നിരന്തരം നുണ പ്രചരിപ്പിക്കുക, കഴിയുമെങ്കിൽ അതിനു ഔദ്യോഗിക ഭാഷ്യവും നൽകുക. ഇതൊരു ഫാഷിസ്റ്റ് രീതിയാണ്. നമ്മുടെ ബ്രാഹ്മണിക്കൽ ഫാഷിസ്റ്റുകളും ഒട്ടും പിറകിലല്ല.. എനിക്കു ക്രിക്കറ്റിനോടു ഒരു താൽപര്യവുമില്ല. കളി പാക്കിസ്ഥാൻകാരുടെതായാലും ശ്രീലങ്കകാരുടെതായാലും നമ്മുടെ നാട്ടുകാരുടേതായാലും എന്നിൽ ഒരു മാറ്റവും വരുത്തില്ല. ആരു ജയിച്ചാലും തോറ്റാലും ഒരു നിലയ്ക്കും എന്നെ ബാധിക്കില്ല. ക്രിക്കറ്റ് ടീമിനു ജയ് വിളിച്ചു രാജ്യ സ്‌നേഹം തെളിയിക്കുവാൻ തൽക്കാലം ഉദ്ദേശിക്കുന്നുമില്ല ( ന്നാലും നമ്മുടെ രാജ്യക്കാർ ജയിച്ചാൽ മനസ്സിൽ ഒരു കുളിര് വരും). വിഷയമതല്ല, ഈ കളി രാജ്യത്തെ ഒരു പ്രബല ജനവിഭാഗത്തിന്റെ ജീവിതത്തെ ഇരുളടക്കുന്നതിനായി എത്ര സമർത്ഥമായാണ് സംഘികൾ ഉപയോഗിക്കുന്നത് എന്നത് നാം കാണാതെ പോയിക്കൂട.

പത്രങ്ങളും സോഷ്യൽ മീഡിയയും ചാനലുകളുമൊക്കെ കാസർഗോഡ് ബദിയഡുക്ക പൊലീസ് രജിസ്റ്റർ ചെയ്ത ഒരു കേസിനു പിന്നാലെയാണ്. വസ്തുത എന്താണെന്നു പോലും അന്വേഷിക്കാതെ മുസ്ലിം ചെറുപ്പക്കാരെ കുറ്റക്കാരും രാജ്യ ദ്രോഹികളുമാക്കി നിരവധി പോസ്റ്റുകളാണ് വന്നു തുടങ്ങിയത്. നിർഭാഗ്യമെന്നു പറയട്ടെ മുസ്ലിം പക്ഷത്ത് നിൽക്കുന്നവർ പോലും സംഘി കെണിയിൽ വീണു, എന്തിനു നമ്മുടെ പൊലീസിനെയും കെണി വെച്ചു വീഴ്‌ത്തുവാൻ അവർക്കായി.

കാസർഗോഡ് ജില്ലയിലെ കുംബഡാജെ പഞ്ചായത്തിലെ ചക്കൂടൽ പ്രദേശം വ്യത്യസ്ഥ സമുദായങ്ങൾ ഇടകലർന്നു താമസിക്കുന്ന പ്രദേശമാണ്. ആ പ്രദേശത്തെ 23 പേർക്കെതിരെയാണ് ബദിയഡുക്ക ക്രൈം നമ്പർ 306/2017 ആയി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ( മൂന്നു പേരുടെ പേരുണ്ട് എഫ് ഐ ആറിൽ, പേരു കൊണ്ടു അവർ മുസ്ലിം സമുദായത്തിൽ പെട്ടവരാണെന്നു നമുക്കു തിരിച്ചറിയാം ).
കേസിനു അടിസ്ഥാനം കുംബഡ്‌ജെ പഞ്ചായത്ത് ബിജെപി കമ്മിറ്റിയുടെ പ്രസിഡന്റ് ശ്രീ രാജേഷ് ഷെട്ടിയുടെ രേഖാമൂലമുള്ള പരാതിയും

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 143 , 147, 286 , 153 r/w 149 എന്നീ വകുപ്പകൾപ്രകാരമാണ് കേസ് പരാതിയിൽ ക്രിക്കറ്റ് കളിയിൽ പാക്കിസ്ഥാൻ ജയിച്ച ദിവസം അവർ പടക്കം പൊട്ടിച്ചു വിജയം ആഘോഷിച്ചുവെന്നും പാക് അനുകൂല മുദ്രാവാക്യവും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യവും വിളിച്ചുമെന്നുമാണ്. ഇനിയാണ് സംഭവത്തിലെ ട്വിസ്റ്റ്.

പരാതിക്കാരനായ രാജേഷ് ഷെട്ടി സംഭവം നേരിട്ടു കണ്ടിട്ടില്ല. പാക്കിസ്ഥാൻ സിന്ദാബാദ് എന്നോ ഇന്ത്യാ മൂർദ്ധാബാദ് എന്നോ വിളിക്കുന്നത് കേട്ടിട്ടില്ല,, പൊലീസ് പ്രാഥമിക അന്വേഷണത്തിലും ചക്കൂടൽ പ്രദേശത്തുള്ള ആരും അത്തരം മുദ്രാ വാക്യം വിളിക്കുന്നതായി കേട്ടിട്ടില്ല, പിന്നെ പടക്കം പൊട്ടിച്ചതിന്റെ ഒരടയാളവും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുവാൻ ഇതുവരെ സാധിച്ചിട്ടില്ല.

ഇങ്ങിനെ , തീർത്തും കേട്ടു കേൾവിയുടെ അടിസ്ഥാനത്തിൽ സംഘി ബോധപൂർവ്വം മുസ്ലിം അപരനിർമ്മിതിയുടെ വേഗത വർദ്ധിപ്പിക്കുവാൻ നൽകിയ പരാതിയെയാണ് നാം പാക് അനുകൂല മുദ്രാ വാക്യം വിളിയായി കൊണ്ടാടുന്നത്. പൊലീസിന്റെ മൗനം വാർത്തകൾക്കു ഹരം പകരും. വ്യാജ പരാതി നൽകി പൊലീസിനെ വഴി തെറ്റിക്കുന്നവരെ പിടിച്ചു പൂട്ടിടുവാനും ഇന്ത്യൻ ശിക്ഷാ നിയമത്തിൽ വകുപ്പുണ്ട്.. നുണ പ്രചാരകർ സൂക്ഷിക്കു...

പിൻകുറിപ്പ് : ചക്കൂടൽ എന്ന ദിക്കിൽ നിന്നും 13 കിലോമീറ്റർ മാറിയാണ് രാജേഷ് ഷെട്ടി താമസിക്കുന്നത്. ചക്കൂടൽ പ്രദേശത്തുകാരിൽ എല്ലാ പാർട്ടിക്കാരും സമുദായക്കാരുമുണ്ട്, അവരാരും ഇത്തരം ഒരു സംഭവം നടന്നതായി അറിഞ്ഞിട്ടില്ലാന്ന്!.