ന്യൂഡൽഹി: ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഉത്സവ സീസണിൽ ഉഗ്രബോംബ് സ്‌ഫോടനങ്ങൾ നടത്തി വൻ ആൾനാശം വിതയ്ക്കാനാണ് പിടിയിലായ ഭീകരർ ആസൂത്രണങ്ങൾ നടത്തിയതെന്നു റിപ്പോർട്ട്. പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ നിർദ്ദേശങ്ങൾക്കനുസരിച്ചായിരുന്നു ഭീകരർ നീക്കങ്ങൾ നടത്തിയത്.

ചൊവ്വാഴ്ച മുംബൈ, ലക്‌നൗ, പ്രയാഗ്‌രാജ്, റായ്ബറേലി, പ്രതാപ്ഗഡ് എന്നിവിടങ്ങളിലെല്ലാം ഒരുമിച്ച് വ്യത്യസ്ത സംഘങ്ങൾ നടത്തിയ പരിശോധനയിലാണ് ആറ് ഭീകരരെ പിടികൂടിയത്. ഡൽഹി പൊലീസ് സ്‌പെഷൽ സെൽ നടത്തിയ നീക്കത്തിനൊടുവിലാണ് ഇവർ പിടിയിലായത്.

പിടിയിലായവരിൽ രണ്ടു പേർ പാക്കിസ്ഥാനിൽ പരിശീലനം കഴിഞ്ഞെത്തിയവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. വിവിധ ഏജൻസികളിൽനിന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ ഭീകരർക്കായി തിരച്ചിൽ നടത്തിയത്.

ചൊവ്വാഴ്ച രാവിലെ രാജസ്ഥാനിലെ കോട്ടയിൽനിന്ന് ഒരു ഭീകരനെ പിടികൂടി. ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേനയുടെ സഹകരണത്തോടെ മൂന്ന് പേരെ കണ്ടെത്തി. മറ്റു രണ്ടു പേരെ ഡൽഹിയിൽനിന്നും അറസ്റ്റ് ചെയ്തതായി സ്‌പെഷൽ സെൽ ഉന്നത ഉദ്യോഗസ്ഥൻ നീരജ് താക്കൂർ പ്രതികരിച്ചു.

 

മുംബൈ സ്വദേശി ജാൻ മുഹമ്മദ് ഷെയ്ഖ് (47), ഡൽഹി സ്വദേശി ഒസാമ(22), റായ്ബറേലിയിൽനിന്നുള്ള മൂൽചന്ദ് (47), പ്രയാഗ്‌രാജിൽനിന്നുള്ള സീഷാൻ കമർ (28), ബറൈച്ച് സ്വദേശി മുഹമ്മദ് അബൂബക്കർ (23), ലക്‌നൗ സ്വദേശി മുഹമ്മദ് അമീർ ജാവേദ് (31) എന്നിവരാണു പിടിയിലായത്. ഇവരുടെ പക്കൽനിന്നും രണ്ട് ഗ്രനേഡുകൾ, സ്‌ഫോടക വസ്തുക്കൾ, ഒരു കിലോ ആർഡിഎക്‌സ്, ഇറ്റാലിയൻ നിർമ്മിത തോക്ക് എന്നിവ പിടിച്ചെടുത്തു.

ഭീകരരെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. ഒസാമ, കമർ എന്നിവർ മസ്‌കറ്റിൽനിന്ന് ബോട്ട് വഴി പാക്കിസ്ഥാനിലെത്തി പരിശീലനം നേടിയെന്നാണു അന്വേഷണ സംഘത്തിൽനിന്നു ലഭിക്കുന്ന വിവരം. പാക്കിസ്ഥാനിലെ ഫാം ഹൗസിൽ 15 ദിവസം താമസിച്ച ഭീകരർ ആയുധ പരിശീലനവും നടത്തി. പാക്ക് പിന്തുണയുള്ള ഭീകരർ രാജ്യത്ത് സ്‌ഫോടനം നടത്താൻ ശ്രമിക്കുന്നെന്ന വിവരമാണു അന്വേഷണ സംഘത്തിന് ലഭിച്ചത്.

പിടിയിലായവരിൽ ഷെയ്ഖ്, മൂൽചന്ദ് എന്നിവർ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ നിർദ്ദേശങ്ങൾക്കനുസരിച്ചാണു പ്രവർത്തിച്ചിരുന്നത്. ആയുധക്കടത്ത്, ഹവാല ഇടപാടിലൂടെ പണം കണ്ടെത്തൽ എന്നിവ കൈകാര്യം ചെയ്തത് ഇവരായിരുന്നു. പാക്കിസ്ഥാനിൽ പരിശീലനം ലഭിച്ച രണ്ടു പേർക്കാണു സ്‌ഫോടക വസ്തുക്കൾ സ്ഥാപിക്കാനുള്ള ചുമതല ലഭിച്ചത്. സംഘത്തിലെ മറ്റുള്ളവരെയും തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.

നവരാത്രി, രാംലീല ഉത്സവാഘോഷദിനങ്ങളിൽ മുംബൈ, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നു. ഉത്തർപ്രദേശിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചും പ്രത്യേക ആക്രമണപദ്ധതി നടന്നതായും പറയുന്നു. ഇവിടുത്തെ രാഷ്ട്രീയ റാലികൾക്ക് നേരെ ബോംബ്‌സ്‌ഫോടനം നടത്താനും ലക്ഷ്യമിട്ടിരുന്നു.

ഐഎസ്‌ഐ തയ്യാറാക്കിയ ഗൂഢപദ്ധതി നടപ്പാക്കാൻ ശ്രമിച്ച സംഘമാണ് പിടിയിലായത്. ആർഡിഎക്സ് ഘടപ്പിച്ച നിയന്ത്രിത സ്ഫോടനത്തിനുള്ള ഉപകരണങ്ങൾ (ഐഇഡി) കണ്ടെത്തിട്ടുണ്ട്.ഇവരിൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. ഡൽഹിയിലും മുംബൈയിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും വിവരങ്ങളുണ്ട്.