- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൂണ്ടകളെയും അക്രമികളെയും പിടികൂടുന്നതിൽ നിഷ്‌ക്രിയരെന്നു പൊലീസ് ഉന്നതർ സർക്കാരിനെ അറിയിച്ച ആറ് എസ്‌പിമാരുടെ പട്ടികയിൽ ഇടുക്കി ജില്ലാ പൊലീസ് മേധാവിയും; രാഷ്ട്രീയ കൊലയാണോ എന്ന് അറിയില്ലെന്ന് പറഞ്ഞ എസ് പി കറുപ്പുസ്വാമി വീണ്ടും സിപിഎം നോട്ടപ്പുള്ളി; പൈനാവിലെ കൊലയിലും പൊലീസ് വീഴ്ച?
തിരുവനന്തപുരം: ഇടുക്കി പൈനാവ് ഗവ. എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥി ധീരജിന്റെ കൊലപാതകത്തിലും പൊലീസിന് വലിയ വീഴ്ച. കുത്തു കൊണ്ടു പിടഞ്ഞ ധീരജിനെ ആശുപത്രിയിൽ കൊണ്ടു പോകാൻ പോലും പൊലീസ് തയ്യാറായില്ലെന്നതാണ് വസ്തുത. ധീരജിന്റെ മരണം അറിഞ്ഞ കാമ്പസിൽ കുട്ടികൾ വീണ്ടും അടികൂടി. അതു പോലും തിരിച്ചറിഞ്ഞ് നിയന്ത്രിക്കാൻ പൊലീസ് കോളേജിലുണ്ടായിരുന്നില്ല. അങ്ങനെ വേണ്ടത്ര മുൻകരുതൽ എടുക്കുന്നതിൽ കേരളാ പൊലീസ് വീഴ്ച തുടരുകയാണ്.
ആലപ്പുഴയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ടു രാഷ്ട്രീയ കൊലപാതകം അരങ്ങേറിയപ്പോഴും ഗൂണ്ടകൾ സംസ്ഥാനത്ത് അടുത്തിടെ അഴിഞ്ഞാടിയപ്പോഴും പൊലീസ് കാഴ്ചക്കാരായിരുന്നു. ശേഷം പ്രതികളെ പിടിച്ചെന്ന പതിവു മികവ് ചാനലുകളിലൂടെ ഉന്നതർ പുറത്തെടുക്കും. പലപ്പോഴും പ്രതികൾ കീഴടങ്ങുകയാവും. മാത്രമല്ല, ഗൂണ്ടകളെയും അക്രമികളെയും പിടികൂടുന്നതിൽ നിഷ്‌ക്രിയരെന്നു പൊലീസ് ഉന്നതർ സർക്കാരിനെ അറിയിച്ച ആറ് എസ്‌പിമാരുടെ പട്ടികയിൽ ഇടുക്കി ജില്ലാ പൊലീസ് മേധാവിയും ഉൾപ്പെടുമെന്നാണ് മനോരമ റിപ്പോർട്ട്.. ഇപ്പോൾ നടക്കുന്ന സിപിഎമ്മിന്റെ സമ്മേളനങ്ങളിൽ ബ്രാഞ്ച് തലം മുതൽ ജില്ലാതലം വരെ പൊലീസിനെ കടന്നാക്രമിച്ച ചർച്ചകളായിരുന്നു. പക്ഷേ തിരുത്തലുണ്ടായില്ല. ഇതാണ് ധീരജിന്റെ കൊലപാതകികളേയും തുണച്ചതെന്നാണ് ആരോപണം.
