ഇസ്ലാമാബാദ് : ഈശ്വരന് പോലും കണ്ണ് നിറയുന്ന ദുരിതമാണ് അതേ ഈശ്വരന്റെ പേരിൽ ഈ വനിത അനുഭവിച്ചത്. അതും ഒന്നും രണ്ടു മല്ല എട്ട് വർഷം. കഴിഞ്ഞ എട്ട് വർഷമായി വധശിക്ഷ കാത്ത് നാളുകളെണ്ണി കഴിയുകയായിരുന്നു പാക്കിസ്ഥാനിലെ ക്രിസ്തീയ വിശാസികൂടിയായ ആസിയ ബീവി. എന്നാൽ കഴിഞ്ഞ ദിവസം ആസിയയെ മോചിപ്പിക്കാൻ പാക്ക് സുപ്രിം കോടതി വിധിച്ചപ്പോൾ അത് ദൈവത്തിന്റെ കൈയോപ്പുള്ള ഒന്നായി മാറി.

പക്ഷേ വിധി വന്നതിന് പിന്നാലെ പാക്കിസ്ഥാനിലെ മുഖ്യ നഗരങ്ങളിൽ തീവ്രവാദ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുകയും പലയിടത്തും ചെറിയ തോതിൽ കലാപ തുല്യമായ അന്തരീക്ഷം ഉടലെടുക്കുകയും ചെയ്തിരുന്നു. മാത്രമല്ല ആസിയയെ മോചിപ്പിക്കാൻ വിധി പ്രസ്താവിച്ച ചീഫ് ജസ്റ്റിസ് സഖിബ് നിസാർ അടക്കമുള്ള ജഡ്ജിമാർക്ക് നേരെ വധഭീഷണിയുമുണ്ട്.

2009ലാണ് ആസിയ അറസ്റ്റിലാകുന്നത്. സമീപവാസികളായ സ്ത്രീകളുമായി സംസാരിക്കുന്നതിനിടെ ഇസ്ലാം മതത്തെ നിന്ദിക്കുന്ന തരത്തിൽ ഇവർ സംസാരിച്ചു എന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. ഒരു കപ്പ് കുടിവെള്ളം ചോദിച്ചതിന്റെ പേരിലുള്ള സംസാരത്തിനിടെയാണ് ആസിയ ക്രിസ്തുവിനെ പറ്റി പറഞ്ഞത്. ഇതിന് പിന്നാലെ മുസ്ലിം വിഭാഗത്തിൽപെട്ട സ്ത്രീകളുമായി തർക്കമുണ്ടായി. ഇതാണ് ആസിയയെ മനസ് കൊണ്ടു പോലും വിചാരിക്കാത്ത ആരോപണങ്ങളിലേക്കും കുറ്റത്തിലേക്കും കൊണ്ടു ചെന്നെത്തിച്ചത്.

2010ൽ ആസിയായെ പാക്ക് കോടതി മതനിന്ദാ നിയമപ്രകാരം കുറ്റക്കാരിയാണെന്ന് വിധിച്ചു. വിധി വന്നയന്ന് മുതൽ ഏകാന്ത തടവിൽ കഴിയുകയാണ് ഇവർ. ആസിയയ്ക്ക് നാലു കുട്ടികളുമുണ്ട്. 1980 കാലയളവിൽ പാക്ക് മുൻ സൈനിക ഏകാധിപതിയായിരുന്ന സിയാവുൾ ഹഖാണ് മതനിന്ദാനിയമം കൊണ്ടു വന്നത്. വധശിക്ഷ നൽകണമെന്നാണ് ഈ നിയമം പറയുന്നത്. ആളുകൾ തമ്മിൽ വ്യക്തിപരമായ വിദ്വേഷം തർക്കാനായി വേണ്ടത്ര തെളിവോ രേഖയോ ഇല്ലാതെ ഈ നിയമം ഇവിടെ പരക്കേ ഉപയോഗിക്കുന്നുവെന്നും മുൻപ് പരാതി ഉയർന്നിരുന്നു.

സത്യത്തിൽ താൻ നിരപരാധിയാണെന്നും തന്നെ കള്ളക്കേസിൽ ഉൾപ്പെടുത്തിയതാണെന്നും ആസിയ തുടക്കം മുതൽ പറഞ്ഞിരുന്നു. മതനിന്ദാനിയമത്തിനെതിരെ വാദിക്കുകയും ആസിയയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന്റെ പേരിൽ ലഹോർ പ്രവിശ്യാ ഗവർണർ സൽമാൻ തസീർ, മുൻന്യൂനപക്ഷ വകുപ്പു മന്ത്രി ഷഹ്ബാസ് ഭട്ടി എന്നിവരെ തീവ്രവാദികൾ മുൻപു വധിച്ചിരുന്നു.

മതനിന്ദാനിയമത്തെ പിന്തുണച്ചു രൂപീകരിക്കപ്പെട്ട ടിഎൽപി പാർട്ടി ഇന്നലെ സുപ്രീംകോടതി വിധിക്കു പിന്നാലെ രാജ്യത്തു വൻ പ്രതിഷേധം സംഘടിപ്പിച്ചു. വിധി പ്രസ്താവിച്ച ജഡ്ജിമാർക്കു ടിഎൽപി മുഖ്യരക്ഷാധികാരി മുഹമ്മദ് അഫ്‌സൽഖദ്രി മരണശിക്ഷ പ്രഖ്യാപിച്ചതായി പാർട്ടി വക്താവ് പറഞ്ഞു.