ലണ്ടൻ: പാക് വംശജനായ ഷെഹ്‌സാദ് കെയ്ത്ത് ഖാൻ ടെൽഫോഡിലെ വീട്ടിൽ കൗമാരക്കാരായ പെൺകുട്ടികളെ ഉപയോഗിച്ച് വേശ്യാലയം നടത്തിയിരുന്നതായി വെളിപ്പെടുത്തൽ. ബാലപീഡകരായ കസ്റ്റമേഴ്‌സിൽനിന് ഇയാൾ ഒരുരാത്രിക്ക് 2000 പൗണ്ടുവരെ ഈടാക്കിയിരുന്നതായും മരിക്കുന്നതുവരെ പൊലീസ് ഇയാൾക്കെതിരേ നടപടിയെടുത്തിരുന്നില്ലെന്നുമാണ് വെളിപ്പെടുത്തൽ. 1996-ൽ ഇയാളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നുവെങ്കിലും, കേസെടുക്കുകയുണ്ടായില്ല.

2013-ൽ മറ്റൊരു കേസിലും ഇയാൾ പ്രതിയായെങ്കിലും പൊലീസ് നടപടിയെടുത്തില്ല. എന്നാൽ, ചെറിയ പെൺകുട്ടികൾക്കുനേരെ െൈലംഗികാതിക്രമം നടത്തിയതിന് ഖാന്റെ മകനെയും അനന്തരവനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഇപ്പോൾ ജയിലിലാണ്. പെൺകുട്ടികളെ തട്ടിയെടുത്ത് തടവിലാക്കിയാണ് ഖാൻ തന്റെ പീഡോഫീൽ കേന്ദ്രം പ്രവർത്തിപ്പിച്ചിരുന്നതെന്നാണ് ഇരകളുടെ വെളിപ്പെടുത്തൽ. പാകിസതാനിൽനിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയ ഖാൻ, 1981 മുതൽക്ക് ഈ പ്രവർത്തനം തുടങ്ങിയതാണെന്നാണ് കണക്കാക്കുന്നത്.

1996--ൽ അയൽക്കാരിയായ സ്ത്രീയാണ് ഖാനെതിരേ പൊലീസിൽ പരാതിപ്പെട്ടത്. അനാഥാലയത്തിൽനിന്നും 12-കാരിയായ പെൺകുട്ടിയെ ഖാൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതും വീട്ടിൽ ധാരാളം പേർ വന്നുപോകുന്നതും ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇവർ പൊലീസിൽ വിവരമറിയിച്ചത്. ചെറിയ പെൺകുട്ടികളിൽ താത്പര്യമുണ്ടെങ്കിൽ വീട്ടിലേക്ക് വരാൻ തന്റെ സഹോദരനെ ഖാൻ ക്ഷണിച്ചതായും പരാതിയിലുണ്ടായിരുന്നു. എന്നാൽ, തെളിവുകളില്ലാത്തതിനാൽ പൊലീസ് കേസെടുത്തില്ല.

ഒരു രാത്രി ഒമ്പതുപേരുമായി സെക്‌സിലേർപ്പെടേണ്ടിവന്നിട്ടുണ്ടെന്ന് ഖാന്റെ ഇരയായിരുന്ന യുവതി പറഞ്ഞു. ഒരാൾ തന്നെ ബലാൽസംഗം ചെയ്യുമ്പോൾ, ബാക്കിയുള്ളവർ താഴത്തെ നിലയിൽ ഊഴം കാത്തുനിൽക്കുകയായിരുന്നുവെന്നും അവർ പറയുന്നു. മറ്റൊരു പെൺകുട്ടിക്ക് ഗർഭഛിദ്രത്തിന് വിധേയയായി മണിക്കൂറുകൾക്കകം സെക്‌സിലേർപ്പെടേണ്ടിവന്നു. റെസ്റ്റോറന്റുകളിലും വീടുകളിലം പെൺകുട്ടികളെ എത്തിച്ചുകൊടുക്കുന്ന ഏർപ്പാടും ഖാനുണ്ടായിരുന്നുവെന്നാണ് ഇവരുടെ വെളിപ്പെടുത്തൽ.

ഖാന്റെ കൈവശമുണ്ടായിരുന്ന പെൺകുട്ടികളെ ബലാൽസംഗം ചെയ്ത കുറ്റത്തിനാണ് മകൻ ഷഹ്മീലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 13 വയസ്സുള്ള പെൺകുട്ടിയെ ബലാൽസംഗംചെയ്തതിന് അനന്തരവൻ മുഹമ്മദ് അലി സുൽത്താനും ജയിലിലായി. 2012-ൽ ഏഴുവർഷത്തേക്ക് ശിക്ഷിക്കപ്പെട്ട അഹമ്മദ് അലിയെ 2015-ൽ വീണ്ടും മറ്റൊരു ബലാൽസംഗക്കേസിൽ ആറുവർഷത്തേക്കുകൂടി ശിക്ഷിച്ചു. എന്നാൽ, കേസുകളിലൊന്നും പെടാതിരുന്ന ഖാൻ, 2015-ൽ 61-ാമത്തെ വയസ്സിൽ മരിച്ചു.