്രമിച്ചാൽ അത് വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നായിരുന്നു യാത്രക്കാർ പ പരിഭ്രാന്തരായത്. ന്യൂജഴ്സിയിലെ ലിബർട്ടി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ഓഗസ്റ്റ് 22ന് രാത്രി 7.40നായിരുന്നു യുഎ161 വിമാനം പറന്നുയർന്നത്. ഇത് അടുത്ത ദിവസം രാവിലെ ഏഴരക്ക് ഗ്ലാസ്‌കോ എയർപോർട്ടിൽ സുരക്ഷിതമായി ഇറങ്ങുകയും ചെയ്തിരുന്നു. സെക്യൂരിറ്റി അഡൈ്വസറായി ജോലി ചെയ്യുന്ന മുൻ പൊലീസ് ഇൻസ്പെക്ടർ വിമാനത്തിൽ കിടന്നുറങ്ങുന്ന പൈലറ്റിന്റെ ഫോട്ടോ പകർത്തിയിരുന്നു. പൈലറ്റ് വന്ന് യൂണിഫോം അഴിച്ച് ഒരു ടീ ഷർട്ട് ധരിച്ച് ഫസ്റ്റ് ക്ലാസിലേക്ക് ഉറങ്ങാൻ പോവുകയായിരുന്നുവെന്നാണ് സെക്യൂരിറ്റി അഡൈ്വസർ വെളിപ്പെടുത്തുന്നത്.

തുടർന്ന് പൈലറ്റ് ഉറക്കമുണർന്ന് വീണ്ടും യൂണിഫോം ധരിക്കുകയും കോക്ക്പിറ്റിലേക്ക് മടങ്ങിപ്പോവുകയായിരുന്നു. നൂറ് കണക്കിന് യാത്രക്കാരുള്ള ഒരു വിമാനത്തിന്റെ ക്യാപ്റ്റൻ വിമാനം പറക്കുന്നതിനിടെ ഇത്തരത്തിൽ കിടന്നുറങ്ങുമെന്നത് തനിക്ക് ചിന്തിക്കാൻ സാധിക്കുന്നില്ലെന്നാണ് സെക്യൂരിറ്റി അഡൈ്വസർ പ്രതികരിച്ചിരിക്കുന്നത്. പട്രോൾ കാറിൽ പൊലീസ് ഓഫീസർമാർ കിടന്നുറങ്ങുന്നതിന് തുല്യമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇത്തരത്തിൽ ഒന്നര മണിക്കൂറായിരുന്നു പൈലറ്റ് കിടന്നുറങ്ങിയിരുന്നത്. ഏഴ് മണിക്കൂർ നേരമാണീ വിമാനത്തിന്റെ യാത്രാ സമയം.

പൈലറ്റുമാർക്ക് യാത്രക്കിടെ ഉറങ്ങണമെന്ന് നിർബന്ധമാണെങ്കിൽ അവർ അത് യാത്രക്കാർ കാണാതെ നിർവഹിക്കുന്നതാണ് നല്ലതെന്നും താൻ .യുഎസിലുടനീളം നിരവധി തവണ വിമാനയാത്ര നടത്തിയിട്ടും ഇത്തരം കാഴ്ച കണ്ടില്ലെന്നും സെക്യൂരിറ്റി ഓഫീസർ വെളിപ്പെടുത്തുന്നു. ഇത് പതിവില്ലാത്ത സമ്പ്രദായമാണെന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു കാബിൻ ക്രൂ മെമ്പർ പ്രതികരിച്ചിരിക്കുന്നത്. ഡ്യൂട്ടിക്കിടെ ഇത്തരത്തിൽ പൈലറ്റ് യൂണിഫോം അഴിക്കുന്നത് വളരെ അസാധാരണ സംഭവമാണെന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു. ഇതേ അഭിപ്രായമാണ് ഏവിയേഷൻ എക്സ്പർട്ടായ ഡേവിഡ് ലേൺമൗണ്ടും പ്രകടിപ്പിച്ചിരിക്കുന്നത്.