കറാച്ചി: ലോകവ്യാപകമായി സിനിമാ ലോകത്ത് നടിമാർ തുറന്നു പറച്ചിലുകൾ നടത്തുന്ന സമയാണ്. ലൈംഗിക അതിക്രമങ്ങളെ ചെറുക്കാൻ വേണ്ടിയാണ് ഇത്തരം തുറന്നു പറച്ചിലുകൾ ഇവർ നടത്തുന്നത്. ഇത്തരമൊരു തുറന്നു പറച്ചിലുമായി രംഗത്തെത്തിയിരിക്കയാണ് പാക്കിസ്ഥാനി നടി നദിയ ജമീൽ. പുരുഷന്മാരുടെ കപട സദാചാര ബോധത്തിന് എതിരെയാണ് നദിയ ജമീൽ രംഗത്തെത്തിയത്.

കുട്ടിക്കാലത്ത് ഡ്രൈവറായിരുന്നു ആദ്യം തന്റെ ശരീരത്തിൽ കൈവച്ചതെന്ന് തുറന്നു പറഞ്ഞു കൊണ്ടാണ് നദിയ രംഗത്തെത്തിയത്. പിന്നീട് സ്വാധീനമുള്ള ഒരു കുടുംബത്തിലെ അംഗം. അയാൾ ഇന്ന് വിവാഹം കഴിച്ച് ലണ്ടനിൽ സന്തോഷവാനായി ജീവിക്കുന്നു. ഞാൻ ഇപ്പോഴും ഒന്നും പുറത്തുപറയരുതെന്നാണ് എന്റെ കുടുംബം പറയുന്നത്. ഞാൻ എന്തിനു നാണം കെടണം-നദിയ ചോദിക്കുന്നു. ഞാനല്ല നാണിക്കേണ്ടത്. ഒരിക്കലുമൊരിക്കലും ഞാൻ നാണിക്കേണ്ടതില്ല- ഉറപ്പിച്ചു തന്നെ നദിയ പറയുന്നു. പാക്കിസ്ഥാനിൽ കഴിഞ്ഞദിവസം ഒരു ബാലിക കൂടി ആക്രമണത്തിനിരയായതോടെ നവമാധ്യമങ്ങളിൽ എതിർപ്പ് ഉയർന്നിരുന്നു. ഇതിനെത്തുടർന്നാണ് ശക്തമായ ട്വിറ്റർ സന്ദേശവുമായി പാക്ക് നടി നദിയ ജമീൽ രംഗത്തെത്തിയത്.

ആദ്യത്തെ രണ്ടു ട്വിറ്റർ സന്ദേശങ്ങളിൽ താനനുഭവിച്ച ക്രൂരമായ അനുഭവങ്ങളാണു നദിയ തുറന്നുപറഞ്ഞതെങ്കിൽ മൂന്നാമത്തെ സന്ദേശത്തിൽ സമൂഹത്തിന്റെ ഇരട്ടത്താപ്പിനെ അവർ തുറന്നുകാട്ടുന്നു. മാനഭംഗം അവസാനിപ്പിക്കണം എന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്. എങ്കിൽ സ്ത്രീശരീരത്തിന്റെ ഉടമകൾ തങ്ങളാണെന്നു പുരുഷന്മാരെ പഠിപ്പിക്കുന്നത് നിർത്തുക. ആഗ്രഹിക്കുന്ന ആരുമായും ലൈംഗിക ബന്ധം പുലർത്താമെന്നാണ് പല പുരുഷന്മാരുടെയും ധാരണ. അതവരുടെ അവകാശമാണെന്നും അവർ വിചാരിക്കുന്നു. ഈ അവകാശബോധം കുട്ടിക്കാലം മുതലേ ആൺകുട്ടികളെ പഠിപ്പിക്കുന്നു. ജന്മനാ ഇത്തരം അറിവുമായി ആരും ജനിക്കുന്നില്ല. സ്ത്രീശരീരത്തെക്കുറിച്ചുള്ള ഉടമാബോധം ആൺകുട്ടികളെ പഠിപ്പിക്കുന്നതു നമ്മുടെ സമൂഹം തന്നെയാണ്. ഈ ചീത്ത പാഠവും പഠനവും നിർത്തൂ. ശരിയായതു കുട്ടികളെ പഠിപ്പിക്കൂ- നദിയ ആവശ്യപ്പെടുന്നു.

മാനഭംഗത്തിനിരയാകുന്ന വ്യക്തിക്ക് അനവധി ശാരീരിക, മാനസിക ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകേണ്ടിവരുന്നു. സംഭവം പുറത്തറിഞ്ഞാലുള്ള അപമാനം മറുവശത്ത്. ഈ നിശ്ശബ്ദതയിൽ കുറ്റവാളികൾ രക്ഷപ്പെടുന്നു. കുറ്റം ആവർത്തിക്കപ്പെടുന്നു. ''ആദ്യം ലൈംഗിക പീഡനത്തിനു വിധേയയാകുമ്പോൾ എനിക്കു നാലുവയസ്സു മാത്രം. കോളജിലെത്തിയപ്പോഴേക്കും എനിക്കെതിരായ ആക്രമണം എല്ലാ പരിധിയും വിട്ടു. പക്ഷേ ഒന്നും പുറത്തുപറയരുതെന്ന് എന്നോട് നിരന്തരം ആവശ്യപ്പെട്ടു. പറഞ്ഞാൽ തകരുന്നത് എന്റെ കുടുംബത്തിന്റെ അഭിമാനം. കുടുംബത്തിന്റെ അഭിമാനം എന്റെ ശരീരത്തിലാണോ കെട്ടിവച്ചിരിക്കുന്നത്. ഞാൻ അഭിമാനിയായ, സ്നേഹമുള്ള, ഇന്നും ശക്തയായി ജീവിക്കുന്ന ഒരു യുവതിയാണ്. എനിക്കൊരു നാണക്കേടുമില്ല. എന്റെ കുട്ടികൾക്കുമില്ല നാണക്കേട്. ഞാൻതന്നെയായിരിക്കുന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു'' - നദിയ പറയുന്നു.