ഇസ്ലാമബാദ്: സാമ്പത്തികമായി ഞരക്കത്തിലൂടെ കടന്ന് പോകുന്ന സമയത്ത് പാക്കിസ്ഥാനെ ലോകത്തിന് മുൻപിൽ നാണം കെടുത്തുന്നത് വെറുമൊരു പഴ്‌സ് മോഷണം. എന്നാൽ സംഗതി ആര് ആരുടെ പഴ്‌സ് മോഷ്ടിച്ചു എന്നതാണ് ഏറെ കൗതുകകരമായ കാര്യം. പാക്കിസ്ഥാനിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് സർക്കാരിനെ നാണക്കേടിലാക്കി പഴ്‌സ് മോഷണം നടത്തിയത്. നിക്ഷേപ പദ്ധതി ചർച്ചയാക്കായി പാക്കിസ്ഥാനിലെത്തിയ കുവൈത്ത് പ്രതിനിധി സംഘാംഗത്തിന്റെ പഴ്‌സ് പാക് ഉദ്യോഗസ്ഥൻ മോഷ്ടിക്കുന്ന ദൃശ്യം ക്യാമറയിൽ പതിഞ്ഞതോടെയാണ് വിവാദത്തിന് തിരി കൊളുത്തിയത്.

പാക് മാധ്യമം ഡോൺ ആണ് ഇതുസംബന്ധിച്ച വാർത്തയും വീഡിയോയും പുറത്തുവിട്ടത്. പാക് ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയ്ക്ക് ശേഷം കുവൈത്ത് സംഘത്തിലെ ഒരു പ്രതിനിധി തന്റെ പഴ്‌സ് മേശപ്പുറത്ത് മറന്നുവച്ച് പുറത്തുപോയി. ഈ പഴ്‌സ് പാക്കിസ്ഥാനിലെ മുതിർന്ന ഉദ്യോഗസ്ഥൻ എടുത്ത് തന്റെ പോക്കറ്റിലാക്കുന്നതാണ് ആറു സെക്കൻഡുള്ള വീഡിയോയിലുള്ളത്.ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലയാതോടെ നാണക്കേടിലാണ് പാക് അധികൃതർ. മുതിർന്ന ഉദ്യോഗസ്ഥനെതിരെ കുവൈത്ത് പ്രതിനിധി പരാതി നൽകിയിട്ടുണ്ട്.

കുവൈത്ത് ഉദ്യോഗസ്ഥന്റെ പഴ്‌സ് കാണാതായതിനെ തുടർന്ന് മന്ത്രാലയത്തിലെ എല്ലാ മുറികളിലും അധികൃതർ തിരച്ചിൽ നടത്തിയിരുന്നു. ഏതാനും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയുമുണ്ടായി.തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പഴ്‌സ് മോഷ്ടിച്ചത് മുതിർന്ന ഉദ്യോഗസ്ഥാനാണെന്ന് കണ്ടെത്തിയത്. ഈ ഉദ്യോഗസ്ഥൻ മോഷണം ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് അധികൃതരെ പഴ്‌സ് തിരിച്ചേൽപ്പിക്കുകയും ചെയ്തുവെന്ന് ഡോൺ റിപ്പോർട്ട് ചെയ്തു. ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്ന് പാക് സർക്കാർ കുവൈത്തിന് ഉറപ്പു നൽകിയിട്ടുണ്ട്.