ഇസ്ലാമാബാദ്: അമേരിക്കയെ വകവയ്ക്കുന്നില്ലെന്ന് കാണിക്കാനായി പണിപ്പെട്ട് പാക്കിസ്ഥാൻ. മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരൻ ഹാഫിസ് സയീദിനെതിരെ നടപടികൾ തുടങ്ങിയെന്ന് പുറംലോകത്ത് അറിയിക്കാൻ പെടാപ്പാട് പെടുകയാണ് പാക്കിസ്ഥാൻ. ഭീകരർക്ക് ഒത്താശ ചെയ്യുന്നു എന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ട്രംപ് തന്നെ പാക്കിസ്ഥാനുള്ള ധനസഹായം നിർത്തലാക്കുന്നതായി പ്ര്ഖ്യാപിച്ചത് വലിയ ക്ഷീണമാണ് പാക്കിസ്ഥാന് ആഗോളതലത്തിൽ ഉണ്ടാക്കിയത്.

അതിനെ മറികടക്കാൻ ഇന്ത്യയുടെ സമ്മർദ്ദത്താലാണ് യുഎസ് ഇത്തരമൊരു നടപടി പ്രഖ്യാപിച്ചതെന്ന് വരുത്താനും ചൈനയുണ്ട് സഹായത്തിന് എന്ന് പ്രഖ്യാപിക്കാനും ശ്രമിക്കുകയാണ് പാക്കിസ്ഥാൻ.

ഹാഫിസ് സയിദിന് എതിരെ നടപടികൾ തുടങ്ങിയെന്ന് പ്രഖ്യാപിക്കുമ്പോൾ തന്നെ തങ്ങൾ ഒരു വിട്ടുവീഴ്ചയും ചെയ്യുന്നില്ലെന്ന് പാക്കിസ്ഥാനികളെ വിശ്വസിപ്പിക്കാനും ശ്രമം നടക്കുന്നു. ഇതിന്റെ ഭാഗമായി ഹാഫീസ് സയിദുമായി വേദിപങ്കിട്ടതിനെ തുടർന്ന് തിരിച്ചുവിളിച്ച സ്ഥാനപതിയെ ഫലസ്തീൻ തിരികെ നിയമിച്ചതായി പാക്കിസ്ഥാൻ മാധ്യമം ഇപ്പോൾ വാർത്ത പുറത്തുവിട്ടിരിക്കുകയാണ്.

പാക്കിസ്ഥാനിലെ ഫലസ്തീൻ സ്ഥാനപതി വാലിദ് അബു അലിയെ തിരികെ നിയമിച്ചതായി ജിയോ ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. പാക്കിസ്ഥാൻ ഉലേമ കൗൺസിൽ (പിയുസി) ചെയർമാൻ മൗലാന താഹിർ അഷ്‌റഫിയെ ഉദ്ദരിച്ചാണ് ജിയോ ന്യൂസ് വാർത്ത പുറത്തുവിട്ടത്.

വിഷയത്തിൽ ഉലേമ കൗൺസിൽ ഇടപെട്ടതിനെ തുടർന്നാണ് അലിയെ ഫലസ്തീൻ പ്രസിഡന്റ് മുഹമ്മദ് അബ്ബാസ് തിരികെ നിയമിച്ചതെന്ന് അഷ്‌റഫി അവകാശപ്പെട്ടു. വരുന്ന ബുധനാഴ്ച അലി പാക്കിസ്ഥാനിലെത്തി ചുമതല ഏൽക്കുമെന്നും അദ്ദേഹം ജിയോ ന്യൂസിനോട് പറഞ്ഞു.കഴിഞ്ഞ ദിവസം റാവൽപിണ്ടിയിൽ നടന്ന റാലിയിൽ ഹാഫീസ് സയിദുമായി വേദി പങ്കിട്ടതിനെ തുടർന്നാണ് സ്ഥാനപതിയെ ഫലസ്തീൻ മടക്കിവിളിച്ചത്.

സംഭവത്തിൽ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു ഇതേ തുടർന്നായിരുന്നു നടപടി. എന്നാൽ ഇതിൽ പുനഃപരിശോധന നടത്തിയെന്ന് വരുത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ പാക് അധികൃതർ.