ഓപ്പറേഷൻ കാവൽ എന്ന പേരിൽ ഗൂണ്ടകളെ പിടിക്കാൻ ഡിജിപി ഉത്തരവിട്ടിട്ടും സിഐ മുതൽ ഐജിമാർ വരെയുള്ള ഉദ്യോഗസ്ഥർ അനങ്ങിയില്ല. ആലപ്പുഴയിൽ രണ്ടു രാഷ്ട്രീയ കൊലപാതകം അരങ്ങേറി. ബിജെപി നേതാക്കൾ നേരിട്ടു കേന്ദ്ര സർക്കാരിനു പരാതി നൽകിയതോടെ 2 ആഴ്ച മുൻപു കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിഡിയോ കോൺഫറൻസിലൂടെ ഡിജിപിയോടു വിശദീകരണം തേടി. അക്രമം അടിച്ചമർത്താൻ കർശന നിർദ്ദേശവും നൽകി. പിന്നാലെ മുഖ്യമന്ത്രി ഡിജിപിയെ അടക്കം ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വരുത്തി രാഷ്ട്രീയ അക്രമം അമർച്ച ചെയ്യണമെന്ന നിർദ്ദേശവും നൽകി. ഒന്നിനും ഒരു ഫലവുമുണ്ടായില്ല. എസ് എഫ് ഐക്കാരന്റെ കൊലപാതകത്തിൽ ചർച്ച തുടരുമ്പോൾ മനോരമ ഇങ്ങനെയാണ് കാര്യങ്ങൾ രേഖപ്പെടുത്തുന്നത്.
സിപിഎം സമ്മേളനങ്ങളിലെ വിമർശനം ലോക്കൽ നേതാക്കൾക്കു അർഹമായ പരിഗണന ലഭിക്കാത്തതാണെന്നു സർക്കാരിനു മനസ്സിലായി. പ്രാദേശിക നേതാക്കളുമായി ഒത്തുകച്ചവടം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ഒരു ഏരിയാ സമ്മേളനങ്ങളിലും വിമർശനം ഉയർന്നില്ലെന്നതും ശ്രദ്ധേയമാണ്. സിപിഎം അനുകൂല പൊലീസ് സംഘടനാ നേതാക്കളുടെ ഏറാന്മൂളികളായി നടക്കുന്നവർക്കെതിരെ നടപടിക്കു ശുപാർശ ചെയ്താലും മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രധാനിയെ പിടിച്ച് അതു അട്ടിമറിക്കാനും ആളുണ്ട്-മനോരമ കുറ്റപ്പെടുത്തുന്നു.
ഇത്തരം രണ്ടു നേതാക്കളുടെ പേരുകൾ പൊലീസ് ആസ്ഥാനത്തു ലഭിച്ചിട്ടുണ്ട്. എങ്കിലും അണികളുടെ വിമർശനത്തിനു ചെവി നൽകേണ്ടെന്നതിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടു സർക്കാർ തുടരുമെന്നാണു സൂചന. പാർട്ടിക്കാർ സ്റ്റേഷൻ ഭരിച്ചാൽ ക്രമസമാധാന നില തകരുമെന്ന മുന്നറിയപ്പാണു പൊലീസ് ഉന്നതർ നിരന്തരം സർക്കാരിനു നൽകുന്നതെന്നും വിശദീകരിക്കുന്നു. ഇടുക്കി എൻജിനീയറിങ് കോളജിൽ കുത്തേറ്റ എസ്.എഫ്.ഐ. പ്രവർത്തകനെ ആശുപത്രിയിലെത്തിക്കാൻ പൊലീസ് തയാറായില്ലെന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസ്വാമി പറഞ്ഞതും സിപിഎം നേതൃത്വത്തെ വെട്ടിലാക്കുന്നു.
ആക്രമണത്തിനുപയോഗിച്ച കത്തി കണ്ടെടുത്തിട്ടില്ല. രാഷ്ട്രീയകൊലപാതകമാണോയെന്നു കൂടുതൽ അന്വേഷണത്തിനു ശേഷമേ പറയാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കൈയിൽ കത്തിയുണ്ടായിരുന്നത് ആസൂത്രിതകൊലപാതകത്തിനു തെളിവാണെന്നു സിപിഎം. ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